ഭരണകൂട വിരുദ്ധ പ്രക്ഷോഭം ; പ്രതിഷേധക്കാർക്ക് വധശിക്ഷാ മുന്നറിയിപ്പുമായി ഇറാൻ
രണ്ടാഴ്ചയോടടുക്കുന്ന ഭരണകൂട വിരുദ്ധ പ്രക്ഷോഭം അടിച്ചമർത്തുന്നതിന്റെ ഭാഗമായി പ്രതിഷേധക്കാർക്ക് വധശിക്ഷാ മുന്നറിയിപ്പുമായി ഇറാൻ. പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ 'ദൈവനിന്ദ' കുറ്റം ചുമത്തുമെന്നും ഇതിന് വധശിക്ഷ നൽകുമെന്നുമാണ് ഇറാൻ അറ്റോർണി ജനറൽ മുഹമ്മദ് മൊവഹെദി ആസാദ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പ്രതിഷേധത്തിൽ നേരിട്ട് പങ്കെടുക്കുന്നവർ മാത്രമല്ല, പ്രതിഷേധക്കാർക്ക് സഹായം നൽകുന്നവരും കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കി. ഇവർക്കെതിരെ യാതൊരു ദയയുമില്ലാതെ വിചാരണ നടത്തി വധ ശിക്ഷ നടപ്പാക്കാൻ പ്രോസിക്യൂട്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ട് പ്രകാരം, പ്രക്ഷോഭത്തിനിടെ ഇതുവരെ 72 പേർ കൊല്ലപ്പെടുകയും 2,300-ലധികം പേർ തടവിലാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട വാർത്തകൾക്കാണ് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ പ്രാധാന്യം നൽകുന്നത്.
രാജ്യത്ത് ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും വിച്ഛേദിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ഫോൺ വിളികൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങൾ പുറംലോകം അറിയാതിരിക്കാൻ ഭരണകൂടം കർശന ജാഗ്രത പുലർത്തുന്നുണ്ടെങ്കിലും, ടെഹ്‌റാൻ അടക്കമുള്ള നഗരങ്ങളിൽ ആയിരങ്ങൾ തെരുവിലിറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്.