യുക്രെയ്ന്‍ ഷോപ്പിംഗ് മോളിലെ റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ 2 കുട്ടികളടക്കം 13 പേര്‍ കൊല്ലപ്പെട്ടു; 75 പേര്‍ക്ക് പരിക്ക്
ഡ്രോണ്‍ പതിച്ചതിനെ തുടര്‍ന്ന് വലിയ തീപിടിത്തമുണ്ടായി.
യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലെന്‍സ്‌കിയുടെ ജന്മസ്ഥലമായ ക്രിവി റിഹിലാണ് റഷ്യന്‍ ഡ്രോണ്‍ ആക്രമണമുണ്ടായത്.
യുക്രെയിനിലെ റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. 121 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ 22 പേര്‍ കുട്ടികളാണ്. 75 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു ഷോപ്പിങ് സെന്ററിന് നേരെ ആക്രമണം. ഡ്രോണ്‍ പതിച്ചതിനെ തുടര്‍ന്ന് വലിയ തീപിടിത്തമുണ്ടായി. ഏകദേശം അരമണിക്കൂറിന് ശേഷം അതേ സ്ഥലത്ത് മറ്റൊരു ഡ്രോണ്‍ പതിച്ചു.
യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലെന്‍സ്‌കിയുടെ ജന്മസ്ഥലമായ ക്രിവി റിഹിലാണ് റഷ്യന്‍ ഡ്രോണ്‍ ആക്രമണമുണ്ടായത്. നഗരത്തിന് നേരെയുണ്ടായ തുടര്‍ ആക്രമണങ്ങള്‍ക്കിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും ഡ്രോണുകള്‍ എത്തിയത്.
വെള്ളിയാഴ്ച യുക്രെയ്നിലെ വിവിധ മേഖലകളിലുണ്ടായ റഷ്യന്‍ ആക്രമണങ്ങളില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഖാര്‍കിവ് മേഖലയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് വയോധികരും മൈക്കോളൈവ് മേഖലയിലുണ്ടായ ആക്രമണത്തില്‍ മൂന്ന് കുട്ടികളടക്കം നാല് പേരും കൊല്ലപ്പെട്ടു.
അതേസമയം, റഷ്യയിലെ ബെല്‍ഗൊറോഡ് മേഖലയില്‍ യുക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സാധാരണക്കാരുടെ അടിസ്ഥാനസൗകര്യങ്ങളും താമസകെട്ടിടങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. റഷ്യയിലെ സമാറ മേഖലയില്‍ നടന്ന മറ്റൊരു യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.