വ്യോമാക്രമണം : പാക് സർക്കാരിന് താക്കീതുമായി താലിബാൻ ഭരണകൂടം

 

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ പാക് സർക്കാരിന് താക്കീതുമായി താലിബാൻ ഭരണകൂടം. അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും അല്ലാത്തപക്ഷം അനന്തരഫലങ്ങൾ നേരിടാൻ പാകിസ്താൻ തയാറാകണമെന്നും ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ ഡെപ്യൂട്ടി മന്ത്രി സബിയുള്ള മുജാഹിദ് മുന്നറിയിപ്പ് നൽകി.

നയതന്ത്ര മാർഗങ്ങളിലൂടെയും ചർച്ചകളിലൂടെയും പ്രശ്‌നം പരിഹരിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഇത്തരം പ്രവൃത്തികൾ പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിൽ സംഘർഷം സൃഷ്ടിക്കുമെന്നും ഇത് ആർക്കും അനുകൂലമല്ലാത്ത സംഘർഷങ്ങളിലേക്ക് നയിക്കുമെന്നും താലിബാന്റെ മുഖ്യ വക്താവ് കൂടിയായ മുജാഹിദ് പറഞ്ഞു.

ഖോസ്റ്റ്, കുനാര പ്രവിശ്യകളിൽ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 40ലധികം സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെട്ടതായി താലിബാൻ ഭരണകൂടം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ഇന്നലെ താലിബാൻ ഭരണകൂടത്തിന്റെ വിദേശകാര്യ മന്ത്രാലയം പാകിസ്താനിലെ അഫ്ഗാൻ പ്രതിനിധിയായ അഹമ്മദ് ഖാനെ കാബൂളിൽ വിളിച്ചുവരുത്തുകയും ആക്രമണങ്ങൾ തടയാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.