മുഴപ്പിലങ്ങാട്-ധർമ്മടം ബീച്ചിന്റെ ടൂറിസം സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താനാകണം: മുഖ്യമന്ത്രി
ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളെ ഒരുപോലെ ആകർഷിക്കാനാകുന്ന രീതിയിലാണ് മുഴപ്പിലങ്ങാട്-ധർമ്മടം ബീച്ച് സമഗ്ര പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളതെന്നും ഇവിടത്തെ ടൂറിസം സാധ്യതകൾ പൂർണമായി
കണ്ണൂർ: ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളെ ഒരുപോലെ ആകർഷിക്കാനാകുന്ന രീതിയിലാണ് മുഴപ്പിലങ്ങാട്-ധർമ്മടം ബീച്ച് സമഗ്ര പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളതെന്നും ഇവിടത്തെ ടൂറിസം സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താനാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ മുഴപ്പിലങ്ങാട് കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (കെടിഡിസി) മലബാർ കോർട്യാർഡ് റിസോർട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ്-ഇൻ ബീച്ച് എന്ന ഖ്യാതി നേടിയിട്ടുള്ള മുഴപ്പിലങ്ങാടിന് ലോക വിനോദസഞ്ചാര ഭൂപടത്തിൽ സവിശേഷമായ ഇടം നേടാനായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാല് കിലോമീറ്ററോളം നീളമുള്ള ഈ ബീച്ചിൽ വാഹനമോടിക്കാമെന്നത് രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കും. ഈ സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താനാകണം. അവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. ഈ ഉദ്ദേശത്തോടെയാണ് കെടിഡിസി മുഴപ്പിലങ്ങാട് കേന്ദ്രമാക്കി റിസോർട്ട് നിർമ്മിച്ചത്. എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കി പരിസ്ഥിതിസൗഹാർദ രീതിയാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്.
മുഴപ്പിലങ്ങാട്-ധർമ്മടം ബീച്ച് വികസനത്തിനായി 238 കോടി രൂപ ചെലവിടുന്ന പദ്ധതിക്കാണ് രൂപം നൽകിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് ഈ പ്രദേശത്തിന്റെ മാത്രമല്ല, കേരളത്തിന്റെ തന്നെ ടൂറിസം മേഖലയ്ക്ക് മുതൽക്കൂട്ടായി മാറും.
മുഴപ്പിലങ്ങാട് ബീച്ചിന്റെ വടക്കു വശം, തെക്കുവശം, ധർമ്മടം ബീച്ച്, ധർമ്മടം ദ്വീപ് എന്നിങ്ങനെ നാല് ഭാഗങ്ങളാക്കിത്തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മുഴപ്പിലങ്ങാട് ബീച്ചിന്റെ വടക്ക് വശത്തെ നിർമ്മാണം പൂർത്തീകരിച്ചു. 62 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടപ്പിലാക്കിയത്. മറ്റ് ഭാഗങ്ങളുടെ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പദ്ധതി കൂടുതൽ വേഗത കൈവരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മുഴപ്പിലങ്ങാട് ബീച്ചിന്റെ വടക്ക് വശത്ത് വാക്ക് വേ, റിഫ്രഷ്‌മെന്റ് സെന്റർ, പാർക്കിംഗ് സൗകര്യം എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. ബീച്ചിന്റെ തെക്കുവശത്ത് സിറ്റിങ് ഏരിയ, കിയോസ്‌ക്, പാർക്കിങ് എന്നിവ ഒരുക്കും. ധർമ്മടം ബീച്ചിൽ ഫ്‌ളോട്ടിങ് ഡെക്ക്, ജയന്റ് വീൽ, മ്യൂസിക് ഫൗണ്ടൈൻ, ജോഗിങ്-സൈക്ലിങ് ട്രാക്ക്, ഇവയെല്ലാം നിർമ്മിക്കാനാണ് പദ്ധതി.
ദേശാടനപക്ഷികളടക്കം വന്നുചേരുന്ന ധർമ്മടം ദ്വീപിൽ നാച്വർ ഹബ്ബ് ഒരുക്കും. അണ്ടർ വാട്ടർ സ്ട്രക്‌ചേർഡ് ഗാർഡൻ, എലവേറ്റർ നാച്വർ വാക്ക് എന്നിവ ഇതിന്റെ ഭാഗമായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു. ദ്വീപിലേക്കുള്ള പ്രവേശനസാധ്യതകൾ കൂടി പരിശോധിച്ചുകൊണ്ടുള്ള വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കി വരികയാണ്. ഈ പദ്ധതികൾ പൂർണമാകുന്നതോടെ മുഴപ്പിലങ്ങാട്-ധർമ്മടം ബീച്ചുകൾ സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.ഡോ. വി. ശിവദാസൻ എംപി അധ്യക്ഷത വഹിച്ചു.
മുഴപ്പിലങ്ങാടിന്റെയും മലബാറിന്റെയും ടൂറിസം വികസനത്തിൽ പുതിയ സാധ്യതകൾ തുറക്കാൻ കെടിഡിസി റിസോർട്ടിന് സാധിക്കുമെന്ന് സ്വാഗത പ്രസംഗത്തിൽ ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. 2021 ഒക്ടോബർ 31 നാണ് മുഖ്യമന്ത്രി കെട്ടിടത്തിന് തറക്കല്ലിട്ടത്. കിഫ്ബിയുടെ വിനോദസഞ്ചാര വികസന ധനസഹായ പദ്ധതിയിലൂടെ 51.86 കോടി രൂപ ചെലവഴിച്ചാണ് റിസോർട്ട് പണികഴിപ്പിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
വടക്കൻ കേരളത്തിൽ അതിവേഗം വളരുന്ന ടൂറിസത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രീമിയം ഡെസ്റ്റിനേഷൻ പ്രോപ്പർട്ടിയായിട്ടാണ് മലബാർ കോർട്യാർഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 6.5 ഏക്കർ വിസ്തൃതിയുള്ള റിസോർട്ടിൽ എട്ട് കോട്ടേജുകൾ വീതമുള്ള നാല് കോട്ടേജ് ബ്ലോക്കും നാല് മുറികൾ വീതമുള്ള രണ്ട് സ്വീറ്റ് റൂം ബ്ലോക്കും ഉൾപ്പെടെ 40 മുറികളാണ് റിസോർട്ടിലുള്ളത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം പ്രഭാകരൻ മാസ്റ്റർ, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അതുൽ പി.എം, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിമിഷ കെ.വി, ജില്ലാ പഞ്ചായത്ത് അംഗം അനുശ്രീ കെ., തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.പി ചന്ദ്രദാസ്, കെടിഡിസി ബോർഡ് ഡയറക്ടർമാരായ ഒ.കെ വാസു, കെ.കെ വത്സരാജ്, ബെന്നി മൂഞ്ഞേലി, ബി. ബിജു, തോമസ് ടി. കീപ്പുറം, പി.എം സുരേഷ് ബാബു, യു. ബാബു ഗോപിനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിശാലമായ നീന്തൽക്കുളവും ഇൻഡോർ റീക്രിയേഷൻ ഏരിയയും ഹെൽത്ത് ക്ലബ്ബും റിസോർട്ടിൽ സജ്ജമാണ്. അക്വാ ഗ്രോവ്, അക്വാ വിസ്താ എന്നീ പേരുകളിൽ 285 ചതുരശ്ര അടി വീതമുള്ള രണ്ട് തരം മുറികൾ, ലിവിംഗ് സ്‌പെയ്‌സും 548 ചതുരശ്ര അടി വിസ്തീർണ്ണവുമുള്ള സ്യൂട്ട് റൂമുകൾ, 100 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ, ബിസിനസ്, ഔദ്യോഗിക മീറ്റിംഗുകൾ നടത്തുന്നതിന് ഡിജിറ്റൽ സംവിധാനത്തോടെയുള്ള ബോർഡ് റൂം എന്നിവയും ഇതിലുണ്ട്.
മനോഹരമായ ലാൻഡ്സ്‌കേപ്പിങ് റിസോർട്ടിനെ വിദേശ, ആഭ്യന്തര വിനോദസഞ്ചാരികൾക്ക് വ്യത്യസ്തമായ അനുഭവം പ്രദാനം ചെയ്യും. മലബാർ കോർട്യാർഡിന്റെ അന്തരീക്ഷം ഡെസ്റ്റിനേഷൻ വെഡ്ഡിങ്, ഹണിമൂൺ, കുടുംബ ഒത്തുചേരലുകൾ എന്നിവയെ മനോഹരമാക്കാൻ പോന്നതാണ്. സമയബന്ധിതമായും സൗന്ദര്യാത്മകമായും നിർമ്മാണം പൂർത്തിയായ മലബാർ കോർട്യാർഡിലൂടെ കെടിഡിസി മലബാർ മേഖലയിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കുകയാണ്.