ജനലിലൂടെ ഒളിഞ്ഞുനോക്കിയ 63 കാരനെ പിടികൂടി ശ്വാസംമുട്ടിച്ചു ; കൊലപ്പെട്ടതോടെ മനപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി ജൂനിയര്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു

ആത്മരക്ഷയ്ക്കാണ് നടപടിയെടുത്തതെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും ജാമ്യം അനുവദിക്കാന്‍ മജിസ്‌ട്രേറ്റ് തയ്യാറായില്ല.

 

ശനിയാഴ്ച പുലര്‍ച്ചെ 1.30ഓടെ പെര്‍ത്തില്‍ നടന്ന സംഭവത്തിലാണ് അറസ്റ്റ്.

ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ സുഹൃത്തിന്റെ വീടിന്റെ ജനലിലൂടെ ഒളിഞ്ഞുനോക്കിയ 63 കാരനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ ജൂനിയര്‍ ഡോക്ടര്‍ അറസ്റ്റില്‍. ക്രിസ്റ്റിയന്‍ ജാക് ജോസഫിനെ (26)തിരെയാണ് മനപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്.


ശനിയാഴ്ച പുലര്‍ച്ചെ 1.30ഓടെ പെര്‍ത്തില്‍ നടന്ന സംഭവത്തിലാണ് അറസ്റ്റ്. രാത്രി പുറത്തിറങ്ങി മടങ്ങിയെത്തിയ ക്രിസ്റ്റ്യന്‍ ജാക് ജോസഫും സുഹൃത്തും ഒരാള്‍ വീടിന്റെ ജനലിലൂടെ ഒളിഞ്ഞുനോക്കുന്നത് ശ്രദ്ധിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഇയാളെ പിന്തുടര്‍ന്ന് പിടികൂടി. ഇതിനിടെ ക്രിസ്റ്റ്യന്‍ ജാക് ജോസഫ് 63 വയസ്സുകാരനെ നിലത്തുകിടത്തി കഴുത്തു ഞെരിച്ചതായാണ് പൊലീസ് പറയുന്നത്. ശ്വാസം മുട്ടിബോധരഹിതനായ ഇയാള്‍ക്ക് ജോസഫ് തന്നെ പിന്നീട് സിപിആര്‍ നല്‍കുകയും സുഹൃത്തിനെ കൊണ്ട് ആംബുലന്‍സ് വിളിപ്പിക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
ആത്മരക്ഷയ്ക്കാണ് നടപടിയെടുത്തതെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും ജാമ്യം അനുവദിക്കാന്‍ മജിസ്‌ട്രേറ്റ് തയ്യാറായില്ല. സര്‍ ചാള്‍സ് ഗെയ്ഡ്‌നര്‍ ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടറായ ക്രിസ്റ്റിയന്‍ ജാക് ജോസഫിനെ ഓഗസ്റ്റില്‍ വീണ്ടും കോടതിയില്‍ ഹാജരാക്കും. കേസില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.