ടൂറിസം മേഖലയിൽ സോളാർ ബോട്ടുകളുമായി ജലഗതാഗതവകുപ്പ്

 

ആലപ്പുഴ: വരുമാനവർധനയ്ക്കായി വിനോദസഞ്ചാരമേഖലയിൽ ചെറുബോട്ടുകളിറക്കാൻ ജലഗതാഗതവകുപ്പ് . 20 പേർക്കുവരെ ഇരിക്കാവുന്ന ആധുനികസൗകര്യങ്ങളുള്ള സോളാർ ബോട്ടുകളാണു പ്രധാനം. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാകും ഇവ ആദ്യമെത്തുക.

പുഴകളിലും തോടുകളിലും യാത്രചെയ്യാൻ പറ്റുന്ന ഇത്തരം ബോട്ടുകളുടെ നിർമാണത്തിനു നടപടി തുടങ്ങി. കുട്ടനാടൻകായൽസവാരിക്കായി 30 പേർക്കിരിക്കാവുന്ന ബോട്ടു നിർമിക്കാനും നടപടിയായി. കൊല്ലം മൺറോ തുരുത്തുപോലുള്ള കണ്ടൽക്കാടുകളിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കാൻ ഔട്ട്‌ബോർഡ് എൻജിൻ പിടിപ്പിച്ച ബോട്ടുകളുമിറക്കും.

മലയോരങ്ങളിലുള്ളവർക്ക് കായൽവിനോദത്തിനായി വൈക്കത്തുനിന്ന് കാക്കത്തുരുത്തുവരെയുള്ള സഞ്ചാരവും ലക്ഷ്യമിടുന്നു. നാഷണൽ ജ്യോഗ്രാഫിക് ചാനലിന്റെ ലോക വിനോദസഞ്ചാരഭൂപടത്തിൽ ഇടംനേടിയ സ്ഥലമാണ് കാക്കത്തുരുത്ത്.

നിലവിൽ ടൂറിസ്റ്റുകൾക്കായി നടത്തുന്ന സർവീസുകൾ ലാഭകരമായതിനാലാണ് പുതിയ പദ്ധതികളേറ്റെടുക്കുന്നത്. ആലപ്പുഴയിലെ വേഗ ബോട്ട്, സീ കുട്ടനാട് ബോട്ട്, കൊല്ലം ജില്ലയിലെ സീ അഷ്ടമുടി, എറണാകുളത്ത് ഓടുന്ന സോളാർ ബോട്ട് ഇന്ദ്ര, കണ്ണൂർ പറശ്ശിനിക്കടവിലെ പാസഞ്ചർ കം ടൂറിസം ബോട്ട്, ആലപ്പുഴ മുഹമ്മയിലും പറശ്ശിനിക്കടവിലുമുള്ള വാട്ടർ ടാക്സി എന്നിവയാണ് വിനോദസഞ്ചാരമേഖലയിലെ ജലഗതാഗതവകുപ്പിന്റെ നിലവിലെ സർവീസുകൾ.