സഞ്ചാരികളെ ഇതിലെ ഇതിലെ,. മെയ്ക്ക് ഓവറുമായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് 

 

തലശേരി : ലോകം മുഴുവനുമുള്ള സാഹസിക വിനോദ സഞ്ചാരികളുടെ മനം കവരാൻ ലോക നിലവാരത്തിലേക്ക് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചൊരുങ്ങി കഴിഞ്ഞു.ഏഷ്യയിലെ തന്നെ ഏറ്റവും നീളമേറിയ  ഡ്രൈ വിങ് ബീച്ചായി വിശേഷിപ്പിക്കുന്ന മുഴപ്പിലങ്ങാട് പുത്തൻ രൂപഭാവത്തിൽ സാഹസിക വിനോദ സഞ്ചാരികളെ ആകർഷിക്കാനൊരുങ്ങുമ്പോൾ കണ്ണൂരിലെ ടൂറിസം മേഖലയ്ക്കും പ്രതീക്ഷകളേറെയാണ്. നാലു ഘട്ട പദ്ധതിയാണ്ഡ്രൈവ് ഇൻ ബീച്ചിൻ്റെ വികസനത്തിനായി ടൂറിസം വകുപ്പ് പ്ളാൻ ചെയ്തു നടപ്പിലാക്കുന്നത്.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിനോദ സഞ്ചാരികൾക്ക് ബീച്ചിൻ്റെ സൗന്ദര്യം പൂർണമായും ആസ്വദിക്കാനുള്ള പദ്ധതിയുടെ ഒന്നാം ഘട്ടം ഇവിടെ പൂർത്തിയായിട്ടുണ്ട്.നാലര കിലോമീറ്ററിലേറെ ദൂരം കൈവീശി നടന്നു പോകാനാവുന്ന ബീച്ചിനോട് ചേർന്ന് ഉയരത്തിൽ നിർമ്മിച്ചിരിക്കുന്ന വാക് വേ പ്ളാറ്റ് ഫോം ഇപ്പോൾ തന്നെസഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.ബീച്ചിൻ്റെ വടക്കെ അറ്റത്തു നിന്ന് തുടങ്ങി ഒരു കിലോ മീറ്റർ നീളത്തിലും  18 മീറ്റർ വീതിയുമുള്ള പ്ളാറ്റ്ഫോമാണ് ഇതിനായി നിർമ്മിച്ചത്. 25മീറ്ററോളം ആഴത്തിൽ പൈലിങ് നടത്തി അതിനുമുകളിൽ സ്ളാബ് വാർത്തെടുത്താണ് പ്ളാറ്റ് ഫോം നിർമ്മിച്ചത്. പ്ളാറ്റ് ഫോമിൽ നിന്നും 600 മീറ്ററിനുള്ളിൽ വെച്ച് ബീച്ചിലേക്ക് ഇറങ്ങാനുള്ള സൗകര്യവുമുണ്ട്.

സഞ്ചാരികൾക്ക് വിശ്രമിക്കാനുള്ള  ഇരിപ്പിടവും കുട്ടികൾക്കായുള്ള കളി ഉപകരണങ്ങളും പാർക്കും, സൈക്കിൾ ലൈൻ, ഭക്ഷണശാല , സെക്യുരിറ്റി കാബിൻ ശൗചാലയം എന്നീ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഊരാളുങ്കൽ, ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. നിലവിൽ 700 മീറ്ററോളം നിർമ്മാണം ഇവിടെ പൂർത്തിയായിട്ടുണ്ട് 700 മീറ്ററിലെ നിർമ്മാണം പുരോഗമിച്ചു വരികയാണ്. മുഴപ്പിലങ്ങാട് ,ധർമ്മടം ബീച്ചുകളിൽ നാല് ഘട്ടങ്ങളിലായി 233.71 കോടിയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്. രണ്ടാം ഘട്ട വികസനം മുഴപ്പിലങ്ങാട് ബീച്ചിൻ്റെ തെക്കെ ഭാഗത്തു നിന്നാണ് തുടങ്ങുക.

ബീച്ച് ആക്ടിവിറ്റിക്കുള്ള സൗകര്യം, റസ്റ്റോറൻ്റ്, വാട്ടർ സ്പോർട്സ് എന്നിവ ഈ ഭാഗത്തുണ്ടാകും. മൂന്നാം ഘട്ടത്തിൽ ധർമ്മടം ബീച്ചിനെ ബന്ധിപ്പിച്ചുള്ള ടൂറിസം സർക്യൂട്ടാണ് വിഭാവനം ചെയ്യുന്നത്. നാലാം ഘട്ടത്തിൽ ധർമ്മടം തുരുത്തിൽ നിന്നും വികസന പ്രവൃത്തികൾ തുടങ്ങുമെന്ന് ടുറിസം വകുപ്പ് അധികൃതർ പറഞ്ഞു. ടൂറിസം മേഖലയിൽ വടക്കെമലബാറിൻ്റെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായി മാറാൻ ഒരുങ്ങുകയാണ് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് ദേശിയ പാത നിർമ്മാണം യാഥാർത്ഥ്യമാകുന്നതിനൊപ്പം മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൻ്റെ വികസനവും കണ്ണുരിൻ്റെ മുഖച്ഛായ തന്നെ മാറ്റിയേക്കുമെന്ന പ്രതീക്ഷയിലാണ് വിനോദ സഞ്ചാര വകുപ്പ്.

വിദേശ സഞ്ചാരികൾക്ക് സൺ ബാത്ത് ചെയ്യാനും കടലിൽ കുളിക്കാനുമുള്ള സൗകര്യങ്ങൾ പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. ടൂറിസം സർക്യുട്ടിൻ്റെ ഭാഗമായി സർക്കാർ ഉടമസ്ഥതയിലും സ്വകാര്യ മേഖലയിലും പഞ്ചനക്ഷത്ര ഹോട്ടലുകളും മുഴപ്പിലങ്ങാട് സ്ഥാപിക്കാനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയിട്ടുണ്ട്. വൻകിട ഹോട്ടൽ സംരഭങ്ങളും ഭക്ഷണശാലകളും ഇവിടെ സ്ഥാപിക്കാൻ രാജ്യത്തെ തന്നെ പ്രധാന സംരഭകർ തന്നെ മുൻപോട്ടു വന്നിട്ടുണ്ട്. കടലിലേക്ക് ഇറങ്ങി ചെല്ലാൻ കഴിയുന്ന ഫ്ളോട്ടിങ് ബ്രിഡ്ജും മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൻ്റെ പ്രത്യേകതയാണ്. തലശേരി പൈതൃക ടൂരിസം പദ്ധതിയുടെ ഭാഗമായാണ് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചും പുതിയ രൂപത്തിലും ഭാവത്തിലും അണിഞ്ഞൊരുങ്ങുന്നത്.