യുഎസില്‍ കാണാതായ 27കാരിയായ ഇന്ത്യന്‍ യുവതിയെ മുന്‍ കാമുകന്റെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 

നികിതയെ കാണാനില്ലെന്ന് ജനുവരി 2 നാണ് അര്‍ജുന്‍ ശര്‍മ്മ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്

 

നികിതയെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്ത അതേ ദിവസം തന്നെ അര്‍ജുന്‍ ശര്‍മ ഇന്ത്യയിലേക്ക് പോയതായും പൊലീസ് പറഞ്ഞു.

പുതുവത്സരാഘോഷത്തിനിടെ യുഎസില്‍ കാണാതായ 27കാരിയായ ഇന്ത്യന്‍ യുവതിയെ മുന്‍ കാമുകന്റെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുഎസിലെ മെരിലാന്‍ഡിലെ അപ്പാര്‍ട്ട്‌മെന്റിലാണ് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡാറ്റ സ്ട്രാറ്റജി അനലിസ്റ്റായ നികിത ഗോഡിശാലയാണ് കൊല്ലപ്പെട്ടതെന്ന് ഹോവാര്‍ഡ് കൗണ്ടി പൊലീസ് പറഞ്ഞു. നികിതയുടെ മുന്‍ കാമുകനായ അര്‍ജുന്‍ ശര്‍മ്മയുടെ ഉടമസ്ഥതയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

നികിതയെ കാണാനില്ലെന്ന് ജനുവരി 2 നാണ് അര്‍ജുന്‍ ശര്‍മ്മ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബര്‍ 31 ന് തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് നികിതയെ അവസാനമായി കണ്ടതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ജനുവരി 3 ന് അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ പൊലീസാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. നികിതയെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്ത അതേ ദിവസം തന്നെ അര്‍ജുന്‍ ശര്‍മ ഇന്ത്യയിലേക്ക് പോയതായും പൊലീസ് പറഞ്ഞു. ഇയാളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ഡിസംബര്‍ 31ന് രാത്രി 7 മണിക്ക് ശേഷമാണ് നിഖിത കൊല്ലപ്പെട്ടത് എന്നാണ് പൊലീസിന്റെ നിഗമനം. നികിതയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സാധ്യമായ എല്ലാ കോണ്‍സുലാര്‍ സഹായവും നല്‍കുമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.