അറേബ്യൻ ട്രാവൽ മാർക്കറ്റ് സന്ദർശിച്ച് ടൂറിസം മന്ത്രി വിഷ്ണുനാഥ്;യുഎഇ, മാലിദ്വീപ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി
അറേബ്യൻ ട്രാവൽ മാർക്കറ്റ് (എടിഎം 2026) എക്സ്പോയിൽ സംസ്ഥാനത്തിൻറെ വിപുലമായ സാധ്യതകളും സവിശേഷമായ ടൂറിസം ഉൽപ്പന്നങ്ങളും അവതരിപ്പിച്ച് ശ്രദ്ധേയമായി കേരള ടൂറിസം പവലിയൻ.
തിരുവനന്തപുരം: അറേബ്യൻ ട്രാവൽ മാർക്കറ്റ് (എടിഎം 2026) എക്സ്പോയിൽ സംസ്ഥാനത്തിൻറെ വിപുലമായ സാധ്യതകളും സവിശേഷമായ ടൂറിസം ഉൽപ്പന്നങ്ങളും അവതരിപ്പിച്ച് ശ്രദ്ധേയമായി കേരള ടൂറിസം പവലിയൻ. ആഗോള പ്രശസ്തമായ അറേബ്യൻ ട്രാവൽ മാർക്കറ്റ് സെപ്റ്റംബർ 14 ന് ആരംഭിച്ചത് മുതൽ മധ്യപൂർവേഷ്യയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി സന്ദർശകരെയാണ് കേരള പവലിയൻ ആകർഷിച്ചത്. നാല് ദിവസമാണ് എക്സ്പോ.
ഇന്ന് എക്സ്പോ സന്ദർശിച്ച ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ് യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മറിയുമായും, മാലിദ്വീപ് ടൂറിസം-സിവിൽ ഏവിയേഷൻ മന്ത്രി അബ്ദുള്ള നിയാസുമായും കൂടിക്കാഴ്ച നടത്തി. സംസ്ഥാന ടൂറിസം സെക്രട്ടറി ബിജു കെ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. 'ഫ്ലൈ ദുബായ്' സീനിയർ വൈസ് പ്രസിഡൻറ് സുധീർ ശ്രീധരൻ, ദുബായ് പോലീസ് അധികൃതർ എന്നിവരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി.
ദുബായ് വേൾഡ് ട്രേഡ് സെൻററിൽ നടക്കുന്ന എടിഎം 2026 ആഗോള ട്രാവൽ-ടൂറിസം മേഖലയിലേക്കുള്ള സുപ്രധാന കവാടമാണ്.കേരള ടൂറിസത്തിന് സവിശേഷവും നൂതനവുമായ പാക്കേജുകൾ ആഗോളതലത്തിലും മിഡിൽ ഈസ്റ്റ് വിപണിയിലും അവതരിപ്പിക്കാനുള്ള മികച്ച വേദിയാണ് അറേബ്യൻ ട്രാവൽ മാർക്കറ്റെന്ന് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു.
യുഎഇയും കേരളവും തമ്മിൽ ദീർഘകാലത്തെ ബന്ധമുള്ളതിനാൽ മിഡിൽ ഈസ്റ്റ് വിപണി സംസ്ഥാനത്തിന് വളരെ പ്രധാനമാണ്. ടൂറിസം പങ്കാളികൾക്ക് ഈ മേഖലയിലെ പുതിയ ട്രെൻഡുകളും ആഗോളതലത്തിൽ ഉയർന്നുവരുന്ന അവസരങ്ങളും മനസ്സിലാക്കാൻ സാധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.സുസ്ഥിര വളർച്ചയ്ക്കായി ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും വിജയകരമായ പങ്കാളിത്തങ്ങൾ രൂപീകരിക്കുന്നതിനുമുള്ള ആഗോള വേദിയാണ് എടിഎം 2026.
എക്സ്പോയിലെ കേരള ടൂറിസം പവലിയൻ (എഎസ്7250) 69 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് ഒരുക്കിയിരുന്നത്. 'ഗ്രീൻ പീസ് - യല്ല കേരള' എന്ന പ്രമേയത്തിൽ ഒരുക്കിയ പവലിയനിൽ കേരളത്തിലെ മലനിരകളുടെയും ഹരിതാഭമായ പ്രകൃതിയുടെയും ചിത്രങ്ങൾ പശ്ചാത്തലത്തിലും ഡിസ്പ്ലേ പാനലുകളിലും ഉൾപ്പെടുത്തിയിരുന്നു.
സംസ്ഥാനത്ത് നിന്നുള്ള മൂന്ന് ഹോട്ടലുകൾ/റിസോർട്ടുകൾ, മൂന്ന് ടൂർ ഓപ്പറേറ്റർമാർ എന്നിവരും എക്സ്പോയിൽ പങ്കാളികളായി. കൈരളി - ദി ആയുർവേദിക് ഹീലിംഗ് വില്ലേജ്, ദി എലിഫൻറ് കോർട്ട് (തേക്കടി), സോമതീരം ആയുർവേദ ഗ്രൂപ്പ്, ഇൻറർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ്, സാൻറാമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ്, ഗേറ്റ് വേ മലബാർ ഹോളിഡേയ്സ് എന്നിവയാണ് പങ്കെടുത്തത്.സുസ്ഥിരമായ വളർച്ചയ്ക്കായി നെറ്റ്വർക്കിംഗ് നടത്താനും വിജയകരമായ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കാനുമുള്ള ആഗോള വേദി കൂടിയാണ് എടിഎം 2026.