സംസ്ഥാനത്തെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കും വ്യവസായത്തിനും ഉണര്‍വേകാന്‍ കെടിഎമ്മിനാകും: മന്ത്രി റിയാസ്

സംസ്ഥാനത്തെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കും ടൂറിസം വ്യവസായത്തിനും കൂടുതല്‍ ഉണര്‍വേകാന്‍ കേരള ട്രാവല്‍ മാര്‍ട്ടിന് സാധിക്കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

 

കൊച്ചി: സംസ്ഥാനത്തെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കും ടൂറിസം വ്യവസായത്തിനും കൂടുതല്‍ ഉണര്‍വേകാന്‍ കേരള ട്രാവല്‍ മാര്‍ട്ടിന് സാധിക്കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷം ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ കേരളത്തിനായെന്നും ഇതിന് ആക്കം കൂട്ടാന്‍ കേരള ട്രാവല്‍ മാര്‍ട്ടിനാ(കെടിഎം)കുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ട്രാവല്‍ മാര്‍ട്ടായ കെടിഎം പന്ത്രണ്ടാം പതിപ്പിന്‍റെ ഭാഗമായുള്ള എക്സ്പോ കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്‍റിലെ സാഗര, സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ നേട്ടം ആവര്‍ത്തിക്കാനും പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കാനും 2024 ല്‍ സാധിക്കുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. സംസ്ഥാനത്തെ വിനോദസഞ്ചാര വൈവിധ്യങ്ങളും ദൃശ്യചാരുതയും പകര്‍ത്തി ഈയിടെ പുറത്തിറക്കിയ കേരള ടൂറിസത്തിന്‍റെ 'എന്‍റെ കേരളം എന്നും സുന്ദരം' പ്രചാരണ വീഡിയോക്ക് ലോകമെമ്പാടുമുള്ള യാത്രാ പ്രേമികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതുവഴി പുതിയ സീസണില്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാകും. 

ഇതിനു പിന്നാലെ നടക്കുന്ന കെടിഎം കേരള ടൂറിസത്തിന് നിര്‍ണായകമാണ്. വിവിധ ലോകരാജ്യങ്ങളില്‍ നിന്നും ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ബയര്‍മാര്‍ കെടിഎമ്മില്‍ പങ്കെടുക്കുന്നുണ്ട്. 2,839 ബയര്‍മാരാണ് മാര്‍ട്ടില്‍ പങ്കെടുക്കുന്നത്. ഇത് കെടിഎമ്മിന്‍റെ ചരിത്രത്തിലെ മികച്ച നേട്ടമാണ്. 

കേരള ടൂറിസം വ്യവസായത്തിന് ഗുണകരമാകുന്നതാണ് ഈ വര്‍ധനവ്. 2,035 ആഭ്യന്തര ബയര്‍മാരും 76 രാജ്യങ്ങളില്‍ നിന്നായി 804 വിദേശബയര്‍മാരുമാണ് കെടിഎമ്മിന്‍റെ ഭാഗമാകുന്നത്. സംസ്ഥാനത്തെ ടൂറിസം സെല്ലേഴ്സിന് ഇത് മികച്ച അവസരമൊരുക്കുമെന്നും ആഭ്യന്തര സഞ്ചാരികള്‍ക്കൊപ്പം വിദേശസഞ്ചാരികളുടെ എണ്ണവും ബുക്കിംഗും വര്‍ധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എക്സ്പോ ഉദ്ഘാടനം ചെയ്ത മന്ത്രി വിവിധ ടൂറിസം സ്ഥാപനങ്ങളുടെയും ഉത്പന്നങ്ങളുടെയും സ്റ്റാളുകള്‍ സന്ദര്‍ശിച്ചു. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി, കേരള ടൂറിസം ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവെല്‍സ് സ്റ്റഡീസ് (കിറ്റ്സ്), തമിഴ്നാട് ടൂറിസം, കര്‍ണാടക ടൂറിസം, ഇന്‍ക്രെഡിബിള്‍ ഇന്ത്യ സ്റ്റാളുകളില്‍ മന്ത്രി സമയം ചെലവിട്ടു. ഉത്തരവാദിത്ത ടൂറിസം പവലിയനില്‍ കളിമണ്‍പാത്ര നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ട മന്ത്രി തമിഴ്നാട്, കര്‍ണാടക ടൂറിസം പ്രതിനിധികളുമായി കുശലാന്വേഷണം നടത്തുകയും കെടിഎമ്മിന്‍റെ ഭാഗമായതിലെ നന്ദി അറിയിക്കുകയും ചെയ്തു. കെടിഡിസി ഹോട്ടലുകളുടെ വിശദവിവരങ്ങളടങ്ങിയ ആല്‍ബം പരിശോധിച്ച മന്ത്രി അഡ്വഞ്ചര്‍ ടൂറിസം സൊസൈറ്റി സ്റ്റാളും സന്ദര്‍ശിച്ചു.

ടൂറിസം സെക്രട്ടറി കെ ബിജു, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, കെടിഎം സൊസൈറ്റി പ്രസിഡന്‍റ് ജോസ് പ്രദീപ്, സെക്രട്ടറി എസ് സ്വാമിനാഥന്‍ തുടങ്ങിയവരും മന്ത്രിയെ അനുഗമിച്ചു.