യുഎസിലും യൂറോപ്പിലും കുട്ടികളിൽ ദുരൂഹ കരൾരോഗം

യുഎസിലും യൂറോപ്പിലും കുട്ടികളിൽ ദുരൂഹ കരൾരോഗം
 

ന്യൂയോർക്ക് : യുഎസിലും ചില യൂറോപ്യൻ രാജ്യങ്ങളിലും കുട്ടികളിൽ ദുരൂഹമായ കരൾരോഗം റിപ്പോർട്ട് ചെയ്തു. പനിക്കു കാരണമാകുന്ന അഡിനോ വൈറസ് ബാധയാണു രോഗത്തിനു കാരണമെന്ന നിഗമനത്തിലാണു ശാസ്ത്രജ്ഞർ. യുഎസിൽ 9 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എല്ലാം അലബാമയിലാണ്. ബ്രിട്ടനിൽ രോഗത്തിന്റെ 74 കേസുകൾ റിപ്പോർട്ട് ചെയ്തു. കരൾരോഗവും ഗുരുതര മഞ്ഞപ്പിത്തവുമാണ് ലക്ഷണം. സ്പെയ്നിലും അയർലൻഡിലും കേസുകളുണ്ട്. ഇനിയും കൂടുമെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞർ.

ഒന്നിനും ആറിനുമിടയിൽ പ്രായമുള്ളവരാണ് യുഎസിലെ രോഗബാധിതർ. ഇവരിൽ രണ്ട് പേർക്ക് കരൾമാറ്റം വേണ്ടിവന്നു. യൂറോപ്പിലെ രോഗബാധിതരായ കുട്ടികൾക്ക് കുറച്ചുകൂടി പ്രായമുണ്ട്. ഈ മാസമാദ്യം സ്കോട്‌ലൻഡിൽ 10 കുട്ടികൾക്ക് കരൾരോഗം ഉടലെടുത്തതോടെയാണ് ലോകാരോഗ്യസംഘടന ഉണർന്നത്. ഒരാൾക്ക് ജനുവരിയിലും ബാക്കിയുള്ളവർക്ക് മാർച്ചിലുമാണ് രോഗം പിടിപെട്ടത്. എല്ലാവർക്കും രോഗം കടുക്കുകയും മഞ്ഞപ്പിത്തം സംഭവിക്കുകയും ചെയ്തു.

ബ്രിട്ടനിൽ പിന്നീട് 64 കുട്ടികൾക്കു കൂടി രോഗം ബാധിച്ചു. മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും 6 പേർക്ക് കരൾമാറ്റ ശസ്ത്രക്രിയ വേണ്ടിവന്നു. സാധാരണ ഗതിയിൽ മഞ്ഞപ്പിത്തത്തിനു കാരണമാകുന്ന ഹെപ്പറ്റൈറ്റിസ് എ,ബി,സി, ഇ വൈറസുകൾ ഈ രോഗബാധയ്ക്കു പിന്നിലില്ലെന്ന് ശാസ്ത്രജ്ഞർ അറിയിച്ചിട്ടുണ്ട്. അഡിനോവൈറസുകൾ മുൻപ് കുട്ടികളിൽ മഞ്ഞപ്പിത്ത ബാധയുണ്ടാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പ്രതിരോധശേഷി കുറവുള്ള കുട്ടികളിലായിരുന്നു ഇത്.

അഡിനോവൈറസുകൾ പനി കൂടാതെ തൊണ്ടകാറൽ, നേത്രരോഗങ്ങൾ എന്നിവയ്ക്കും കാരണമാകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കരൾരോഗബാധിതരായ കുട്ടികളിൽ ചിലർക്ക് അഡിനോവൈറസ് ബാധയും ചിലർക്ക് കോവിഡും സ്ഥിരീകരിച്ചിട്ടുണ്ട്. അഡിനോവൈറസ് 41 എന്ന വിഭാഗം വൈറസുകളാണ് രോഗബാധയ്ക്കു പിന്നിലെന്നാണ് അലബാമയിൽ നിന്നുള്ള നിഗമനം.