പുതിയ സർക്കാരിന് സ്വാഗതം; ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനായി കേരള ട്രാവൽ മാർട്ട്
വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സംസ്ഥാന സർക്കാരിന് ആശംസയുമായി കേരള ട്രാവൽ മാർട്ട്(കെടിഎം). ഭൂമി തരംമാറ്റുന്നതിനുള്ള നടപടികളിലെ ലഘൂകരണം, നിലവാരമുള്ള പൊതുടോയ്‌ലറ്റുുകൾ, അടിസ്ഥാന സൗകര്യവികസനത്തിനു മാത്രമായി സംസ്ഥാനതല ഫണ്ട് തുടങ്ങിയ കാര്യങ്ങളിൽ സർക്കാരിന്റെ അടിയന്തര ശ്രദ്ധ ക്ഷണിക്കുന്നതായി കെടിഎം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് അറിയിച്ചു.
കൊച്ചി: വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സംസ്ഥാന സർക്കാരിന് ആശംസയുമായി കേരള ട്രാവൽ മാർട്ട്(കെടിഎം). ഭൂമി തരംമാറ്റുന്നതിനുള്ള നടപടികളിലെ ലഘൂകരണം, നിലവാരമുള്ള പൊതുടോയ്‌ലറ്റുുകൾ, അടിസ്ഥാന സൗകര്യവികസനത്തിനു മാത്രമായി സംസ്ഥാനതല ഫണ്ട് തുടങ്ങിയ കാര്യങ്ങളിൽ സർക്കാരിന്റെ അടിയന്തര ശ്രദ്ധ ക്ഷണിക്കുന്നതായി കെടിഎം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് അറിയിച്ചു.
സംസ്ഥാനത്തിന്റെ ജിഡിപിയിലും റവന്യൂ വരുമാനത്തിലും വലിയ പങ്കുവഹിക്കുന്ന ടൂറിസം മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് സർക്കാർ നൽകേണ്ടത്. ഹോട്ടലുകൾക്ക് പുറമെ ടാക്സി, ഓട്ടോറിക്ഷ തുടങ്ങി സമൂഹത്തിലെ എല്ലാവർക്കും ഗുണകരമാകുന്നതും സർക്കാരിന് വലിയൊരു നികുതി വരുമാനം നൽകുന്നതുമാണ് ടൂറിസം മേഖല.
അടിസ്ഥാന സൗകര്യ വികസനത്തിൽ റോഡുകൾ മെച്ചപ്പെടുന്നുണ്ടെങ്കിലും, വിനോദസഞ്ചാര കേന്ദ്രങ്ങളിലും മൂന്നാർ, വയനാട് പോലുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രാമധ്യേയും വൃത്തിയുള്ള ടോയ്‌ലറ്റുകളുടെ അഭാവം വലിയൊരു പ്രശ്നമാണ്. ടൂറിസ്റ്റുകൾ ഇപ്പോഴും ഇതിനായി ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. വിദേശ രാജ്യങ്ങളിലെ മാതൃകയിൽ പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് (പിപിപി) വഴി, പെട്രോൾ പമ്പുകളോട് ചേർന്ന് സൂപ്പർമാർക്കറ്റുകളും നല്ല ശൗചാലയങ്ങളും നിർമ്മിക്കാൻ സർക്കാർ മുൻകൈ എടുക്കണം. മുസിരിസ് പൈതൃക പദ്ധതി, ജടായു എർത്ത് സെൻ്റർ, വടകര ക്രാഫ്റ്റ് വില്ലേജ് മാതൃകയിൽ മെഗാ ടൂറിസം പദ്ധതികൾ ജില്ലകൾ കേന്ദ്രീകരിച്ച് നടപ്പാക്കാനുള്ള സാധ്യത തേടണമെന്നും അഭ്യർഥിച്ചു.
ടൂറിസം വികസനത്തിനും സ്വകാര്യ സംരംഭകർക്കും നിലവിൽ ഏറ്റവും വലിയ തടസ്സമായി നിൽക്കുന്നത് ഭൂമി തരംമാറ്റലിലെ കാലതാമസമാണെന്ന് ജോസ് പ്രദീപ് ചൂണ്ടിക്കാട്ടി. ഒരു ഹോട്ടലോ കെട്ടിടമോ പണിയാൻ അനുമതി ലഭിക്കണമെങ്കിൽ ഭൂമി തരംമാറ്റേണ്ടതുണ്ട്, എന്നാൽ ഇതിനായി രണ്ടു വർഷത്തോളം സമയമെടുക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ തോതിൽ തടസ്സം നിൽക്കുന്ന ഈ ഭൂമി തരംമാറ്റൽ പ്രക്രിയ അടിയന്തരമായി സുതാര്യമാക്കണം.
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനവും സർക്കാർ അടിയന്തരമായി പരിഗണിക്കണം. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ഫോർട്ട് കൊച്ചിയിലെ ബീച്ച് നവീകരണം അടിയന്തരമായി നടപ്പിലാക്കേണ്ടതുണ്ടെന്ന് കെടിഎം സെക്രട്ടറി എസ് സ്വാമിനാഥൻ പറഞ്ഞു. മുൻപ് തീരുമാനിച്ചിരുന്ന 'ക്വീൻ ഓഫ് അറേബ്യൻ സീ' എന്ന പ്രതിമാനിർമ്മാണം, ഫോർട്ട് കൊച്ചിയിൽ നിന്നും ബോൾഗാട്ടി വരെയുള്ള കേബിൾ കാർ പദ്ധതി തുടങ്ങിയവ നടപ്പിലാക്കിയാൽ കൂടുതൽ വിനോദസഞ്ചാരികളെ എത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ നിലവാരത്തകർച്ച നേരിടുന്ന കോവളം ബീച്ചും അനുബന്ധ സൗകര്യങ്ങളും മികച്ച രീതിയിൽ വികസിപ്പിക്കേണ്ടതുണ്ട്. കൂടാതെ വയനാട് ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കും ശോചനീയാവസ്ഥയും പരിഹരിക്കാൻ സർക്കാർ സത്വര നടപടിയെടുക്കുമെന്ന് വിശ്വസിക്കുന്നു.
ടൂറിസത്തിനായി സർക്കാർ അനുവദിക്കുന്ന മുന്നൂറ് മുതൽ മുന്നൂറ്റി അൻപത് കോടി രൂപ വരെയുള്ള ധനസഹായത്തിൽ നാൽപത് ശതമാനം മാത്രമേ ഈ മേഖലയ്ക്കായി ചിലവാക്കുന്നുള്ളൂ എന്നത് മറ്റൊരു പ്രധാന പ്രശ്നമാണ്. ടൂറിസം ഫണ്ട് ഉപയോഗിച്ച് മറ്റ് വകുപ്പുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന പ്രവണത ഒഴിവാക്കണം. ഈ ഫണ്ട് ടൂറിസം മാർക്കറ്റിംഗിനും, രാജ്യത്തിനകത്തും ലോകമെമ്പാടുമുള്ള ട്രേഡ് ഫെയറുകൾ, റോഡ് ഷോകൾ, പാർട്ണർഷിപ്പ് മീറ്റുകൾ എന്നിവയ്ക്കും മാത്രം ഉപയോഗിച്ചാൽ ടൂറിസം വരുമാനം വർധിക്കും. സെപ്തംബറിൽ നടക്കാനിരിക്കുന്ന കേരള ട്രാവൽ മാർട്ടിന് അർഹമായ ധനസഹായവും പിന്തുണയും പുതിയ സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നതായും കെടിഎം ഭാരവാഹികൾ അറിയിച്ചു.