പൂർവേഷ്യൻ രാജ്യങ്ങളിലെ വിപണി പ്രയോജനപ്പെടുത്താൻ മലേഷ്യ എയർലൈൻസുമായി സഹകരിച്ച് കേരള ടൂറിസം

 

തിരുവനന്തപുരം: പുത്തൻ വിപണികൾ കണ്ടെത്തി കൂടുതൽ വിദേശ വിനോദസഞ്ചാരികളെ  ആകർഷിക്കുന്നതിനായി മലേഷ്യ എയർലൈൻസുമായി സഹകരിച്ച് ടൂറിസം വകുപ്പ് നടപ്പാക്കുന്ന ലുക്ക് ഈസ്റ്റ് മാർക്കറ്റിംഗ് കാമ്പയിനിൻറെ ഭാഗമായുള്ള മെഗാ ഫാം ടൂറിനും ബി2ബി മീറ്റിനും തുടക്കമായി.

മലേഷ്യ, ഇന്തോനേഷ്യ, തായ് വാൻ, സിംഗപ്പൂർ, തായ് ലൻഡ്, ജപ്പാൻ, വിയറ്റ്നാം, ഓസ്ട്രേലിയ, ന്യൂസിലൻഡ്, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള കേരള ടൂറിസത്തിൻറെ സുപ്രധാന ചുവടുവയ്പ്പാണിതെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ലുക്ക് ഈസ്റ്റ് മാർക്കറ്റിംഗ് കാമ്പയിനിൻറെ ഭാഗമായുള്ള മെഗാ ഫാം ടൂറും ബി2ബി മീറ്റും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രിൽ 9 മുതൽ 13 വരെ മലേഷ്യ എയർലൈൻസുമായി ചേർന്നാണ് ഫാം ടൂർ സംഘടിപ്പിക്കുന്നത്.

കേരള ടൂറിസത്തെ ആഗോളതലത്തിലേക്ക് ഉയർത്തുക എന്ന സർക്കാർ കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ മലേഷ്യ എയർലൈൻസുമായുള്ള സഹകരണത്തിലൂടെ സാധിക്കും. കേരള ടൂറിസത്തിൻറെ ആഗോള വ്യാപനത്തിലേക്കുള്ള വലിയ കുതിച്ചു ചാട്ടം ഇതിലൂടെ സാധ്യമാകും. കേരള ടൂറിസത്തിൻറെ  സുപ്രധാന നാഴികക്കല്ലുകളിലൊന്നായ 'ലുക്ക് ഈസ്റ്റ്' നയം പുതിയ വിപണികൾ കണ്ടെത്തുന്നതിനുള്ള ദിശാ സൂചികയാണെന്നും അദ്ദേഹം പറഞ്ഞു.

എട്ട് രാജ്യങ്ങളിൽ നിന്നായി 75 ഓളം പ്രതിനിധികൾ അടങ്ങിയ സംഘമാണ് കേരള സന്ദർശനത്തിനായി തിരുവനന്തപുരത്ത് എത്തിയത്. ഇതിൽ 40 ഓളം ട്രാവൽ ഏജൻറുമാർ, 17 സോഷ്യൽ മീഡിയ ഇൻഫ്ളുവെൻസേഴ്സ്, ടൂറിസം വ്യവസായ പങ്കാളികൾ എന്നിവർ ഉൾപ്പെടും. അർത്ഥവത്തായ ഇടപെടലുകൾ, വേഗത്തിലുള്ള വ്യവസായ ബന്ധങ്ങൾ, ഒരു മുൻനിര യാത്രാ ലക്ഷ്യസ്ഥാനമെന്ന നിലയിൽ തിരുവനന്തപുരത്തിൻറെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുക എന്നിവ ഈ സംരംഭം ലക്ഷ്യമിടുന്നു.

ചടങ്ങിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി. സുരേഷ് കുമാർ, കേരള ടൂറിസം സെക്രട്ടറി ബിജു. കെ,  മലേഷ്യ ഏവിയേഷൻ ഗ്രൂപ്പിലെ എയർലൈൻസ് ബിസിനസ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ (സിസിഒ) ദെർസെനീഷ് അരസന്ദിരൻ, കേരള ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ എന്നിവരും പങ്കെടുത്തു.

കേരള നിയമസഭ രാഷ്ട്രീയ ഭേദമില്ലാതെ ഈ സംരംഭത്തെ ഏകകണ്ഠമായി അഭിനന്ദിച്ചതായി മന്ത്രി അറിയിച്ചു. നിലവിൽ മലേഷ്യ, ഇന്തോനേഷ്യ, തായ് വാൻ, സിംഗപ്പൂർ, തായ് ലൻഡ്, ജപ്പാൻ, വിയറ്റ്നാം, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കേരളത്തിൻറെ കണക്ടിവിറ്റി വർധിച്ചിട്ടുണ്ട്. ഈ സാഹചര്യം പ്രയോജനപ്പെടുത്തി പൂർവേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കൂടുതൽ വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

'ലുക്ക് ഈസ്റ്റ്' നയത്തിൻറെ ഭാഗമായി സംസ്ഥാന സർക്കാരും മലേഷ്യ എയർലൈൻസും തമ്മിലുള്ള പങ്കാളിത്തവും ചടങ്ങിൽ പ്രഖ്യാപിച്ചു.

കേരളത്തിൻറെ വിനോദസഞ്ചാര മേഖലയിൽ തിരുവനന്തപുരം കേന്ദ്രീകരിച്ച് മലേഷ്യ എയർലൈൻസ് വലിയ നിക്ഷേപം നടത്തുന്നുണ്ടെന്ന് മലേഷ്യ ഏവിയേഷൻ ഗ്രൂപ്പിലെ എയർലൈൻസ് ബിസിനസ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ (സിസിഒ) ദെർസെനിഷ് അരസന്ദിരൻ പറഞ്ഞു. കേരളത്തിലേക്ക് നാലോ അഞ്ചോ വിമാന സർവീസുകൾ നടത്താൻ സാധിക്കുന്നതിലേക്ക് വളരാനാണ് ശ്രമിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ വൈഡ് ബോഡി എയർക്രാഫ്റ്റ്  ഇറക്കുന്ന ആദ്യത്തെ പ്രീമിയം എയർലൈനായി മാറാൻ മലേഷ്യ എയർലൈൻസിന് കഴിഞ്ഞു.

കേരള ടൂറിസത്തിൻറെ സാധ്യതകൾ അനുഭവവേദ്യമാക്കുന്നത് മുന്നിൽ കണ്ട് കിഴക്കൻ രാജ്യങ്ങളിലെ എല്ലാ മികച്ച വ്യാപാര പങ്കാളികളെയും ഫാം ടൂറിൻറെ ഭാഗമായി കൊണ്ടുവന്നിട്ടുണ്ട്. കേരളത്തിലേക്കാണ് മലേഷ്യ എയർലൈൻസ് ആദ്യമായി ഫാം ടൂർ സംഘടിപ്പിക്കുന്നത്. മറ്റേതൊരു എയർലൈൻസിനു ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ കേരള ടൂറിസത്തിനായി ചെയ്യാൻ സാധിക്കും. തിരുവനന്തപുരത്തേക്ക് വിമാന സർവീസ് നടത്തുന്ന ഒരേയൊരു പ്രീമിയം കാരിയർ മലേഷ്യ എയർലൈൻസാണ്. ഒരു വർഷത്തിനുള്ളിൽ സർവീസുകളുടെ എണ്ണം ഇരട്ടിയാക്കാൻ ആഗ്രഹിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള ടൂറിസത്തിനും മലേഷ്യ എയർലൈൻസിനും ഗുണകരമാകുന്ന വിധത്തിലാണ് 'ലുക്ക് ഈസ്റ്റ്' നയം വിഭാവനം ചെയ്തിരിക്കുന്നതെന്ന് കേരള ടൂറിസം സെക്രട്ടറി ബിജു. കെ പറഞ്ഞു. എയർലൈനുകൾ, ഹോസ്പിറ്റാലിറ്റി വ്യവസായ മേഖല, ടൂർ ഓപ്പറേറ്റർമാർ, സേവന ദാതാക്കൾ തുടങ്ങിയവർ ഈ പങ്കാളിത്തത്തിൻറെ ഭാഗമാണ്.

പൂർവേഷ്യൻ രാജ്യങ്ങളിൽ കേരള ടൂറിസത്തിൻറെ വൈവിധ്യങ്ങളെ തുറന്നു കാട്ടുന്നതിൽ 'ലുക്ക് ഈസ്റ്റ്' കാമ്പയിൻ ഒരു സുപ്രധാന ചുവടുവയ്പ്പാണ്. വ്യവസായ പങ്കാളികൾ, പ്രാദേശിക സമൂഹത്തിൻറെ പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, കരകൗശല വിദഗ്ധർ എന്നിവരുമായി ചൈന, ജപ്പാൻ, മലേഷ്യ, ഓസ്ട്രേലിയ, ഇന്തോനേഷ്യ, ന്യൂസിലാൻഡ്, വിയറ്റ്നാം, ലാവോസ് എന്നിവിടങ്ങളിൽ നിന്നെത്തിയ പ്രതിനിധി സംഘം ആശയവിനിമയം നടത്തും. ടൂറിസം മേഖലയിലെ സഹകരണം വർധിപ്പിക്കുന്നത് ലക്ഷ്യമാക്കിയാണ് ബി 2 ബി സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേരള ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ കേരള ടൂറിസത്തിൻറെ പ്രധാന ആകർഷണങ്ങളെയും സാധ്യതകളെയും സഞ്ചാരികൾക്കും വിദേശ ടൂർ ഓപ്പറേറ്റർമാർക്കും മുന്നിൽ പരിചയപ്പെടുത്തുന്ന അവതരണം നടത്തി.

കേരള ട്രാവൽ മാർട്ട് സൊസൈറ്റി സെക്രട്ടറി സ്വാമിനാഥൻ. എസ്, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം സെക്രട്ടറി ജനറൽ പ്രസാദ് മഞ്ഞളി എന്നിവരും അവതരണം നടത്തി. പ്രമുഖ ടൂർ ഓപ്പറേറ്റർമാർ, സേവന ദാതാക്കൾ എന്നിവരും പങ്കെടുത്തു.