ബഹിരാകാശ പര്യവേക്ഷണങ്ങളിൽ അമേരിക്കക്ക് യൂറോപ്പിന്റെ സഹായം കൂടാതെ മുന്നോട്ട് പോകാനാവില്ല ; ജർമനി
ബർലിൻ : ബഹിരാകാശ പര്യവേക്ഷണങ്ങളിൽ അമേരിക്കക്ക് യൂറോപ്പിന്റെ സഹായം കൂടാതെ മുന്നോട്ട് പോകാനാവില്ലെന്ന് ജർമനി. നാസയുടെ ദൗത്യങ്ങളിൽ ജർമനിയും യൂറോപ്പും നൽകുന്ന സാങ്കേതികവിദ്യകൾ നിർണായകമാണെന്നും, അതിനാൽ തങ്ങളില്ലാതെ അമേരിക്കക്ക് ബഹിരാകാശ ദൗത്യങ്ങൾ പൂർത്തിയാക്കാനാവില്ലെന്നും ജർമൻ ബഹിരാകാശ മന്ത്രി ഡൊറോത്തി ബാർ പറഞ്ഞു. പാരിസിൽ നടന്ന ‘വിവടെക്’ ട്രേഡ് ഷോക്കിടെ ‘പൊളിറ്റിക്കോ’ക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
നാസയുടെ ചന്ദ്രദൗത്യങ്ങളിൽ ഉപയോഗിക്കുന്ന യൂറോപ്യൻ സർവിസ് മൊഡ്യൂൾ ഇതിന്റെ പ്രധാന ഉദാഹരണമായി മന്ത്രി ചൂണ്ടിക്കാട്ടി. ഈ മൊഡ്യൂൾ ഇല്ലെങ്കിൽ ചന്ദ്രനിലേക്ക് പറക്കാൻ അമേരിക്കക്ക് കഴിയില്ലെന്ന് അവർ വ്യക്തമാക്കി.
ഓറിയോൺ ബഹിരാകാശ പേടകത്തിന് ആവശ്യമായ ദിശാബോധം നൽകുന്ന സ്റ്റാർ ട്രാക്കറുകൾ നിർമിക്കുന്നത് ജർമ്മൻ കമ്പനിയായ ജെന-ഒപ്‌ട്രോണിക് ആണ്. പേടകത്തിന് വൈദ്യുതി, പ്രൊപ്പൽഷൻ, താപ നിയന്ത്രണം, വായു, വെള്ളം എന്നിവ നൽകുന്ന ‘പവർഹൗസ്’എന്നാണ് നാസ തന്നെ ഈ യൂറോപ്യൻ സർവീസ് മൊഡ്യൂളിനെ വിശേഷിപ്പിക്കുന്നത്. ജർമനിയിലെ ബ്രെമെൻ നഗരത്തിലാണ് ഈ മൊഡ്യൂൾ അസംബിൾ ചെയ്യുന്നത്.
ക്ലൗഡ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), മൈക്രോചിപ്പുകൾ തുടങ്ങിയ സാങ്കേതികവിദ്യകളിൽ അമേരിക്കൻ മേധാവിത്വത്തിനെതിരെ യൂറോപ്പ് കടുത്ത അതൃപ്തിയിലാണ്. അമേരിക്കൻ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് കുറക്കാൻ യൂറോപ്യൻ യൂനിയൻ പുതിയ 'ടെക് സോവറിന്റി' (സാങ്കേതിക പരമാധികാര) പാക്കേജ് അവതരിപ്പിച്ചിട്ടുണ്ട്.