50 ലക്ഷം രൂപ കിട്ടുന്ന ജോലി ഉപേക്ഷിച്ച് കണ്ടന്റ് ക്രിയേറ്ററായി യുവതി,
ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ കണ്ടന്റ് ക്രിയേറ്ററായി മാറുന്ന അനേകം ആളുകളുണ്ട്. അതൊരു വെല്ലുവിളി തന്നെയാണ്. അത്തരം വെല്ലുവിളിയേറ്റെടുത്ത് ഇറങ്ങിയ ആളാണ് സന്യ ബത്രയും. 50 ലക്ഷം വർഷത്തിൽ വരുമാനം കിട്ടുന്ന ജോലി ഉപേക്ഷിച്ചാണ് സന്യ കണ്ടന്റ് ക്രിയേറ്ററായി മാറിയത്. ഇൻസ്റ്റഗ്രാമിൽ സന്യ തന്നെയാണ് ഇതേ കുറിച്ച് തുറന്നു പറഞ്ഞത്.
ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ കണ്ടന്റ് ക്രിയേറ്ററായി മാറുന്ന അനേകം ആളുകളുണ്ട്. അതൊരു വെല്ലുവിളി തന്നെയാണ്. അത്തരം വെല്ലുവിളിയേറ്റെടുത്ത് ഇറങ്ങിയ ആളാണ് സന്യ ബത്രയും. 50 ലക്ഷം വർഷത്തിൽ വരുമാനം കിട്ടുന്ന ജോലി ഉപേക്ഷിച്ചാണ് സന്യ കണ്ടന്റ് ക്രിയേറ്ററായി മാറിയത്. ഇൻസ്റ്റഗ്രാമിൽ സന്യ തന്നെയാണ് ഇതേ കുറിച്ച് തുറന്നു പറഞ്ഞത്. ജോലി രാജിവച്ച സമയത്തെ മാനസികാവസ്ഥയെ കുറിച്ചും അവൾ തന്റെ പോസ്റ്റിൽ പറയുന്നുണ്ട്. 'ജോലി ഉപേക്ഷിച്ച ദിവസം ഞാൻ ശരിക്കും ഭയന്നിരുന്നു. എല്ലാവരും കരുതിയത് ഞാൻ വലിയൊരു തെറ്റാണ് ചെയ്യുന്നതെന്നാണ്. സുരക്ഷിതമായ ജോലി എന്തിന് കളയണം? കണ്ടന്റ് ക്രിയേഷൻ ഒരു സ്ഥിരം കരിയറാണോ? പരാജയപ്പെട്ടാൽ എന്തുചെയ്യും? എന്നിങ്ങനെ ചുറ്റുമുള്ളവർ ചോദിച്ച അതേ ചോദ്യങ്ങൾ എന്റെ മനസ്സിലുമുണ്ടായിരുന്നു' എന്നാണ് അവൾ പറയുന്നത്.
ഇങ്ങനെ എല്ലാം തികഞ്ഞതെന്ന് തോന്നിക്കുന്ന ഒരു കരിയർ ഉപേക്ഷിക്കുമ്പോൾ ആ സാമ്പത്തികഭദ്രത കൂടിയാണ് ഇല്ലാതെയാവുന്നത് എന്നും അവൾ പറയുന്നു. യാതൊരു വിധത്തിലുള്ള ഉറപ്പുകളും ഇല്ലാതെയാണ് തന്റെ പുതിയ യാത്ര തുടങ്ങിയതെന്ന് സന്യ പറയുന്നു. 'സ്ഥിരമായി ഒരു വരുമാനമോ കൃത്യമായ പ്ലാനുകളോ ഒന്നും ഉണ്ടായിരുന്നില്ല. ഒരു ഫോണും കുറേ സ്വപ്നങ്ങളും ആത്മവിശ്വാസവും മാത്രമാണ് കൂട്ടിനുണ്ടായിരുന്നത്' എന്നാണ് അവൾ പറയുന്നത്.
തുടക്കത്തിൽ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. മാസങ്ങളോളം പ്രത്യേകിച്ച് വളർച്ചൊന്നും ഇല്ലാതെ നിന്നപ്പോഴും പരാജയമുണ്ടായപ്പോഴും പിന്മാറാതെ നിരന്തരം പരിശ്രമിച്ചതാണ് തന്നെ ലക്ഷ്യത്തിലെത്തിച്ചതെന്നും സന്യ വിശ്വസിക്കുന്നു. 'ഇന്ന് ഞാൻ അഭിമാനത്തോടെ പറയുന്നു, ഞാൻ ഒരു കണ്ടന്റ് ക്രിയേറ്ററായി വിജയിച്ചു. എല്ലാം തികഞ്ഞതുകൊണ്ടല്ല, മറിച്ച് ഞാൻ കെട്ടിപ്പടുക്കുന്ന ഈ ജീവിതത്തിൽ ഞാൻ സന്തുഷ്ടയായതുകൊണ്ടാണത്' എന്നും 'നിങ്ങൾ എടുത്തേക്കാവുന്ന ഏറ്റവും പേടിപ്പെടുത്തുന്ന തീരുമാനങ്ങളായിരിക്കും ചിലപ്പോൾ നിങ്ങളെ ശരിയായ ലക്ഷ്യസ്ഥാനത്ത് എത്തിക്കുക' എന്നും സന്യ പറഞ്ഞു.