ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്തത് എയര്‍ ഫ്രൈയര്‍, ലഭിച്ചത് ഭീമന്‍ പല്ലി !!
കൊളംബിയ: ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത സാധനം മാറി മറ്റു പലതും ലഭിച്ച സംഭവങ്ങള്‍ നിരവധി തവണ ഉണ്ടായിട്ടുണ്ട്. കൊളംബിയയിലെ ഒരു സ്ത്രീക്ക് ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത എയര്‍ ഫ്രൈയറിനു പകരം ലഭിച്ച സാധനം ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സോഫിയ സെറാനോ എന്ന കൊളംബിയന്‍ വനിത ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് ഒരു എയര്‍ ഫ്രൈയറാണ്. പാര്‍സലെത്തി, ബോക്‌സ് തുറന്നപ്പോള്‍ അവര്‍ ഞെട്ടിപ്പോയി. ഒരു ഭീമന്‍ പല്ലിയാണ് ബോക്‌സിലുണ്ടായിരുന്നത്. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് സോഫിയ തന്റെ അനുഭവം പങ്കുവെച്ചത്.
‘ആമസോണില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തത് എയര്‍ ഫ്രയര്‍, എത്തിയപ്പോള്‍ കൂടെ ഒരു കൂട്ടാളിയും’ ചിത്രം പങ്കുവെച്ച് സോഫിയ കുറിച്ചു. ഇത് ആമസോണിന്റെ ഭാഗത്ത് നിന്നുള്ള പിഴവാണോ അതോ കൊണ്ടുവന്നയാളുടെ പിഴവാണോ അറിയില്ലെന്നും അവര്‍ പറഞ്ഞു. സ്പാനിഷ് റോക്ക് ലിസാര്‍ഡ് ഇനത്തില്‍പ്പെട്ട പല്ലിയെയാണ് സോഫിയയ്ക്ക് ലഭിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.