ഇസ്രയേൽ പ്രധാനമന്ത്രിക്കും മുൻ പ്രതിരോധ മന്ത്രിക്കും എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

 

അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ (ഐസിസി) ജഡ്ജിമാർ ഇസ്രയേൽ പ്രധാനമന്ത്രിക്കും മുൻ പ്രതിരോധ മന്ത്രിക്കും ഹമാസിൻ്റെ സൈനിക മേധാവിക്കും എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

കോടതിയുടെ അധികാരപരിധിയോടുള്ള ഇസ്രയേലിൻ്റെ വെല്ലുവിളികളെ ഒരു പ്രീ-ട്രയൽ ചേംബർ നിരാകരിച്ചതായും ബെഞ്ചമിൻ നെതന്യാഹുവിനും യോവ് ഗാലൻ്റിനും എതിരെ വാറണ്ട് പുറപ്പെടുവിച്ചതായുമാണ് റിപ്പോർട്ട്. ജൂലൈയിൽ ഗാസയിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി പറഞ്ഞെങ്കിലും മുഹമ്മദ് ഡീഫിനെതിരെയും ഇസ്രയേൽ സൈന്യം വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ, യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും ഈ മൂന്ന് പേർ “ക്രിമിനൽ ഉത്തരവാദിത്തം” വഹിച്ചുവെന്നതിന് ന്യായമായ കാരണങ്ങളുണ്ടെന്നാണ് ജഡ്ജിമാർ കണ്ടെത്തിയിരിക്കുന്നത്.

എന്നാൽ ഈ ആരോപണങ്ങളെ ഇസ്രയേലും ഹമാസും നിഷേധിച്ചെങ്കിലും കോടതി മുഖവിലക്കെടുത്തിട്ടില്ല. ഐക്യരാഷ്ട്രസഭയ്ക്ക് ഒരു പുല്ലുവില പോലും കൽപ്പിക്കാത്ത ഇസ്രയേൽ, അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി കണ്ടറിയേണ്ടത്. ഗാസയിൽ ഇസ്രയേൽ നടത്തിയ സൈനിക നടപടിയിൽ 45,000 ത്തോളം പലസ്തീനികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്.