അമേരിക്ക ഞങ്ങള്‍ക്ക് ക്ലാസ് എടുക്കേണ്ട'; റഷ്യ

'എങ്ങനെ മുന്നോട്ട് പോകണമെന്ന് അമേരിക്ക ഞങ്ങള്‍ക്ക് പഠിപ്പിച്ചുതരേണ്ടതില്ല.
 

ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ സന്ദര്‍ശനത്തെ വിമര്‍ശിച്ച അമേരിക്കയെ കുറ്റപ്പെടുത്തി റഷ്യ. അമേരിക്ക കാപട്യം കാണിക്കുകയാണ്. കാരണം, ലോക രാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ കൈമാറുന്നവരും കുഴപ്പങ്ങള്‍ വിതയ്ക്കുന്നവരുമാണ് അമേരിക്കയെന്നും റഷ്യ പറഞ്ഞു.

'എങ്ങനെ മുന്നോട്ട് പോകണമെന്ന് അമേരിക്ക ഞങ്ങള്‍ക്ക് പഠിപ്പിച്ചുതരേണ്ടതില്ല. അമേരിക്ക ഏഷ്യയില്‍ ഒരു സഖ്യം തന്നെ കെട്ടിപ്പടുത്തു, കൊറിയന്‍ ഉപദ്വീപിന് സമീപം സൈനിക അഭ്യാസങ്ങള്‍ വിപുലീകരിച്ചു, യുക്രെയ്‌നിന് കോടിക്കണക്കിന് ഡോളറിന്റെ ആയുധങ്ങള്‍ വിതരണം ചെയ്തു,' അമേരിക്കയിലെ റഷ്യന്‍ അംബാസഡര്‍ അനറ്റോലി അന്റനോവ് പ്രസ്താവനയില്‍ പറഞ്ഞു.

'വാഷിങ്ടണ്‍ അവരുടെ സാമ്പത്തിക ഉപരോധങ്ങള്‍ ചവറ്റുകുട്ടയിലേക്ക് വിലച്ചെറിയേണ്ട സമയമാണിത്. അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രിയപ്പെട്ട ഏകധ്രുവ ആധിപത്യം നിലനിര്‍ത്താനുളള ശ്രമം ഇനി സാധ്യമല്ല,' അനറ്റോലി അന്റനോവ് കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും കിമ്മിനും ഇടയില്‍ വളര്‍ന്നുവരുന്ന സൗഹൃദം അമേരിക്കക്കും സഖ്യരാജ്യങ്ങള്‍ക്കുമിടയില്‍ ആശങ്ക വളര്‍ത്തിയിട്ടുണ്ട്. കിം റഷ്യക്ക് ആയുധങ്ങള്‍ കൈമാറുമെന്ന് യുഎസ് ആരോപിച്ചിരുന്നു. ഉത്തരകൊറിയയുടെ ആണവമിസൈല്‍ഉപഗ്രഹ പദ്ധതികള്‍ക്കുള്ള റഷ്യന്‍ സഹകരണം അടക്കം പുടിന്‍കിം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി റിപ്പോര്‍ട്ടുണ്ട്. ആണവ അന്തര്‍വാഹിനികള്‍ ഉത്തരകൊറിയക്ക് നല്‍കുന്ന വിഷയത്തിലും ചര്‍ച്ച നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.