ഒമാന്‍ തീരത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ നിന്ന് 21 ഇന്ത്യക്കാരെ രക്ഷിച്ചു ; മൂന്നു പേരെ കാണാനില്ല

ഹോര്‍മുസ് കടലിടുക്കിനടുത്തുള്ള എണ്ണ ടാങ്കര്‍ സെറ്റെബെല്ലോയുടെ എഞ്ചിന്‍ മുറിയില്‍ മിസൈല്‍ പതിച്ചാണ് കപ്പലില്‍ തീപിടുത്തമുണ്ടായത്. 

 

കപ്പലില്‍ 28 ജീവനക്കാരുണ്ടായിരുന്നുവെന്നും അവരില്‍ 24 പേര്‍ ഇന്ത്യക്കാരാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു

ഒമാന്‍ തീരത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ നിന്ന് 21 ഇന്ത്യക്കാരെ രക്ഷിച്ചു. മൂന്ന് ഇന്ത്യക്കാരെ കാണാനില്ല. കപ്പലുകള്‍ ആക്രമിക്കപ്പെടുന്നത് ആശങ്കയെന്ന് ഇന്ത്യ അറിയിച്ചു. ഇന്നലെ കപ്പല്‍ ആക്രമിക്കപ്പെട്ടതിലും ഇന്ത്യക്കാര്‍ ഉണ്ടായിരുന്നു. ഹോര്‍മുസ് കടലിടുക്കിനടുത്തുള്ള എണ്ണ ടാങ്കര്‍ സെറ്റെബെല്ലോയുടെ എഞ്ചിന്‍ മുറിയില്‍ മിസൈല്‍ പതിച്ചാണ് കപ്പലില്‍ തീപിടുത്തമുണ്ടായത്. 

പലാവു പതാക വഹിച്ച കപ്പലില്‍ 28 ജീവനക്കാരുണ്ടായിരുന്നുവെന്നും അവരില്‍ 24 പേര്‍ ഇന്ത്യക്കാരാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒമാനി തുറമുഖമായ സോഹാറില്‍ നിന്ന് ഏകദേശം 20 നോട്ടിക്കല്‍ മൈല്‍ വടക്കുകിഴക്കായി സഞ്ചരിക്കുമ്പോഴാണ് അപകടത്തെക്കുറിച്ച് സന്ദേശം അയച്ചത്. 24 ഇന്ത്യന്‍ നാവികരില്‍ 21 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെങ്കിലും മൂന്ന് പേരെ കാണാതായതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മസ്‌കറ്റിലെ തങ്ങളുടെ എംബസി ഒമാനി അധികൃതരുമായി ചേര്‍ന്ന് തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ടെന്നും അവര്‍ അറിയിച്ചു. ഇറാനിയന്‍ ഷിപ്പിംഗിനെ ലക്ഷ്യം വച്ചുള്ള യുഎസ് നാവിക ഉപരോധവുമായി ആക്രമണത്തിന് ബന്ധമുണ്ടെന്ന് ബ്രിട്ടീഷ് സമുദ്ര സുരക്ഷാ സ്ഥാപനമായ ആംബ്രി വിലയിരുത്തി.