മലമ്പുഴ കവയില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം
മലമ്പുഴ ആനക്കല്‍ (കവ) റോഡില്‍ ശക്തമായ മഴയെത്തുടര്‍ന്ന് ഒന്നാംപുഴ പാലത്തിന്റെ കല്‍വര്‍ട്ട് തകര്‍ന്ന സാഹചര്യത്തില്‍ കര്‍ശന യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി
പാലക്കാട്: മലമ്പുഴ ആനക്കല്‍ (കവ) റോഡില്‍ ശക്തമായ മഴയെത്തുടര്‍ന്ന് ഒന്നാംപുഴ പാലത്തിന്റെ കല്‍വര്‍ട്ട് തകര്‍ന്ന സാഹചര്യത്തില്‍ കര്‍ശന യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണായ ജില്ലാ കലക്ടര്‍ അറിയിച്ചു. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി റോഡ് സുരക്ഷിതമാക്കുന്നത് വരെ വിനോദസഞ്ചാരികള്‍ക്കും ഭാരവാഹനങ്ങള്‍ക്കുമാണ് പ്രദേശത്തേക്ക് സഞ്ചാര വിലക്ക് ഏര്‍പ്പെടുത്തിയത്.
ജൂലൈ 8ന് പെയ്ത മഴയിലാണ് കവ റോഡിലെ പാലത്തിന് കേടുപാടുകള്‍ സംഭവിച്ചത്. ദിവസേന നിരവധി വിനോദസഞ്ചാരികള്‍ എത്തുന്ന പ്രദേശമായതിനാല്‍ പാലത്തിന്റെയും റോഡിന്റെയും നിലവിലെ അവസ്ഥ അപകടങ്ങള്‍ക്ക് കാരണമാകാന്‍ സാധ്യതയുള്ളതിനാലാണ് മുന്‍കരുതല്‍ നടപടിയായി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മറിച്ചൊരുത്തരവ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരും.
അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി റോഡ് സുരക്ഷിതമാക്കാന്‍ ആവശ്യമായ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പി.ഡബ്ല്യു.ഡി റോഡ്‌സ് വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് യാത്രാ നിയന്ത്രണങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ജില്ലാ പോലീസ് മേധാവിയെയും ചുമതലപ്പെടുത്തി.