അമേരിക്കയിലെ നാഷണല്‍ സയന്‍സ് ബോര്‍ഡിലെ എല്ലാവരെയും പിരിച്ചുവിട്ടു

ഏകദേശം 9 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക ഫണ്ടിംഗ് തീരുമാനങ്ങളില്‍ ബോര്‍ഡിന് നിര്‍ണ്ണായക പങ്കുണ്ട്.

 

ശാസ്ത്ര സംബന്ധിയായ വിഷയങ്ങളില്‍ രാഷ്ട്രീയം കലര്‍ത്താനുള്ള നീക്കമാണിതെന്ന് ശാസ്ത്രലോകം വിമര്‍ശിക്കുന്നു.

യുഎസില്‍ നാഷണല്‍ സയന്‍സ് ബോര്‍ഡിലെ മുഴുവന്‍ അംഗങ്ങളെയും ഡോണള്‍ഡ് ട്രംപ് പിരിച്ചുവിട്ടു. അമേരിക്കയുടെ ശാസ്ത്ര-എഞ്ചിനീയറിംഗ് നയങ്ങളില്‍ പ്രസിഡന്റിനും യുഎസ് കോണ്‍ഗ്രസിനും ഉപദേശം നല്‍കുന്ന സ്വതന്ത്ര സമിതിയാണ് 1950-ല്‍ സ്ഥാപിതമായ ഈ ബോര്‍ഡ്. പുതിയ ഭരണകൂടത്തിന്റെ നയങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തി ബോര്‍ഡ് പുനഃസംഘടിപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കമെന്ന് കരുതുന്നു.

ശാസ്ത്ര സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ വിമര്‍ശിച്ചു. അമേരിക്കയിലെ പ്രശസ്ത ശാസ്ത്ര ഗവേഷണ ഏജന്‍സിയായ നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്റെ (NSF) മേല്‍നോട്ട ചുമതലയുള്ളതാണ് നാഷണല്‍ സയന്‍സ് ബോര്‍ഡ്. ഇതിലെ 20-ലധികം വരുന്ന ബോര്‍ഡ് അംഗങ്ങള്‍ക്ക് ഇന്നലെയാണ് പിരിച്ചുവിട്ടെന്ന അറിയിപ്പ് ലഭിച്ചത്. മുന്നറിയിപ്പില്ലാതെയായിരുന്നു നടപടി. സാധാരണ ശാസ്ത്രജ്ഞരും അക്കാദമിക് വിദഗ്ധരും ഉള്‍പ്പെടുന്ന ബോര്‍ഡിലെ 25-ഓളം അംഗങ്ങള്‍ക്ക് ആറ് വര്‍ഷത്തെ കാലാവധി ജോലിയില്‍ ലഭിക്കാറുണ്ട്.

ഏകദേശം 9 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക ഫണ്ടിംഗ് തീരുമാനങ്ങളില്‍ ബോര്‍ഡിന് നിര്‍ണ്ണായക പങ്കുണ്ട്. അതേസമയം ശാസ്ത്ര സംബന്ധിയായ വിഷയങ്ങളില്‍ രാഷ്ട്രീയം കലര്‍ത്താനുള്ള നീക്കമാണിതെന്ന് ശാസ്ത്രലോകം വിമര്‍ശിക്കുന്നു. ഗവേഷണങ്ങള്‍ക്കടക്കം നല്‍കിവരുന്ന ഫണ്ട് വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് മുന്‍ ബോര്‍ഡ് അംഗങ്ങള്‍ ആരോപിച്ചു.