റെയിൽവേ സുരക്ഷ: 1,364 കോടിയുടെ കവച് വിന്യാസത്തിന് റെയിൽവേയുടെ അംഗീകാരം

റെയിൽ അപകടങ്ങൾ തടയാനും സിഗ്‌നലിങ് സംവിധാനങ്ങൾ ആധുനികീകരിക്കുന്നതിനുമായി 1364.45 കോടി രൂപയുടെ പദ്ധതിക്ക് റെയിൽവേ അംഗീകാരം നൽകി. 'കവച് സുരക്ഷാ സംവിധാനത്തിന്റെ വിന്യാസവും ആശയവിനിമയ ശൃംഖലകളുടെ നവീകരണവുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ദക്ഷിണ റെയിൽവേ, ഉത്തര റെയിൽവേ, ഉത്തര-മധ്യ റെയിൽവേ, ദക്ഷിണ-മധ്യ റെയിൽവേ എന്നീ നാല് റെയിൽവേ മേഖലകളിലായിട്ടാണ് നടപ്പിലാക്കുന്നത്.

ട്രെയിനുകൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാനും സുരക്ഷിതമായ യാത്ര ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതി റെയിൽവേയുടെ ആധുനികീകരണ പ്രക്രിയയിലെ സുപ്രധാന ചുവടുവെപ്പാണ്.

കവച് 4.0 വിന്യാസം (ദക്ഷിണ റെയിൽവേ)

ട്രെയിനുകൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കുന്നതിനായി വികസിപ്പിച്ച തദ്ദേശീയ സുരക്ഷാ സംവിധാനമാണ് 'കവച്'. ഇതിന്റെ ഏറ്റവും പുതിയ പതിപ്പായ കവച് 4.0 നടപ്പിലാക്കുന്നതിനായി തുക നീക്കിവെച്ചു. ദക്ഷിണ റെയിൽവേയ്ക്ക് കീഴിലുള്ള 232 ലോക്കോമോട്ടീവുകളിൽ (എഞ്ചിനുകളിൽ) ഈ സംവിധാനം സ്ഥാപിക്കും.

ഇതിനായി 208.81 കോടി രൂപ അനുവദിച്ചു.

സിഗ്‌നലിങ്, കമ്മ്യൂണിക്കേഷൻ നവീകരണം

സുഗമമായ ട്രെയിൻ ഗതാഗതത്തിന് സിഗ്‌നലിങ് സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനായി ഒപ്റ്റിക്കൽ ഫൈബർ കമ്മ്യൂണിക്കേഷൻ (OFC) ശൃംഖല വിപുലീകരിക്കും. ഉത്തര റെയിൽവേയിൽ 3200-ൽപ്പരം കിലോമീറ്റർ ദൈർഘ്യമുള്ള റൂട്ടുകളിൽ ആശയവിനിമയ ശൃംഖല നവീകരിക്കും. ഉത്തര-മധ്യ റെയിൽവേയിൽ 2196 കിലോമീറ്ററിലധികം വരുന്ന റൂട്ടുകളിൽ ആധുനിക സിഗ്‌നലിങ് സംവിധാനങ്ങൾ ഏർപ്പെടുത്തും.

ഇലക്ട്രോണിക് ഇന്റർലോക്കിങ് (ദക്ഷിണ-മധ്യ റെയിൽവേ)

റെയിൽവേ സ്റ്റേഷനുകളിലെ സുരക്ഷയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി ഇലക്ട്രോണിക് ഇന്റർലോക്കിങ് സംവിധാനം നടപ്പാക്കും. ദക്ഷിണ-മധ്യ റെയിൽവേയുടെ പരിധിയിൽ വരുന്ന തിരക്കേറിയ 49 സ്റ്റേഷനുകളിൽ ഈ സംവിധാനം കൊണ്ടുവരും. ഇതിനായി 578.02 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.