ട്രംപിന്റെ നിലപാടുകള്‍ക്ക് ഒപ്പം നില്‍ക്കാനാണോ ശ്രമം?'; അരഗ്ചിയെ കടന്നാക്രമിച്ച് ഇറാനിലെ മാധ്യമങ്ങള്‍

സുപ്രീം നാഷണല്‍ കൗണ്‍സില്‍ മേല്‍നോട്ടത്തില്‍ ആണ് കരാര്‍ എന്നാണ് അരഗ്ചിയുടെ മറുപടി.

 

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഇറാനെ കുറ്റപ്പെടുത്താന്‍ അവസരം നല്‍കി

ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയെ കടന്നാക്രമിച്ച് ഇറാനിലെ മാധ്യമങ്ങള്‍. യുഎസുമായുള്ള സമാധാന കരാര്‍ സംബന്ധിച്ച് അര്‍ത്ഥ വ്യക്തതയില്ലാത്ത പോസ്റ്റുകള്‍ കൊണ്ട് മാധ്യമങ്ങളെ കുറ്റപ്പെടുത്തി എന്നാണ് വിമര്‍ശനം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഇറാനെ കുറ്റപ്പെടുത്താന്‍ അവസരം നല്‍കി. ട്രംപിന്റെ നിലപാടുകള്‍ക്ക് ഒപ്പം നില്‍ക്കാനാണോ ശ്രമം എന്ന് ചോദ്യവും ഇറാനിലെ മാധ്യമങ്ങള്‍ ഉന്നയിക്കുന്നു. അതേസമയം സുപ്രീം നാഷണല്‍ കൗണ്‍സില്‍ മേല്‍നോട്ടത്തില്‍ ആണ് കരാര്‍ എന്നാണ് അരഗ്ചിയുടെ മറുപടി.

പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ അമേരിക്കയും ഇറാനും കരാറിലേക്ക് അടുക്കുകയാണെന്ന് സ്ഥിരീകരിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി രംഗത്തെത്തിയിരുന്നു. മുന്‍പൊരിക്കലും കരാറിന് ഇത്രയും തൊട്ടടുത്ത് എത്തിയിട്ടില്ലെന്ന് അരഗ്ചി സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു. ഇസ്ലാമാബാദിലുണ്ടായ ധാരണ അതിന്റെ പൂര്‍ത്തീകരണത്തോട് എക്കാലത്തെക്കാളും ഏറെ അടുത്തുനില്‍ക്കുകയാണ് എന്നാണ് അരഗ്ചി വ്യക്തമാക്കിയത്. ഇറാനിലെ ചില മാധ്യമങ്ങളില്‍ കരാറിന്റെ വിശദാംശങ്ങള്‍ എന്ന പേരില്‍ ചില വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു വിദേശകാര്യ മന്ത്രിയുടെ ഈ പ്രതികരണം. കരാര്‍ അന്തിമ രൂപത്തില്‍ ആകുന്നതുവരെ മാധ്യമങ്ങള്‍ ഇതിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇറാന് ഉത്തരവാദിത്തത്തോടെയുള്ള സുതാര്യമായ സമീപനമാണുള്ളതെന്നും കരാറിന്റെ എല്ലാ വിവരങ്ങളും യഥാസമയം പൊതുജനങ്ങളുമായി പങ്കുവെക്കുമെന്നും അരഗ്ചി കൂട്ടിച്ചേര്‍ത്തു.

പിന്നാലെ ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ എക്‌സ് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്നീട് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചു. എന്നാല്‍ ഇറാനിയന്‍ മാധ്യമങ്ങളില്‍ വന്ന കരാറിലെ വിശദാംശങ്ങള്‍ക്കെതിരെ ട്രംപ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്ക് ഇരുരാജ്യങ്ങളും തമ്മില്‍ ലിഖിതമായി അംഗീകരിച്ചിട്ടുള്ള വ്യവസ്ഥകളുമായി യാതൊരു ബന്ധവുമില്ലെന്ന് ട്രംപ് വ്യക്തമാക്കിരുന്നു.