ഗർഭഛിദ്രാവകാശം നിർത്തലാക്കാൻ യുഎസ് സുപ്രീം കോടതി നീക്കം

ഗർഭഛിദ്രാവകാശം നിർത്തലാക്കാൻ യുഎസ് സുപ്രീം കോടതി നീക്കം
 

വാഷിങ്ടൻ : യുഎസിൽ ഗർഭഛിദ്രത്തിനു ഭരണഘടനാ പരിരക്ഷയും നിയമസാധുതയും നൽകിയ 1973 ലെ റോ– വേഡ് കേസിലെ വിധി അസാധുവാക്കാനുള്ള സുപ്രീം കോടതിയുടെ നീക്കം രാജ്യവ്യാപക പ്രതിഷേധത്തിനും ചർച്ചകൾക്കും വഴി തുറന്നു. ഗർഭഛിദ്രത്തിനുള്ള അവകാശം സംബന്ധിച്ച് ജഡ്ജിമാരുടെ അഭിപ്രായം വ്യക്തമാക്കുന്ന കരടു രേഖ ചോർന്നതാണു വിവാദത്തിനും പ്രതിഷേധങ്ങൾക്കും തിരി കൊളുത്തിയത്.

റോ– വേഡ് വിധി റദ്ദാക്കുന്നതിനെ 9 ജഡ്ജിമാരിൽ ഭൂരിപക്ഷവും അനുകൂലിക്കുന്നുണ്ടെന്നു വ്യക്തമാക്കുന്ന രേഖയാണ് വാർത്താമാധ്യമത്തിനു ചോർന്നു കിട്ടിയത്. റോ– വേഡ് വിധി റദ്ദാക്കണമെന്ന മിസിസിപ്പി സംസ്ഥാനത്തിന്റെ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ജൂ‍ൺ അവസാനമോ ജൂലൈ ആദ്യമോ ഈ ഹർജിയിൽ വിധി വരുമെന്നു കരുതുന്നു.

രേഖ ചോർന്നത് അന്വേഷിക്കാൻ ഉത്തരവിട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബട്സ്, അത് സുപ്രീം കോടതിയുടെ അന്തിമവിധിയല്ലെന്നും ജഡ്‍ജിമാരുടെ അഭിപ്രായം മാറാമെന്നും വ്യക്തമാക്കി. .ഗർഭഛിദ്രാവകാശം കോടതി റദ്ദാക്കുകയും അതു പുനഃസ്ഥാപിക്കാനുള്ള ഫെ‍ഡറൽ നിയമത്തിനു രൂപം നൽകാതിരിക്കുകയും ചെയ്താൽ യുഎസിലെ 50 സംസ്ഥാനങ്ങളും പ്രത്യേകം ഗർഭഛിദ്രനിയമം നടപ്പിലാക്കേണ്ടിവരും.

അങ്ങനെ വന്നാൽ, റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വനിതകൾക്കു ഗർഭഛിദ്രാവകാശം നഷ്ടപ്പെട്ടേക്കാം. ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന നിലപാടാണ് ഡമോക്രാറ്റ് പാർട്ടിയുടേത്. മിതവാദികളായ റിപ്പബ്ലിക്കൻ നേതാക്കൾ ചിലരും റോ– വേഡ് വിധി നിലനിൽക്കണമെന്ന അഭിപ്രായക്കാരാണ്.

റോ – വേഡ് കേസ്

ടെക്സസ് സംസ്ഥാനത്തെ ഗർഭഛിദ്രനിയമങ്ങൾക്കെതിരെ 25 വയസ്സുള്ള നോർമ മക്ഗോവറി, ജെയ്ൻ റോ എന്ന പേരിൽ കൊടുത്തതും ഡാലസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോണി ഹെൻറി വേഡ് എതിർത്തു വാദിച്ചതുമായ 1969 ലെ കേസാണ് ‘റോ – വേഡ്’. കേസ് അന്നു തള്ളിപ്പോയി. നോർമയുടെ അപ്പീൽ 1973 ൽ സമാനമായ മറ്റൊരു കേസിനൊപ്പം വാദം കേട്ടാണ് സുപ്രീം കോടതി ഗർഭഛിദ്രാവകാശത്തിന് അനുകൂല വിധി പ്രഖ്യാപിച്ചത്.