സാഹസികത ഇഷ്ട്ടപ്പെടുന്നവർക്കായി ഒമാനിൽ ഒരു ഗ്രാമം
ഒമാനിലെ ഗ്രാമീണ ഭംഗി നിറഞ്ഞ വകാൻ ഗ്രാമം സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം മാത്രം 39,976 പേർ ഇവിടെ സന്ദർശിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. 2024ൽ 36,759 പേരും 2023ൽ 35,302 പേരുമാണ് ഗ്രാമം സന്ദർശിച്ചത്.
ഒമാനിലെ ഗ്രാമീണ ഭംഗി നിറഞ്ഞ വകാൻ ഗ്രാമം സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം മാത്രം 39,976 പേർ ഇവിടെ സന്ദർശിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. 2024ൽ 36,759 പേരും 2023ൽ 35,302 പേരുമാണ് ഗ്രാമം സന്ദർശിച്ചത്. സ്വദേശികളും പ്രവാസികളും വിദേശ സഞ്ചാരികളും ഉൾപ്പെടെ തെക്കൻ ബാത്തിന ഗവർണറേറ്റിലെ നഖൽ വിലായത്തിലെ ഈ ഗ്രാമത്തിലേക്ക് ഓരോ വർഷവും കൂടുതൽ ആളുകൾ എത്തുന്നുവെന്നതാണ് ശ്രദ്ധേയം.
ഗ്രാമത്തിന്റെ വർധിച്ചുവരുന്ന ടൂറിസം പ്രാധാന്യമാണ് ഈ ഉയർച്ചയ്ക്ക് പ്രധാന കാരണം. കൃഷിപാതകളിലൂടെയും മലനിരകളിലൂടെയും നടക്കുന്ന ട്രെക്കിംഗ് അനുഭവങ്ങൾ ഉൾപ്പെടെ സാഹസിക സഞ്ചാരികളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവിടെ എത്തിക്കുന്നതായി അധികൃതർ വ്യക്തമാക്കുന്നു.
വകാൻ ഗ്രാമത്തിലെ കാഴ്ച
വകാനിലെ സമശീതോഷ്ണ കാലാവസ്ഥയാണ് പ്രധാന ആകർഷണം. ശീതകാലാവസാനത്തോടെ (ജനുവരി-ഫെബ്രുവരി) ആരംഭിക്കുന്ന ആപ്രിക്കോട്ട്, പ്ലം പൂക്കാലം ഗ്രാമത്തെ വെള്ളയും പിങ്കും നിറഞ്ഞ അപൂർവ പ്രകൃതി ദൃശ്യമായി മാറ്റുന്നു. മുന്തിരി വിളവെടുപ്പ് കാലവും സന്ദർശകരെ ആകർഷിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. ആപ്രിക്കോട്ട്, മാതളം, പ്ലം, വാൾനട്ട്, മുന്തിരി തുടങ്ങിയ വിളകൾ വർഷം മുഴുവൻ ഇവിടെ കൃഷി ചെയ്യപ്പെടുന്നുണ്ട്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 2,000 മീറ്റർ ഉയരത്തിലുള്ള ഗ്രാമത്തിൽ ശീതകാലത്ത് അനുഭവപ്പെടുന്ന കുറഞ്ഞ താപനില തണുപ്പുകാലം ഇഷ്ടപ്പെടുന്നവരെ ആകർഷിക്കുന്നു. ഗ്രാമത്തിന്റെ മുകളിലേക്കുള്ള 700 പടികൾ കയറാൻ ശീതകാലമാണ് ഏറ്റവും അനുയോജ്യം. സാഹസിക സഞ്ചാരികൾക്ക് വകാൻ പ്രിയപ്പെട്ട ഇടമാവുന്നതിന് കാരണം ഈ നൂറുകണകിനുള്ള പടികളാണ്. വേനലിൽ ഇത് പ്രയാസകരമാണ്. ജനുവരി അവസാനം മുതൽ ഫെബ്രുവരി വരെ നീളുന്ന ആപ്രിക്കോട്ട് -പ്ലം പൂക്കാലമാണ് ശീതകാലത്തെ ഏറ്റവും വലിയ ആകർഷണം.
ജപ്പാനിലെ സാകുറ പൂക്കളെ ഓർമിപ്പിക്കുന്ന ഈ അപൂർവ ദൃശ്യം ആയിരക്കണക്കിന് ഫോട്ടോഗ്രാഫർമാരെയും സഞ്ചാരികളെയും ഗ്രാമത്തിലേക്ക് ആകർഷിക്കുന്നു. വകാൻ ഗ്രാമത്തിലെ മലമ്പാതകൾ സുരക്ഷിതമാക്കുന്നതിനായി കൈവരികളും വിശ്രമകേന്ദ്രങ്ങളും ഒരുക്കുന്ന പ്രവർത്തനങ്ങൾ പൈതൃക -ടൂറിസം മന്ത്രാലയത്തിന്റെ കീഴിൽ പുരോഗമിക്കുകയാണ്. ഗസ്റ്റ് ഹൗസുകളും പൈതൃക ലോഡ്ജുകളും ആരംഭിക്കാൻ ഗ്രാമവാസികൾക്ക് മന്ത്രാലയം പിന്തുണ നൽകുന്നുണ്ട്. പഴയ വീടുകൾ പുനരുദ്ധരിച്ച് ടൂറിസം പദ്ധതിയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. ഗവർണറേറ്റ് ഓഫിസുമായി സഹകരിച്ച് പാർക്കിങ് സൗകര്യങ്ങൾ വികസിപ്പിക്കുന്നതും വിവരകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സേവനങ്ങൾ ഒരുക്കുന്നതും പുരോഗമിക്കുകയാണ്. ഗ്രാമവാസികൾക്ക് അവരുടെ കൃഷിയിടങ്ങളും വീടുകളും ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്നതിൽ ആവശ്യമായ ഉപദേശങ്ങളും നൽകുന്നു.
ഭാവിയിൽ ഗ്രാമത്തിലേക്കുള്ള യാത്രയിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് കുറക്കുന്നതിനായി കേബിൾ കാർ പദ്ധതിയോ മറ്റ് ബദൽ ഗതാഗത മാർഗങ്ങളോ നടപ്പാക്കുന്നതിനുള്ള പഠനവും നടക്കുന്നുണ്ട്. തിരക്കേറിയ സമയങ്ങളിൽ ഗതാഗതം നിയന്ത്രിക്കാൻ റോയൽ ഒമാൻ പൊലീസുമായി സഹകരണമുണ്ടെന്നും അധികൃതർ വ്യക്തമാക്കി.