പൊസഡി ഗുംപെ ടൂറിസം വികസനത്തിന് വേഗം കൂടും; ഡി.ടി.പി.സി അമിനിറ്റി സെന്റർ സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിക്കും

കാസർകോട് ജില്ലയിലെ പ്രധാന ഹിൽ സ്റ്റേഷൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഉയർന്നുവരുന്ന പൊസഡി ഗുംപെയിൽ ടൂറിസം വികസന പ്രവർത്തനങ്ങൾക്ക് പുതിയ ചുവടുവെപ്പ്.

 

കാസർകോട്  : കാസർകോട് ജില്ലയിലെ പ്രധാന ഹിൽ സ്റ്റേഷൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഉയർന്നുവരുന്ന പൊസഡി ഗുംപെയിൽ ടൂറിസം വികസന പ്രവർത്തനങ്ങൾക്ക് പുതിയ ചുവടുവെപ്പ്. ജില്ലയിലെ പ്രകൃതി സൗന്ദര്യവും ട്രക്കിങ് സാധ്യതകളും ഒരുമിക്കുന്ന പൊസഡി ഗുംപെ ഹിൽ സ്റ്റേഷൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ച് വികസന സാധ്യതകൾ വിലയിരുത്തി. പഞ്ചായത്ത് ഭരണസമിതി പൊസഡി ഗുംപെയുടെ നിലവിലെ ടൂറിസം സാധ്യതകൾ, അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകത, ഭാവി വികസന കാഴ്ചപ്പാടുകൾ എന്നിവ ജില്ലാ കളക്ടർക്ക് മുന്നിൽ അവതരിപ്പിച്ചു. പ്രദേശത്തിന്റെ പ്രകൃതി ഭംഗിയും പരിസ്ഥിതി പ്രത്യേകതകളും സംരക്ഷിച്ചുകൊണ്ട് സുസ്ഥിര ടൂറിസം വികസന മാതൃക നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയായി.

ടൂറിസം വികസനത്തിനായി പഞ്ചായത്തുമായി ചേർന്ന് പ്രകൃതി സന്തുലിതവും പരിസ്ഥിതി സൗഹൃദവുമായ രീതിയിൽ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.  ഇതുമായി ബന്ധപ്പെട്ട് ഡി.ടി.പി.സി സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗങ്ങൾ സംഘടിപ്പിച്ച് ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് അന്തിമരൂപം നൽകും. ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ  അമിനിറ്റി സെന്റർ നിർമിക്കുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. വിനോദസഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്ലോക്ക് റൂം, റെസ്റ്റോറന്റ്, ആധുനിക ശുചിമുറി സമുച്ചയം തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബറിൽ അമിനിറ്റി സെന്റർ പ്രവർത്തനം പൂർത്തിക്കരിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി.

പൊസഡി ഗുംപെയെ ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായി വികസിപ്പിക്കാനുള്ള സാധ്യതകളും യോഗത്തിൽ വിലയിരുത്തി. ഹിൽ സ്റ്റേഷന്റെ പ്രകൃതി സൗന്ദര്യവും ട്രക്കിങ് സാധ്യതകളും കൂടുതൽ  പഠിക്കുന്നതിനായി വിദഗ്ധ ആർക്കിടെക്റ്റ് സംഘം പ്രൊജക്റ്റ് സൈറ്റ് സന്ദർശിക്കാനും തീരുമാനമായി. പ്രദേശത്തിന്റെ ഭൂപ്രകൃതി, സന്ദർശക സൗകര്യങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവ വിലയിരുത്തിയ ശേഷമായിരിക്കും വികസനത്തിന്റെ അടുത്ത ഘട്ടങ്ങൾ ആസൂത്രണം ചെയ്യുക. പൈവളികെ പഞ്ചായത്ത് പ്രസിഡന്റ് ബദ്‌റുന്നിസ സലീം, വൈസ് പ്രസിഡന്റ് രാഘവേന്ദ്ര ഭട്ട്, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ശ്രീനിവാസ് മാസ്റ്റർ, ചേവർ വാർഡ് മെമ്പർ അസീസ് ചേവർ, എം.എൽ.എയുടെ പ്രതിനിധി അസീസ് കളായി, വസന്ത മാഷ്, സലീം കളായി. ഡി.ടി.പി.സി പ്രതിനിധി അഞ്ജന എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.