അവധിക്കാല യാത്രകളുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍
ക്രിസ്മസ് പുതുവത്സര അവധി ദിനങ്ങള്‍ ആഘോഷമാക്കാന്‍ യാത്രകളുമായി കെ.എസ്.ആര്‍.ടി.സി കൊല്ലം ബജറ്റ് ടൂറിസം സെല്‍.
ക്രിസ്മസ് പുതുവത്സര അവധി ദിനങ്ങള്‍ ആഘോഷമാക്കാന്‍ യാത്രകളുമായി കെ.എസ്.ആര്‍.ടി.സി കൊല്ലം ബജറ്റ് ടൂറിസം സെല്‍. അവധി ദിനങ്ങളിലെ പുതിയ ടൂര്‍ ലൊക്കേഷനുകള്‍ ഉള്‍പ്പെടുത്തി കലണ്ടര്‍ പ്രസിദ്ധീകരിച്ചു. കമ്പം- മധുര- തഞ്ചാവൂര്‍, പാലക്കാട് -നെല്ലിയാമ്പതി, വേളാങ്കണ്ണി, മലമേല്‍ പാറ എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയ ട്രിപ്പുകള്‍. ഡിസംബര്‍ 14, 28 തീയതികളില്‍ മൂന്നാര്‍, ഡിസംബര്‍ 21, 23 തീയതികളില്‍ കപ്പല്‍ യാത്ര, ഡിസംബര്‍ 31 ന് വാഗമണ്‍ ന്യൂഇയര്‍ യാത്ര എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
ഡിസംബര്‍ 14നും 27നും ചാര്‍ട്ട് ചെയ്ത മെട്രോവൈബ്‌സ് യാത്രയില്‍ ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി കാഴ്ചകള്‍ക്കൊപ്പം വാട്ടര്‍ മെട്രോയും റെയില്‍ മെട്രോയും ഉള്‍പ്പെടുത്തി. 870 രൂപയാണ് നിരക്ക്. കുളത്തുപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍ എന്നീ അയ്യപ്പ ക്ഷേത്രങ്ങള്‍ തൊഴുതു പന്തളത്തു എത്തി തിരുവാഭരണ ദര്‍ശനവും കണ്ട് മടങ്ങുന്ന അയ്യപ്പ തീര്‍ത്ഥാടനം ഡിസംബര്‍ 14, 28 ദിവസങ്ങളില്‍ ഉണ്ടായിരിക്കും..
പൊന്മുടിയിലേക്ക് ഡിസംബര്‍ 15, 22, 25 ദിവസങ്ങളില്‍ യാത്രകള്‍ ഉണ്ടായിരിക്കും. എല്ലാ പ്രവേശന ഫീസുകളും ഉള്‍പ്പടെ 770 രൂപയാണ് നിരക്ക്. കമ്പത്തെ മുന്തിരി തോട്ടങ്ങള്‍ കണ്ട് മധുര മീനാക്ഷി ക്ഷേത്രം വഴി തഞ്ചാവൂര്‍ ബ്രഹദീശ്വര ക്ഷേത്ര ദര്‍ശനം നടത്തുന്ന യാത്ര ഡിസംബര്‍ 20 രാത്രി 10 ന് ആരംഭിക്കും. ഒരാള്‍ക്ക് 2350 രൂപയാണ് നിരക്ക്. ക്രിസ്മസ് അവധി ആരംഭിക്കുന്ന ഡിസംബര്‍ 21നും 23നും ചാര്‍ട്ട് ചെയ്തിട്ടുള്ള നെഫര്‍റ്റിട്ടി കപ്പല്‍ യാത്രക്കായുള്ള ബുക്കിംഗ് പുരോഗമിക്കുന്നു.
രാവിലെ 10 മണിക്ക് കൊല്ലം ബസ് സ്റ്റേഷനില്‍ നിന്നും ആരംഭിച്ച് എ.സി ലോ ഫ്‌ലോര്‍ ബസില്‍ എറണാകുളത്തു എത്തി 5 മണിക്കൂര്‍ അറബിക്കടലില്‍ സഞ്ചരിക്കുന്ന കപ്പല്‍ യാത്രക്ക് 4240 രൂപയാണ് നിരക്ക്. ഡിസംബര്‍ 21, 29 എന്നീ ദിവസങ്ങളിലായി ഇല്ലിക്കല്‍കല്ല് - ഇലവീഴാ പൂഞ്ചിറ യാത്ര ഉണ്ടായിരിക്കും. നിരക്ക് 820 രൂപ. അയ്യപ്പന്‍ കോവില്‍ തൂക്കു പാലം വഴി രാമക്കല്‍ മേട് പോകുന്ന യാത്ര 22 ന് രാവിലെ അഞ്ചു മണിക്ക് ആരംഭിക്കും. 1070 രൂപയാണ് നിരക്ക്..
24 ന് രണ്ടു യാത്രകള്‍ ഉണ്ടായിരിക്കും- കന്യാകുമാരിയും റോസ്മലയും ... തൃപ്പരപ്പ് വെള്ളച്ചാട്ടം, പദ്മനാഭപുരം കൊട്ടാരം എന്നിടങ്ങള്‍ കയറി കന്യാകുമാരിയിലെത്തി അസ്തമയ കാഴ്ച ആസ്വദിച്ചു മടങ്ങുന്ന യാത്രക്ക് 800 രൂപയാണ് നിരക്ക്.. ക്രിസ്മസ് ദിനത്തില്‍ ചാര്‍ട്ട് ചെയ്തിട്ടുള്ള അഞ്ചുരുളി - കാല്‍വരി മൗണ്ട് ഇടുക്കി യാത്ര രാവിലേ അഞ്ചു മണിക്ക് കൊല്ലത്തു നിന്നും ആരംഭിക്കും. 1020 രൂപയാണ് ചാര്‍ജ്.
കൊല്ലത്തുനിന്നുള്ള ആദ്യ പാലക്കാട് യാത്ര ഡിസംബര്‍ 26 രാത്രി 8 മണിക്ക് കൊല്ലത്തുനിന്നും തിരിക്കും. പാലക്കാട് കോട്ട, കല്‍പ്പാത്തി, മലമ്പുഴ, തസ്രാക്ക്, കൊല്ലംകോട് ഗ്രാമം എന്നിവയ്ക്കുശേഷം നെല്ലിയാമ്പതി സന്ദര്‍ശിക്കുന്ന രണ്ട് ദിവസത്തെ യാത്ര 28 ന് മടങ്ങി എത്തും. 2750 രൂപയാണ് നിരക്ക്. പാലോട് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, മങ്കയം വെള്ളച്ചാട്ടം, കൂരിയൊട്ടു ഫാം, മലമേല്‍പാറ യാത്ര ഡിസംബര്‍ 29 ന് നടക്കും.
പുതുവര്‍ഷത്തെ വേളാങ്കണ്ണി പള്ളിയിലെ ആദ്യ മലയാള കുര്‍ബാനയില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കുന്ന വേളാങ്കണ്ണി യാത്ര 31 ന് രാവിലെ എട്ടിന് ആരംഭിക്കും. 2760 രൂപയാണ് നിരക്ക്. പുതുവര്‍ഷം ആഘോഷിക്കാന്‍ അവസരം ഒരുക്കുന്ന വാഗമണ്‍ യാത്ര 31 ന് രാവിലെ ഒമ്പതിന് ആരംഭിക്കും. അന്വേഷണങ്ങള്‍ക്ക്: 9747969768, 9495440444, 7592928817.