ഉറങ്ങുന്നതിനിടെ മുഖത്ത് വവ്വാല്‍ വന്നിരുന്നു ; 11 കാരന്‍ പേവിഷബാധയേറ്റ് മരിച്ചു
സംഭവം നടന്ന് പത്തൊന്‍പത് ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മുഖത്തിന്റെ വലതുഭാഗത്ത് തരിപ്പും മരവിപ്പും അനുഭവപ്പെടാന്‍ തുടങ്ങി
കോട്ടേജില്‍ കുടുംബത്തോടൊപ്പം കഴിയുന്നതിനിടയിലാണ് കുട്ടിക്ക് വവ്വാലുമായി സമ്പര്‍ക്കമുണ്ടാകുന്നത്
ഉറങ്ങുന്നതിനിടെ മുഖത്ത് വവ്വാല്‍ വന്നിരുന്നു. 11കാരന്‍ പേവിഷ ബാധയേറ്റ് മരിച്ചു. കാനഡയിലെ ഒന്റാറിയോയിലാണ് സംഭവം. കുട്ടിയുടെ മുഖത്ത് വവ്വാല്‍ വന്നിരുന്നതിന് പിന്നാലെ കടിയേറ്റതിന്റേയോ പോറല്‍ ഏറ്റതായോ ബാഹ്യമായ അടയാളങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്നതാണ് തുടക്കത്തില്‍ ചികിത്സ ലഭ്യമാക്കാതിരുന്നതിന് കാരണമായതെന്നാണ് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വിശദമാക്കുന്നത്. കോട്ടേജില്‍ കുടുംബത്തോടൊപ്പം കഴിയുന്നതിനിടയിലാണ് കുട്ടിക്ക് വവ്വാലുമായി സമ്പര്‍ക്കമുണ്ടാകുന്നത്. ഉറങ്ങിക്കിടന്ന കുട്ടി തന്റെ മൂക്കിലും വായയിലുമായി ഒരു വവ്വാല്‍ ഇരിക്കുന്നത് കണ്ട് പെട്ടെന്ന് ഞെട്ടിയുണരുകയും അതിനെ തട്ടിമാറ്റുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് വവ്വാലിനെ ഒരു പാത്രത്തിലാക്കി വീടിന് പുറത്തേക്ക് എത്തി അതിനെ പറത്തി വിടുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളോ പോറലുകളോ ഇല്ലാതിരുന്നതിനാലും വവ്വാലിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഒന്നും തോന്നാത്തതിനാലും കുടുംബം മെഡിക്കല്‍ സഹായം തേടുകയോ പേവിഷബാധയ്ക്കെതിരെയുള്ള മുന്‍കരുതല്‍ കുത്തിവെയ്പ്പുകള്‍ എടുക്കുകയോ ചെയ്തില്ല.
എന്നാല്‍ സംഭവം നടന്ന് പത്തൊന്‍പത് ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മുഖത്തിന്റെ വലതുഭാഗത്ത് തരിപ്പും മരവിപ്പും അനുഭവപ്പെടാന്‍ തുടങ്ങി. തുടര്‍ന്ന് മുഖത്ത് വീക്കവും ഛര്‍ദ്ദിയും വിശപ്പില്ലായ്മയും ഉണ്ടായതിനെത്തുടര്‍ന്ന് കുട്ടിയെ ക്ലിനിക്കില്‍ കാണിച്ചെങ്കിലും അത് ഹെര്‍പ്പസ് വൈറസ് ബാധ മൂലമുണ്ടാകുന്ന താല്‍ക്കാലിക മുഖപക്ഷാഘാതം ആണെന്ന് കരുതി ഡോക്ടര്‍മാര്‍ ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കി മടക്കി അയക്കുകയാണുണ്ടായത്. പിന്നീടുള്ള ദിവസങ്ങളില്‍ കുട്ടിയുടെ അവസ്ഥ വീണ്ടും വഷളാവുകയായിരുന്നു. പിന്നീട് കുട്ടിയുടെ മുഖത്തിന്റെ ഒരു വശത്തെ പേശികള്‍ തീര്‍ത്തും ബലഹീനമാവുകയും, ഉയര്‍ന്ന പനി, ഉമിനീരൊഴുക്ക്, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ഉണ്ടാകുകയും ചെയ്തു. ഇതോടെയാണ് 11കാരനെ വെന്റിലേറ്ററിലേക്ക് മാറ്റിയത്.
വവ്വാലുമായുള്ള സമ്പര്‍ക്കത്തെക്കുറിച്ച് വീട്ടുകാര്‍ പറഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ പേവിഷബാധയാണെന്ന് സംശയിക്കുകയും പിസിആര്‍ പരിശോധനയിലൂടെ അത് സ്ഥിരീകരിക്കുകയും ചെയ്തു. രോഗലക്ഷണങ്ങള്‍ പ്രകടമായതിന് ശേഷം പേവിഷബാധയ്ക്ക് ഫലപ്രദമായ മറ്റ് ചികിത്സകള്‍ ഇല്ലാത്തതിനാല്‍, ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പതിനേഴാം ദിവസം കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.