ഹജ്ജിന്റെ മുന്നൊരുക്കം: കിസ്‌വ മൂന്ന് മീറ്റർ മുകളിലേക്ക് ഉയർത്തികെട്ടി

 

മക്ക: വിശുദ്ധ മക്കയിലെ കഅ്ബയെ പുതപ്പിച്ച മൂടുപടമായ കിസ്‌വ തറനിരപ്പില്‍നിന്നു മൂന്ന് മീറ്റര്‍ മുകളിലേക്ക് ഉയര്‍ത്തികെട്ടി. സാധാരണയായി ഹജ്ജിന്റെ മുന്നോടിയായി നടന്നുവരാറുള്ള ചടങ്ങിന്റെ ഭാഗമായാണ് കിസ്‌വ ഉയര്‍ത്തി കെട്ടിയത്. ഹറം കാര്യാലയം ചടങ്ങിന് നേതൃത്വം നല്‍കി.

ഉയര്‍ത്തികെട്ടിയ ഭാഗം ഏകദേശം രണ്ട് മീറ്റര്‍ വീതിയില്‍ വെളുത്ത കോട്ടണ്‍ തുണി കൊണ്ട് മറച്ചിട്ടുണ്ട്. കഅ്ബയുടെ നാല് വശങ്ങളിലും ഇതുപോലെ ഉയര്‍ത്തി കെട്ടുകയും ഉയര്‍ത്തിയ ഭാഗം വെള്ള തുണികൊണ്ട് മറക്കുകയും ചെയ്തിട്ടുണ്ട്. മക്ക, മദീന പുണ്യ ഭവനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ഹറം കാര്യാലയ ജനറല്‍ പ്രസിഡന്‍സി ഷെയ്ഖ് ഡോ. അബ്ദുള്‍റഹ്‌മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍-സുദൈസ് ചടങ്ങില്‍ പങ്കെടുത്തു. കിസ്‌വയുടെ സുരക്ഷയും വൃത്തിയും സംരക്ഷിക്കുക എന്നതിന്റെ ഭാഗമായാണ് ഉയര്‍ത്തികെട്ടിയിരിക്കുന്നത്. ഹജ്ജ് നാളുകളില്‍ ധാരാളം വിശ്വാസികള്‍ മക്കയിലെ ഹറമില്‍ എത്താറുണ്ട്. അതുകൊണ്ട്തന്നെ കിസ്‌വക്ക് കേടുപാടുകള്‍ സംഭവിക്കുവാനുള്ള സാധ്യയതയുമുണ്ട്. ഇതു കണക്കിലെടുത്ത് കിസ്‌വ ഉയര്‍ത്തികെട്ടി മറയ്ക്കാറുണ്ട്.

കഅ്ബയുടേയും മറ്റ് പുണ്യ ഭവനങ്ങളുടെയും തീര്‍ത്ഥാടകരുടേയും സുരക്ഷക്കായി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നല്‍കി പോരുന്ന പ്രാധാന്യത്തിനും സംരക്ഷണത്തിനും താല്‍പര്യത്തിനും ഷെയ്ഖ് ഡോ. അല്‍-സുദൈസ് നന്ദിപറഞ്ഞു.