ഗ്രാമീണ ടൂറിസത്തിന് പ്രാമുഖ്യം നൽകുന്ന പദ്ധതികൾ നടപ്പാക്കുന്നു: മന്ത്രി റോഷി അഗസ്റ്റിൻ

ഗ്രാമീണ ടൂറിസത്തിന് പ്രാമുഖ്യം നൽകുന്ന പദ്ധതികളാണ് ഇടുക്കിയിൽ നടപ്പാക്കുന്നതെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വെള്ളക്കയം,കുതിരക്കല്ല് മഠംപടി ഭാഗങ്ങളിൽ നിർമ്മിക്കുന്ന വി.സി.ബികളുടെ (വെന്റഡ് ക്രോസ് ബാർ) പൂർത്തീകരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

 

ഇടുക്കി : ഗ്രാമീണ ടൂറിസത്തിന് പ്രാമുഖ്യം നൽകുന്ന പദ്ധതികളാണ് ഇടുക്കിയിൽ നടപ്പാക്കുന്നതെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വെള്ളക്കയം,കുതിരക്കല്ല് മഠംപടി ഭാഗങ്ങളിൽ നിർമ്മിക്കുന്ന വി.സി.ബികളുടെ (വെന്റഡ് ക്രോസ് ബാർ) പൂർത്തീകരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വി.സി.ബിയിലേക്കുള്ള അപ്രോച്ച് റോഡ് നിർമ്മാണത്തിനായി 35 ലക്ഷം രൂപ  ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിർമ്മാണ ചുമതല പൊതുമരാമത്ത് വകുപ്പിനായിരിക്കും. യോഹന്നാൻപടി റോഡിന് 50 ലക്ഷം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

2018ലെ പ്രളയത്തിൽ തകർന്ന റോഡുകളും പാലങ്ങളുമെല്ലാം നവീകരിച്ചു. മികച്ച പാലങ്ങൾ നേരത്തെ നിർമ്മിക്കാൻ കഴിഞ്ഞതിനാൽ പ്രളയദുരന്തത്തിന്റെ ആഘാതം ഒരു പരിധി വരെ കുറയ്ക്കാൻ കഴിഞ്ഞു. നാട്ടിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. നിലവാരമുള്ള റോഡുകൾ, പാലങ്ങൾ എന്നിവ യാഥാർത്ഥ്യമായി. വിദ്യാഭ്യാസരംഗത്തും വലിയ മാറ്റമുണ്ടായി. നൂറ് ഡോക്ടർമാരാണ് ഇടുക്കി മെഡിക്കൽ കോളേജിൽ നിന്ന് പഠിച്ചിറങ്ങാൻ പോകുന്നത്. 60 വർഷം പഴക്കമുള്ള സംസ്ഥാനത്തെ മറ്റ്് മെഡിക്കൽ കോളേജുകളുമായി ഇടുക്കിയെ താരതമ്യം ചെയ്യരുത്. ഇടുക്കി മെഡിക്കൽ കോളേജിന്റെ വികസനം ഭാവിയിലേക്കുള്ള പ്രവർത്തനമാണ്. മെഡിക്കൽ പരീക്ഷയിൽ മറ്റ്് മെഡിക്കൽ കോളേജുകളേക്കാൾ വലിയ വിജയശതമാനം കരസ്ഥമാക്കിയത് ഇടുക്കി മെഡിക്കൽ കോളേജാണ് എന്നത് ശ്രദ്ധേയമാണ്. മെഡിക്കൽ കോളേജിനോടനുബന്ധിച്ച് നഴ്‌സിംഗ് കോളേജും ആരംഭിച്ചതോടെ സർക്കാർ ഫീസിൽ നഴ്‌സിംഗ് പഠിക്കാൻ അവസരമുണ്ടായിരിക്കുന്നു. നേഴ്‌സിംഗ് കോളേജ് കെട്ടിടനിർമ്മാണത്തിനായി ആറ് കോടിയാണ് സർക്കാർ അനുവദിച്ചത്. ആശുപത്രിയിൽ കാർഡിയോളജി യൂണിറ്റ് ആരംഭിച്ചു. കാത്ത് ലാബ് സ്ഥാപിക്കാനും തുക വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

മരിയാപുരം - വാഴത്തോപ്പ് ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് മരിയാപുരം ഗ്രാമ പഞ്ചായത്തിലെ കുതിരക്കല്ല് വാർഡിൽ മഠം പടി ഭാഗത്ത് നിന്നും വാഴത്തോപ്പ് പള്ളിക്കവല ഭാഗത്തും വെള്ളക്കയം ഭാഗത്തുമുണ്ടായിരുന്ന  ഗതാഗത മാർഗം   2018ലെ പ്രളയത്തിൽ തകർന്നിരുന്നു. ഇതിനെ തുടർന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്റെ പ്രത്യേക ഇടപെടലിലൂടെയാണ് സർക്കാരിൽ നിന്നും പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചത്.

ഈ മേഖലയിലെ ജലസേചന അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജലപാതയ്ക്ക് കുറുകെ ഒരു വെന്റഡ് ക്രോസ് ബാർ നിർമ്മിക്കുക, മെച്ചപ്പെട്ട ജലവിതരണം, വെള്ളപ്പൊക്ക നിയന്ത്രണം എന്നിവ സുഗമമാക്കുക എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. ബോട്ടിംഗ്, കയാക്കിംഗ് മുതലായവ ആരംഭിച്ച് വിസിബി കം ഫുട്ട് ബ്രിഡ്ജിന്റെ റിസർവോയറിനെ ഒരു സുസ്ഥിര ടൂറിസം പദ്ധതിയായി വികസിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. ജലവിഭവ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനാണ് (കെ.ഐ.ഐ.ഡി.സി) പദ്ധതിയുടെ വിശദമായ ഡി പി ആർ തയ്യാറാക്കി കിഫ്ബിക്ക് സമർപ്പിച്ചത്. 5.37 കോടി രൂപ മുതൽ മുടക്കിൽ പദ്ധതി നടപ്പാക്കുന്നതിന് കിഫ്ബി ധനസഹായം അനുവദിച്ചു. പദ്ധതി 9 മാസത്തിനുള്ളിൽ പൂർത്തീകരിച്ചു.

മരിയാപുരം ഗ്രാമപഞ്ചായത്തംഗം ജയ പി.എസ് അധ്യക്ഷത വഹിച്ചു. കെ.ഐ.ഐ.ഡി.സി ചീഫ് എഞ്ചിനീയർ പ്രകാശ് ഇടിക്കുള റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ഐ.ഐ.ഡി.സി സി.ഇ.ഒ തിലകൻ.എസ്, രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.