സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷു ; കാണേണ്ട ശരിയായ സമയം അറിയാം
സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷു മലയാളി മനസ്സുകളിൽ എന്നും പ്രത്യാശയുടെ പൊൻപുലരിയാണ് സമ്മാനിക്കുന്നത്. കാർഷിക സംസ്‌കാരത്തിന്റെ ഭാഗമായ ഈ ഉത്സവം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ വിളിച്ചോതുന്നു.
സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷു മലയാളി മനസ്സുകളിൽ എന്നും പ്രത്യാശയുടെ പൊൻപുലരിയാണ് സമ്മാനിക്കുന്നത്. കാർഷിക സംസ്‌കാരത്തിന്റെ ഭാഗമായ ഈ ഉത്സവം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ വിളിച്ചോതുന്നു.
വിഷുക്കണി കാണുന്നതോടെ ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ഐശ്വര്യം കൈവരുമെന്നാണ് വിശ്വാസം. പഴയകാലത്ത് കൃഷിയിറക്കുന്നതിനും വിത്തുവിതയ്ക്കുന്നതിനുമുള്ള തുടക്കമായിരുന്ന വിഷു, ഇന്ന് ലോകമെമ്പാടുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്ന ഒരു സാംസ്‌കാരിക ഉത്സവമായി മാറിയിരിക്കുന്നു.
കുടുംബാംഗങ്ങൾ ഒത്തുചേർന്ന് കൈനീട്ടം കൈമാറുന്നതും വിഭവസമൃദ്ധമായ സദ്യ ആസ്വദിക്കുന്നതും വിഷുവിന്റെ മാറ്റ് കൂട്ടുന്നു. ജീവിതത്തിലെ കഷ്ടപ്പാടുകൾ നീങ്ങി വരാനിരിക്കുന്ന നാളുകൾ സന്തോഷത്തിന്റേതാകണമെന്ന പ്രാർത്ഥനയോടെയാണ് ഓരോ മലയാളിയും വിഷുവിനെ വരവേൽക്കുന്നത്. ജാതിമത ഭേദമന്യേ കേരളീയർക്ക് പ്രിയപ്പെട്ടതാണ് ഈ വസന്തോത്സവം.
ഐതിഹ്യങ്ങളാലും ആചാരങ്ങളാലും സമ്പന്നമായ വിഷു, ഓരോ വർഷവും നന്മയുടെയും സമൃദ്ധിയുടെയും പുതിയ സന്ദേശവുമായാണ് എത്തുന്നത്. എല്ലാ മലയാളികൾക്കും വരാനിരിക്കുന്ന വിഷു ഒരു പുത്തൻ തുടക്കമാകട്ടെ എന്ന് ആശംസിക്കുന്നു.
മലയാള മാസം മേടം ഒന്നാം തീയതിയാണ് സാധാരണ വിഷു ആഘോഷിക്കുന്നത്. മേടമാസം ഒന്നാം തീയതിയായ 2026 ഏപ്രിൽ 14 ന് ചൊവ്വാഴ്ച രാവിലെ 9 മണി 32 മിനിറ്റിന്/ ഉദയാല്പരം 8 നാഴിക 8 വിനാഴികയിലാണ് ചതയം നക്ഷത്രത്തിൽ ഇക്കൊല്ലത്തെ മേടസംക്രമം നടക്കുന്നത്. അതായത് സൂര്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിൽ പ്രവേശിക്കുന്നത്.
സൂര്യോദയത്തിന് ശേഷം ആദിതൃസംക്രമം വന്നതിനാൽ വിഷുക്കണിയും വിഷു ആഘോഷവും തൊട്ടടുത്ത ദിവസമായ ഏപ്രിൽ 15 ന് ബുധനാഴ്ചയാണ് ആഘോഷിക്കേണ്ടത്. സംക്രമ സമയത്ത് ചന്ദ്രൻ കൃഷ്ണപക്ഷ ദ്വാദശിയിൽ ചതയം നക്ഷത്രത്തിലാണ് എന്ന് ജ്യോതിഷഭൂഷണം എസ്. ശ്രീനിവാസ് അയ്യർ പറയുന്നു.
വിഷുക്കണി കാണുന്നതിനായി ഏറ്റവും ഉത്തമമായ സമയം ബ്രഹ്മമുഹൂർത്തമാണ്. അതായത്, സൂര്യോദയം 6 മണിക്കൂറാണെങ്കിൽ പുലർച്ചെ 4:24ന് ബ്രഹ്മമുഹൂർത്തം തുടങ്ങും, 5:12 ന് അവസാനിക്കും.
വിഷുവിനെ സംബന്ധിച്ച് പ്രധാനമായും രണ്ട് ഐതിഹ്യങ്ങളാണുള്ളത്. ഒന്ന്, ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ആഹ്ലാദസൂചകമായി ആഘോഷിക്കുന്നു എന്നത്. മറ്റൊന്ന്, രാവണന്റെ തടവിലായിരുന്ന സൂര്യദേവൻ മോചിതനായി നേരെ കിഴക്കുദിച്ചു തുടങ്ങിയതിന്റെ ഓർമ്മ പുതുക്കലാണിത്. ശാസ്ത്രീയമായി നോക്കിയാൽ, പകലും രാത്രിയും തുല്യമായി വരുന്ന പ്രതിഭാസവുമായി ഇതിന് ബന്ധമുണ്ട്.
മലയാളിയെ സംബന്ധിച്ചിടത്തോളം വിഷു ഒരു കൊയ്ത്തുത്സവം എന്നതിലുപരി പുതിയൊരു കൃഷിക്കാലത്തിന്റെ തുടക്കം കൂടിയാണ്. വിഷു ദിവസം പുലർച്ചെ കണി കണ്ടതിനു ശേഷം കർഷകർ പാടത്തിറങ്ങി കൃഷിപ്പണികൾ തുടങ്ങുന്നതിനെ 'വിഷുച്ചാൽ' എന്ന് വിളിക്കുന്നു. പുതിയ സീസണിലെ ആദ്യത്തെ വിത്തുവിതയ്ക്കാൻ ഉത്തമമായ ദിവസമാണിത്. വിഷു സംക്രമ സൂര്യനെ അടിസ്ഥാനമാക്കി അടുത്ത ഒരു വർഷത്തെ മഴയും വിളവും എങ്ങനെയായിരിക്കുമെന്ന് പഴയകാലത്ത് കണക്കുകൂട്ടിയിരുന്നു.