തണുത്ത് വിറച്ച് മൂന്നാർ; താപനില പൂജ്യം ഡിഗ്രിയിൽ
മൂന്നാർ ഇപ്പോൾ അതിശൈത്യത്തിന്റെ പിടിയിൽ അമർന്നിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ തുടരുന്നതോടെ മേഖലയാകെ മഞ്ഞുപാളികളാൽ പുതഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ താപനില മൈനസ് ഒന്ന് ഡിഗ്രി സെൽഷ്യസിലേക്ക് വരെ താഴ്ന്നിരുന്നു. പുൽമേടുകളിലും ചെടികളിലും മഞ്ഞുറഞ്ഞു നിൽക്കുന്ന അതിമനോഹരമായ കാഴ്ചയാണ് മൂന്നാറിൽ ഇപ്പോൾ കാണാൻ സാധിക്കുന്നത്.
അവധിക്കാലം ആഘോഷിക്കാൻ എത്തിയ സഞ്ചാരികൾക്ക് ഈ തണുപ്പ് വലിയ ആവേശമാണ് പകരുന്നത്. ക്രിസ്മസ് അവധി ആരംഭിച്ചതോടെ മൂന്നാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം തിരക്കിലമർന്നു. പുതുവത്സര ആഘോഷങ്ങൾ കൂടി വരാനിരിക്കെ വരും ദിവസങ്ങളിൽ സഞ്ചാരികളുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്നാണ് ടൂറിസം മേഖലയിലുള്ളവർ പ്രതീക്ഷിക്കുന്നത്. ഈ മാസം പകുതിയോടെ ആരംഭിച്ച അതിശൈത്യം വരും ദിവസങ്ങളിൽ കൂടുതൽ കടുക്കാനാണ് സാധ്യത. കഴിഞ്ഞ സീസണിൽ താപനില മൈനസ് മൂന്ന് ഡിഗ്രി വരെ താഴ്ന്നിരുന്നു.