മാധ്യമങ്ങളിലും പൊതു ഇടങ്ങളിലും റഷ്യന്‍ സംഗീതം നിരോധിക്കുമെന്ന് യുക്രൈന്‍

മുഴുവന്‍ റഷ്യന്‍ സംഗീതത്തിനും നിരോധനം ബാധകമല്ല
 

450 പ്രതിനിധികള്‍ അടങ്ങുന്ന യുക്രൈനിയന്‍ പാര്‍ലമെന്റില്‍ 303 പേരുടെ പിന്തുണയോടെ ബില്‍ പാസായി.

മാധ്യമങ്ങളിലും പൊതു ഇടങ്ങളിലും റഷ്യന്‍ സംഗീതം നിരോധിക്കുമെന്ന് യുക്രൈന്‍. റഷ്യയില്‍ നിന്നും ബെലാറസില്‍ നിന്നും പുസ്തകങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും നിയമപ്രകാരം നിരോധിക്കും. 450 പ്രതിനിധികള്‍ അടങ്ങുന്ന യുക്രൈനിയന്‍ പാര്‍ലമെന്റില്‍ 303 പേരുടെ പിന്തുണയോടെ ബില്‍ പാസായി.


ടെലിവിഷന്‍, റേഡിയോ, സ്‌കൂളുകള്‍, പൊതുഗതാഗതം, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, സിനിമാശാലകള്‍, മറ്റ് പൊതു ഇടങ്ങളില്‍ ഇനി റഷ്യന്‍ സംഗീതം പാടില്ല. എന്നാല്‍ മുഴുവന്‍ റഷ്യന്‍ സംഗീതത്തിനും നിരോധനം ബാധകമല്ല. 1991ന് ശേഷം നിര്‍മ്മിക്കപ്പെട്ട ഗാനങ്ങള്‍ക്കാണ് നിയമം ബാധകമാവുക. റഷ്യന്‍ അധിനിവേശത്തില്‍ അപലപിച്ച കലാകാരന്മാര്‍ക്ക് നിരോധനത്തില്‍ നിന്ന് ഒഴിവാക്കലിന് അപേക്ഷിക്കാം.

സമാന്തര ബില്ലില്‍, റഷ്യ, ബെലാറസ്, അധിനിവേശ യുക്രൈനിയന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പുസ്തകങ്ങളും മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന റഷ്യന്‍ ഭാഷയിലുള്ള മെറ്റീരിയലുകളും നിരോധിക്കും.