മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ പാസഞ്ചർ വിമാനത്തിന് തീപ്പിടിച്ചു:മൂന്നുപേർക്ക് പരിക്ക് 

 

ന്യൂയോർക്: മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ പാസഞ്ചർ വിമാനത്തിന് തീപ്പിടിച്ചു മൂന്നുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ബാക്കിയുള്ള യാത്രക്കാരെയും ജീവനക്കാരെയും ടെർമിനലിലേക്ക് കയറ്റി.

റൺവേയോടടുക്കുമ്പോൾ വിമാനത്തിന്റെ ലാൻഡിങ് ഗിയർ തകർന്നതാണ് അപകടത്തിന് കാരണമെന്ന് സി.ബി.എസ് റിപ്പോർട്ട് ചെയ്തു. ലാസ് അമേരിക്കാസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 126 പേരുമായി പുറപ്പെട്ട റെഡ് എയ്ർ ഫ്ലൈറ്റിനാണ് തീപ്പിടിച്ചത്.

വിമാനത്തിന്റെ ചിറകിന് സമീപം തീയും പുകയും ഉയരുന്നതിന്റെ വിഡിയോ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ലാൻഡ് ചെയ്തതിനുമുമ്പാണോ ലാൻഡിങ് ഗിയർ തകർന്നത് എന്ന കാര്യം വ്യക്തമല്ല. സംഭവത്തിൽ നാഷനൽ ട്രാൻസ്‍പോർട്ടേഷൻ സേഫ്റ്റി ബോർഡും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും അന്വേഷണം പ്രഖ്യാപിച്ചു.