കേരള ടൂറിസം : ഉത്തരവാദിത്ത ടൂറിസം മിഷന്റെ തിരുനെല്ലി, ചേകാടി ട്രെയിലുകൾക്ക് തുടക്കമായി
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി കേരള ടൂറിസത്തിന്റെ കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റി നടപ്പിലാക്കുന്ന 'ലൈഫ് എക്സ്പീരിയൻസ് ട്രെയിൽസ് കേരള' പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ തിരുനെല്ലി, ചേകാടി ട്രെയിലുകൾക്ക് തുടക്കമായി. സർക്കാരിന്റെ 'ബ്രാൻഡ് വയനാട്' പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനത്തോടൊപ്പം ടൂറിസം മന്ത്രി പിസി വിഷ്ണുനാഥാണ് ട്രെയിലുകൾ ഉദ്ഘാടനം ചെയ്തത്.
കൽപ്പറ്റ: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി കേരള ടൂറിസത്തിന്റെ കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റി നടപ്പിലാക്കുന്ന 'ലൈഫ് എക്സ്പീരിയൻസ് ട്രെയിൽസ് കേരള' പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ തിരുനെല്ലി, ചേകാടി ട്രെയിലുകൾക്ക് തുടക്കമായി. സർക്കാരിന്റെ 'ബ്രാൻഡ് വയനാട്' പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനത്തോടൊപ്പം ടൂറിസം മന്ത്രി പിസി വിഷ്ണുനാഥാണ് ട്രെയിലുകൾ ഉദ്ഘാടനം ചെയ്തത്.
വയനാട്ടിലെ ഗ്രാമീണ ജീവിതവും തനത് സംസ്കാരവും സഞ്ചാരികൾക്ക് നേരിട്ട് അനുഭവവേദ്യമാക്കുക എന്ന കാഴ്ചപ്പാടോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് പിസി വിഷ്ണുനാഥ് പറഞ്ഞു. വയനാട്ടിലെ പ്രാദേശിക ജന ജീവിതത്തെയും തനത് സംസ്കാരത്തെയും അലോസരപ്പെടുത്താതെ ഉത്തരവാദിത്വമുള്ള ടൂറിസം സംസ്കാരം സൃഷ്ടിക്കുക എന്ന ലക്ഷ്യവും ഈ ഉദ്യമത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വയനാട്-തിരുനെല്ലി ട്രെയിലിലൂടെ പ്രകൃതിയും സംസ്കാരവും സമന്വയിക്കുന്ന കാഴ്ചകൾക്കൊപ്പം പ്രാദേശിക ഗോത്രവർഗ്ഗ സംസ്കാരം, കാടിനെ അറിയൽ, തിരുനെല്ലി ക്ഷേത്ര സന്ദർശനം എന്നിവ സഞ്ചാരികൾക്ക് ലഭ്യമാകും. തിരുനെല്ലി ക്ഷേത്രദർശനത്തിനു ശേഷം തൊട്ടടുത്തുള്ള ഗ്രാമഭംഗി നിറഞ്ഞൊഴുകുന്ന നെട്ടറ ഗ്രാമത്തിലേക്കാണ് പോകുന്നത്. അവിടെ ആഴം കുറഞ്ഞ പുഴയിൽ ഇറങ്ങാനും പ്രകൃതി ഭംഗി ആസ്വദിച്ച് വയലോരത്ത് കൂടി നടക്കാനും സൗകര്യമുണ്ട്. അവിടെനിന്നും പുല്ലുമേഞ്ഞ 150 വർഷം പഴക്കമുള്ള പരമ്പരാഗത വയനാടൻ ഗൃഹത്തിലേക്കാണ് യാത്ര. അതിനുശേഷം ഉണ്ണിയേട്ടന്റെ കടയിലെ ഉണ്ണിയപ്പവും വാങ്ങി കഴിച്ച് കാപ്പിത്തോട്ടവും സന്ദർശിച്ച് തിരികെ കൽപ്പറ്റയിൽ എത്തുന്ന വിധത്തിലാണ് ട്രെയിൽ ക്രമീകരിച്ചിരിക്കുന്നത്.
പച്ചപ്പുനിറഞ്ഞ നെൽവയലുകളാൽ സമ്പന്നമായ ചേകാടി ഗ്രാമജീവിതവും വയനാടൻ കാപ്പിയുടെ സുഗന്ധവും പാരമ്പര്യവും തൊട്ടറിയുന്നതാണ് ചേകാടി ഉൾപ്പെടുന്ന പാക്കേജ്. കാപ്പി കൃഷി മുതൽ വിളവെടുത്ത് ഉണക്കി ഗ്രൈൻഡ് ചെയ്ത് കാപ്പി ആകുന്നത് വരെയുള്ള കാര്യങ്ങൾ എക്സ്പീരിയൻസ് ചെയ്യാൻ കഴിയുന്ന വിധത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. അതോടൊപ്പം ചേകാടി ഗ്രാമീണ ജീവിതവും, ജീരകശാല-ഗന്ധകശാല കൃഷി ചെയ്യുന്ന പാടശേഖരങ്ങളിലൂടെയുള്ള യാത്ര, തനത് ഗോത്ര സംസ്കാരവുമായി ബന്ധപ്പെട്ട കലാപരിപാടികൾ എന്നിവ ചേർന്നതാണ് പാക്കേജ്. ബാലൻ സിനിമയിലൂടെ പ്രശസ്തമായ ബസ് സ്റ്റോപ്പ്, കൂടാതെ, പരമ്പരാഗത നെൽവിത്തുകളുടെ കാവലാളായ പത്മശ്രീ ചെറുവയൽ രാമന്റെ കാർഷിക പാരമ്പര്യവും ജൈവവൈവിധ്യ സംരക്ഷണ രീതികളും അടുത്തറിയാനുള്ള അസുലഭ അവസരവും ഈ പാക്കേജിലൂടെ ഒരുക്കിയിട്ടുണ്ട്.
ഉത്തരവാദിത്ത വിനോദസഞ്ചാരത്തിൽ ഊന്നി, സുസ്ഥിരമായ ടൂറിസം പ്രവർത്തനങ്ങളിലൂടെ തദ്ദേശീയ സമൂഹത്തിന്റെ ജീവിതവും തൊഴിലും പരമ്പരാഗത കലാരൂപങ്ങളും സഞ്ചാരികൾക്ക് നേരിട്ട് അനുഭവവേദ്യമാക്കാൻ ലക്ഷ്യമിട്ടാണ് 'ലൈഫ് എക്സ്പീരിയൻസ് ട്രയൽസ്' എന്ന പുതിയ പാക്കേജിന് തുടക്കം കുറിച്ചിരിക്കുന്നതെന്ന് കേരള ആർ ടി മിഷൻ സിഇഒ കെ രൂപേഷ് കുമാർ പറഞ്ഞു. വയനാട്ടിലെ ഗ്രാമീണ ജീവിതത്തിന്റെ അനന്തസാധ്യതകളെ കോർത്തിണക്കി ഭക്ഷണ വൈവിധ്യം, കലാരൂപങ്ങൾ, പരമ്പരാഗത തൊഴിൽ മേഖലകൾ എന്നിവയെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള വിപുലമായ അനുഭവങ്ങളാണ് ഈ പാക്കേജിലൂടെ ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സഞ്ചാരികൾക്കും ടൂർ ഓപ്പറേറ്റർമാർക്കും ട്രെയിലുകൾ ബുക്ക് ചെയ്യുന്നതിനായി ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (www.keralatourism.org/rt) സൗകര്യം ലഭ്യമാണ്.