അതിതീവ്ര മഴ ; പൊൻമുടിയിൽ മണ്ണിടിച്ചിൽ ; ടൂറിസം കേന്ദ്രങ്ങൾ അടച്ചു, ഗതാഗതം തടസ്സപ്പെട്ടു
സംസ്ഥാനത്ത് പെയ്യുന്ന ശക്തമായ രാത്രിമഴയെ തുടർന്ന് പൊൻമുടിയിൽ വൻ മണ്ണിടിച്ചിൽ. സുരക്ഷ മുൻനിർത്തി പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം താൽക്കാലികമായി അടച്ചു. കല്ലാർ – പൊന്മുടി റോഡിലെ 12-ാം വളവിലും, 22-ാം വളവിന് സമീപമുള്ള ഇടിയകോവിലിലുമാണ് പ്രധാനമായും മണ്ണിടിച്ചിലുണ്ടായത്.
തിരുവനന്തപുരം : സംസ്ഥാനത്ത് പെയ്യുന്ന ശക്തമായ രാത്രിമഴയെ തുടർന്ന് പൊൻമുടിയിൽ വൻ മണ്ണിടിച്ചിൽ. സുരക്ഷ മുൻനിർത്തി പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം താൽക്കാലികമായി അടച്ചു. കല്ലാർ – പൊന്മുടി റോഡിലെ 12-ാം വളവിലും, 22-ാം വളവിന് സമീപമുള്ള ഇടിയകോവിലിലുമാണ് പ്രധാനമായും മണ്ണിടിച്ചിലുണ്ടായത്. ഇതോടെ പ്രദേശത്തേക്കുള്ള വാഹന ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. ഇന്ന് പുലർച്ചെയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നാണ് പ്രാഥമിക അനുമാനം.
നെല്ലിയാമ്പതിയിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് ഇന്നും നാളെയും സഞ്ചാരികൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി. അച്ചൻകോവിൽ ഉൾവനങ്ങളിൽ കനത്ത മഴ പെയ്യുന്നതിനാൽ വെള്ളച്ചാട്ടത്തിലേക്ക് ആളുകൾ പ്രവേശിക്കുന്നത് തടഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. വിതുരയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘവും റോഡിലെ മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യാനായി സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മലയോര മേഖലകളിൽ മഴ തുടരുന്നതിനാൽ സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.