മഴ നനയാം, കുന്നു കയറാം ; പൊന്മുടിയിൽ പോയാലോ ?

 വേനലിന്റെ കടുത്ത ചൂടിൽ ചുട്ടുപൊള്ളിയിരുന്ന പൊന്മുടി ഇപ്പോൾ മഴയുടെ തണുപ്പും മഞ്ഞിന്റെ മായയും ഏറ്റെടുത്ത് പുതുവേഷത്തിൽ തിളങ്ങുകയാണ്. വേനൽമഴ ശക്തമായതോടെ ഇവിടെക്കുള്ള യാത്രാനുഭവം പൂർണമായും മാറിയിരിക്കുകയാണ്.

 

 വേനലിന്റെ കടുത്ത ചൂടിൽ ചുട്ടുപൊള്ളിയിരുന്ന പൊന്മുടി ഇപ്പോൾ മഴയുടെ തണുപ്പും മഞ്ഞിന്റെ മായയും ഏറ്റെടുത്ത് പുതുവേഷത്തിൽ തിളങ്ങുകയാണ്. വേനൽമഴ ശക്തമായതോടെ ഇവിടെക്കുള്ള യാത്രാനുഭവം പൂർണമായും മാറിയിരിക്കുകയാണ്.

വാകമരങ്ങൾ പൂത്തു നിറഞ്ഞതോടെ പ്രകൃതിസൗന്ദര്യം ഇരട്ടിയായി. മേയ് മാസാരംഭം മുതൽ തന്നെ ദിവസേന മഴ പെയ്യുന്നതും ഉച്ചയ്ക്ക് ശേഷം മഞ്ഞ് ഇറങ്ങുന്നതും ഇവിടെ പതിവായി മാറിയിട്ടുണ്ട്. സഞ്ചാരികളുടെ ഭാഷയിൽ പറഞ്ഞാൽ, ഇപ്പോഴാണ് പൊന്മുടിയിലേക്ക് പോകാൻ ഏറ്റവും അനുയോജ്യമായ സമയം.

മേയ് മാസം ആകും വരെ കോട മഞ്ഞ് ഇറങ്ങുന്നത് പൊന്മുടിയിലെ അപൂർവ കാഴ്ച മാത്രമായിരുന്നു. 10 വർഷത്തിനിടെ ആദ്യമായിട്ടായിരുന്നു ആഴ്ചകളോളം ദിവസവും കോട മഞ്ഞ് വളരെ കുറച്ച് നേരം മാത്രം പൊന്മുടിയിൽ ഇറങ്ങിയത്. എന്നാൽ‌ ഇപ്പോൾ കഥ മാറി. തൊട്ടടുത്ത് നിൽക്കുന്ന ആളെപ്പോലും കാണാനാകാത്ത വിധം മഞ്ഞിറങ്ങുന്ന കാലാവസ്ഥയാണ് പൊന്മുടിയെ സഞ്ചാരികളുടെ ഇഷ്ട ഇടമാക്കുന്നത്. വേനലവധി ആഘോഷിക്കാനെത്തിയവരിലേറെയും ഇക്കുറി പക്ഷേ മഞ്ഞ് കാണാതെ നിരാശരായി മടങ്ങിയിരുന്നു.

ചൂട് കാരണം സഞ്ചാരികളുടെ വരവിലും ഗണ്യമായി കുറവുണ്ടായി. മഞ്ഞിറക്കം പതിവായതോടെ തിരക്ക് ഏറി തുടങ്ങിയിട്ടുണ്ട്. അതേസമയം, ശക്തമായ മഴ പെയ്യുമ്പോൾ പൊന്മുടിയിൽ ഇടി മിന്നലിനു സാധ്യതയുണ്ട്. മുൻപ് ഇടിമിന്നലേറ്റ് മരണവും പൊന്മുടിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഇടി മിന്നൽ ഭീതി വന്നാൽ പൊന്മുടിയിലേക്കുള്ള പ്രവേശനം നിർത്തി വയ്ക്കുന്നതാണ് പതിവ്. ഇടി മിന്നലിന്റെ അകമ്പടിയില്ലാത്ത മഴ മറ്റൊരു അനുഭൂതിയാണ് സഞ്ചാരികൾക്ക് നൽകുന്നത്. മൺസൂൺ കാലത്ത് ‘മഴ നടത്തം’ ഉൾപ്പെടെയുള്ള പരിപാടികളുമായി കൂട്ടായ്മകൾ പൊന്മുടി കയറുന്നത് ആ അനുഭൂതി നുകരാൻ കൂടിയാണ്.

അവധി ദിനങ്ങളിൽ സഞ്ചാരികളുടെ ഒഴുക്ക് 

 വേനൽ മഴ തുടങ്ങിയതിനു ശേഷം സഞ്ചാരികളുടെ വലിയ രീതിയിലുള്ള ഒഴുക്കാണ് പൊന്മുടിയിൽ അനുഭവപ്പെട്ടത്. രണ്ടാം ശനി, ഞായർ ദിനങ്ങളിൽ 10,051 പേരാണ് പൊന്മുടി കയറിയത്. 3,200 വാഹനങ്ങളുമെത്തി. സന്ദർശക, വാഹന പാസ് ഇനത്തിൽ 6.20 ലക്ഷം രൂപയുടെ വരുമാനം വനം വകുപ്പിനു ലഭിച്ചു. കെടിഡിസി ഹോട്ടൽ, ഗസ്റ്റ് ഹൗസ്, പിഡബ്ല്യൂഡി ക്യാംപ് ഷെഡ്, സ്വകാര്യ റിസോർട്ടുകൾ എന്നിവിടങ്ങളിലും മുഴുവൻ മുറികളും നിറഞ്ഞിരുന്നു. അവധിക്കാലം പൂർത്തിയാകുന്നതിനു മുൻപുള്ള ദിവസങ്ങളിൽ സഞ്ചാരികളുടെ എണ്ണത്തിൽ റെക്കാർഡ് ഇടുമെന്നാണ് വിലയിരുത്തൽ.