എല്ലാ തരം ടൂറിസം സാധ്യതകളും നിലനിൽക്കുന്ന അക്ഷയഖനിയാണ് കാസർകോടെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

ബേക്കൽ ബീച്ച് പാർക്കിൽ സംഘടിപ്പിച്ച ലാന്റൺ ഫെസ്റ്റ് ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ടൂറിസത്തിന് ഇത്രയേറെ സാധ്യതകളുള്ള മറ്റൊരു ജില്ലയില്ലെന്നും എല്ലാത്തരം ടൂറിസം സാധ്യതകളും ഒരുപോലെ നിലനിൽക്കുന്ന ജില്ലയാണ് കാസർകോടെന്നും മന്ത്രി പറഞ്ഞു.

 

കാസർ​ഗോട് : ബേക്കൽ ബീച്ച് പാർക്കിൽ സംഘടിപ്പിച്ച ലാന്റൺ ഫെസ്റ്റ് ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ടൂറിസത്തിന് ഇത്രയേറെ സാധ്യതകളുള്ള മറ്റൊരു ജില്ലയില്ലെന്നും എല്ലാത്തരം ടൂറിസം സാധ്യതകളും ഒരുപോലെ നിലനിൽക്കുന്ന ജില്ലയാണ് കാസർകോടെന്നും മന്ത്രി പറഞ്ഞു. ബീച്ച് ടൂറിസം, സാഹസിക ടൂറിസം, ഫാം ടൂറിസം, സാംസ്‌കാരിക ടൂറിസം, കായൽ ടൂറിസം തുടങ്ങി വൈവിധ്യമാർന്ന ടൂറിസം സാധ്യതകളുടെ അക്ഷയ ഖനിയാണ് കാസർകോട്.

 കോട്ടപ്പുറത്ത് നിലവിൽ 40 ഹൗസ് ബോട്ടുകളുണ്ടെന്നും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇത് 250 ആയി വർധിപ്പിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം വികസനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് അനിവാര്യമാണ്. ജില്ലയിൽ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ വലിയ സാധ്യതകളുണ്ട്. ഇതിനായി ജില്ലയിൽ ഒരു ദിവസം പൂർണമായും ചെലവഴിച്ച് എം.പി, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ, ജില്ലാ കളക്ടർ, ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച കനടത്തുമെന്നും മന്ത്രി ഉറപ്പുനൽകി. കെ.നീലകണ്ഠൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യാതിഥിയായി.

ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിന്റെ പ്രധാന കേന്ദ്രമായി ബേക്കലിന് മാറാൻ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതൽ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾ നടക്കുന്ന സ്ഥലങ്ങളിലൊന്നാണ് ബേക്കൽ. കാസർകോട് ജില്ലയുടെ ടൂറിസം സാധ്യതകൾ ഇനിയും പ്രയോജനപ്പെടുത്തി കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയണമെന്നും അദ്ദേഹം ചേർത്തു.  കല്ലട്ര മാഹിൻ ഹാജി എം.എൽ.എ,ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ്, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ, ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രൻ നാലാം വാതുക്കൽ, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. കുഞ്ഞിരാമൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.സോയ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുളള കുഞ്ഞി ചെർക്കള,കാസർകോട് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി.വി. രാധിക, സുകുമാരി, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി.കെ ഫൈസൽ, ഹരിഷ് ബി.നമ്പ്യാർ,  കെ.ഇ.എ ബക്കർ ടി.വി ഉമേശൻ, സാജിദ് മൗവ്വൽ, സിദ്ദീഖ് പള്ളിപ്പുഴ, പി.എച്ച്. ഹനീഫ, ബേക്കൽ ബീച്ച് പ്രൊമോഷൻ സൊസൈറ്റി മാനേജിങ് ഡയറക്ടർ കെ.കെ. ലത്തീഫ്, ഫിനാൻസ് കമ്മിറ്റി കൺവീനർ അഡ്വ. വി.ആർ. വിദ്യാസാഗർ തുടങ്ങിയവർ പങ്കെടുത്തു.പരിപാടിയുടെ ഭാഗമായി നടന്ന മെഹന്തി ഫെസ്റ്റിലെ വിജയികൾക്ക് മന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്തു. ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റ് ചീഫ് കോ-ഓർഡിനേറ്റർ ഹക്കീം കുന്നിൽ സ്വാഗതവും ബി.ആർ.ഡി.സി. ജനറൽ മാനേജർ കെ.എം. രവീന്ദ്രൻ നന്ദിയും പറഞ്ഞു.