217 ഇന്ത്യന്‍ പൗരന്മാര്‍ റഷ്യന്‍ സേനയില്‍ ചേര്‍ന്നെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍; 49 പേര്‍ക്ക് ജീവന്‍ നഷ്ടമായി
217 ഇന്ത്യന്‍ പൗരന്മാര്‍ റഷ്യന്‍ സേനയില്‍ ചേര്‍ന്നെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍; 49 പേര്‍ക്ക് ജീവന്‍ നഷ്ടമായി
റഷ്യയുമായി നടത്തിയ നയതന്ത്ര ചര്‍ച്ചകളുടെ ഭാഗമായി 139 ഇന്ത്യന്‍ പൗരന്മാരെ ഇതിനോടകം മോചിപ്പിച്ചതായും കേന്ദ്രം അറിയിച്ചു.
ആറ് ഇന്ത്യന്‍ പൗരന്മാരെ കാണാതായിട്ടുണ്ടെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടെ 217 ഇന്ത്യന്‍ പൗരന്മാര്‍ റഷ്യന്‍ സേനയില്‍ ചേര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇതില്‍ 49 പേര്‍ കൊല്ലപ്പെട്ടതായും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. റഷ്യയുമായി നടത്തിയ നയതന്ത്ര ചര്‍ച്ചകളുടെ ഭാഗമായി 139 ഇന്ത്യന്‍ പൗരന്മാരെ ഇതിനോടകം മോചിപ്പിച്ചതായും കേന്ദ്രം അറിയിച്ചു. റഷ്യയിലെത്തിയ ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് ലഭ്യമായ ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ചുള്ളതാണ് റിപ്പോര്‍ട്ട്.
ആറ് ഇന്ത്യന്‍ പൗരന്മാരെ കാണാതായിട്ടുണ്ടെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന 23 ഇന്ത്യന്‍ പൗരന്മാരെ കുറിച്ച് വിവരങ്ങളൊന്നുമില്ല. മോസ്‌കോയിലെ ഇന്ത്യന്‍ എംബസി റഷ്യന്‍ അധികാരികളുമായി നിരന്തരമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കാണാതായവരെ കണ്ടെത്താന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും മരണപ്പെട്ടവരുടെ മൃതദേഹം തിരിച്ചറിയാന്‍ സഹായിക്കുന്നതിനായി 21 പേരുടെ അടുത്ത ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് റഷ്യന്‍ അധികാരികള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.