കാസർകോട് തീരദേശ ടൂറിസം സർക്യൂട്ട് യാഥാർത്ഥ്യമാക്കുന്നു: ഡി.പി.ആർ തയ്യാറാക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശം
കാസർകോട് : കാസർകോട് നഗര പരിധിയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി 'കാസർകോട് ടൂറിസം സർക്യൂട്ട്' പദ്ധതി. യാഥാർത്ഥ്യമാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. നെല്ലിക്കുന്ന് കസബ ഹാർബർ ഉൾപ്പെടുന്ന തീരദേശ മേഖലയെ മികച്ച ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള നവീന പദ്ധതികൾക്ക് ജില്ലാ ഭരണകൂടം, കാസർകോട് മുൻസിപ്പാലിറ്റി, ടൂറിസം വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ രൂപരേഖ തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലുള്ള സംഘം പ്രധാന ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഹാർബർ പുലിമുട്ട് ബീച്ച് കോർണിഷ് ചിൽഡ്രൻസ് പാർക്ക്, ലൈറ്റ് ഹൗസ്, തളങ്കര പടിഞ്ഞാറ്, സീവ്യൂ പാർക്ക് ഗുഡ് വൈബ്സ് ഡി.ടി.പി.സി അമനറ്റി സെന്റർ എന്നിവിടങ്ങളിലാണ് സന്ദർശിച്ചത്. പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോർട്ട് (DPR) അടിയന്തരമായി തയ്യാറാക്കി സമർപ്പിക്കാൻ ജില്ലാ കളക്ടർ ഡി.ടി.പി.സിക്ക് നിർദ്ദേശം നൽകി.
കാസർകോട് ഹാർബർ പുലിമുട്ടിന് സമീപം ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ സാഹസിക വിനോദസഞ്ചാര (Adventure Tourism) പദ്ധതി ആരംഭിക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ തീരുമാനിച്ചു. പ്രകൃതി സൗന്ദര്യത്തിന് കോട്ടം തട്ടാതെ ശരിയായ വെളിച്ചം, ശുചിമുറി, പാർക്കിംഗ്, കടകൾ, ഇരിപ്പിടങ്ങൾ, സാഹസിക പ്രവർത്തനങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തും. ടൂറിസ്റ്റുകൾക്കായി മികച്ച സുരക്ഷാ സംവിധാനങ്ങളും ഇവിടെയൊരുക്കും. ഹാർബർ പുലിമുട്ടിലേക്കുള്ള റോഡിന്റെ നിർമ്മാണവും പുലിമുട്ടിൽ ശരിയായ വെളിച്ചവും സി.സി.ടി.വി ക്യാമറകളും സ്ഥാപിക്കുമെന്ന് ഹാർബർ എഞ്ചിനീയറിംഗ് വിഭാഗം അറിയിച്ചു. തീരദേശ നിയന്ത്രണ ചട്ടങ്ങൾ (CRZ) പൂർണ്ണമായും പാലിച്ചായിരിക്കും നിർമ്മാണ പ്രവൃത്തികൾ. കസബയിലെ ടൂറിസം അമ്‌നെറ്റി സെന്റർ കൂടുതൽ കാര്യക്ഷമമാക്കാനും കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.
കേരള മാരിടൈം ബോർഡും നഗരസഭയും ചേർന്ന് തളങ്കര പ്രദേശത്ത് ടൂറിസം വികസനം സാധ്യമാക്കും. മുനിസിപ്പാലിറ്റി സീ വ്യൂ പാർക്ക് നന്നായി പരിപാലിക്കും. കാസർകോട് മുൻസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള പാർക്കുകളുടെ വികസനം വേഗത്തിലാക്കുമെന്ന് നഗരസഭ ചെയർപേഴ്‌സൺ ഷാഹിന സലിം അറിയിച്ചു. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ലൈറ്റ് ഹൗസിന് മുൻവശത്തായി വിപുലമായ പാർക്ക് നിർമ്മിക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. തളങ്കര പടിഞ്ഞാറ് ഭാഗത്ത് കേരള മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (PPP) ടൂറിസം പ്രൊജക്ട് നടപ്പിലാക്കുന്നതിനുള്ള ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണെന്ന് പോർട്ട് കൺസർവേറ്റർ മുഹമ്മദ് റാഫി വ്യക്തമാക്കി. സംഘം തളങ്കര പാർക്കും ലൈറ്റ് ഹൗസും സന്ദർശിച്ചു.
ലൈറ്റ് ഹൗസ് സന്ദർശന സമയം വർദ്ധിപ്പിക്കാൻ ആവശ്യപ്പെടും
കേന്ദ്ര പോർട്ട്, ഷിപ്പിംഗ് ആന്റ് വാട്ടർവേയ്‌സ് മന്ത്രാലയത്തിന് കീഴിലുള്ള കാസർകോട് ലൈറ്റ് ഹൗസിലെ സന്ദർശന സമയം വർദ്ധിപ്പിക്കാൻ ആവശ്യപ്പെടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നിലവിൽ അറ്റകുറ്റപണികൾ നടക്കുന്നതും കളക്ടർ വിലയിരുത്തി. നിലവിൽ വൈകിട്ട് നാല് മുതൽ 5.30 വരെ മാത്രമാണ് ഇവിടെ പ്രവേശനം. ഇത് മറ്റ് പ്രധാന ലൈറ്റ് ഹൗസുകളിലേതുപോലെ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാക്കാൻ അനുമതി തേടി ലൈറ്റ് ഷിപ്പ്‌സ് ആന്റ് ലൈറ്റ് ഹൗസ് ഡയറക്ടർക്ക് കത്തയക്കും. ലൈറ്റ് ഹൗസ് ഓഫീസർ എം. ശ്രീജേഷ് കുമാർ ജില്ലാ കളക്ടറേയും ജനപ്രതിനിധികളെയും സ്വീകരിച്ചു.
ടൂറിസം സർക്യൂട്ടിന്റെ വിളംബരത്തോടനുബന്ധിച്ച് നെല്ലിക്കുന്ന് ബീച്ചിൽ സംഘടിപ്പിച്ച 'ബീച്ച് റണ്ണിൽ' നൂറുകണക്കിന് ആളുകൾ പങ്കെടുത്തിരുന്നു. കാസർകോട് എം.എൽ.എ കല്ലട്ര മാഹിൻ ആണ് ബീച്ച് റൺ ഫ്‌ളാഗ് ഓഫ് ചെയ്തത്. തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ മെഗാ ബീച്ച് ശുചീകരണവും നടന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നഗരവനം പദ്ധതിയും സന്ദർശിച്ചിരുന്നു. സാമൂഹിക വനവൽക്കര വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നഗരവനം ഉടൻ പ്രവർത്തനം ആരംഭിക്കും.
കാസർകോട് നഗരസഭ ചെയർപേഴ്‌സൺ ഷാഹിന സലിം, വൈസ് ചെയർപേഴ്‌സൺ കെ.എം ഹനീഫ,് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൻമാരായ ജാഫർ കമാൽ, ഹമീദ് ബദിര, സമീന മുജീബ്, വിദ്യാശ്രീ, മഹറൂനീസ ഹമീദ് എന്നിവരും കൗൺസിലർമാരായ ആർ.രഞ്ജിഷ, ആയിഷ, ആർ.രേഷ്മ, അബ്ദുൾ റഹ്‌മാൻ, സലിം എന്നിവരും ടൂറിസം ഡപ്യൂട്ടി ഡയറക്ടർ എ.നസീബ് , ഡി.ടി.പി.സി സെക്രട്ടറി ജെ.കെ ജിജേഷ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ, ഹാർബർ എഞ്ചിനിയറിംഗ് എക്‌സിക്യൂട്ടിവ് എൻജിനീയർ കെ.രൂപേഷ്, അസി.എക്‌സിക്യൂടിവ് എൻജിനിയർ ബാബുമോൻ, അസി. എഞ്ചിനീയർ എം.രാജീവൻ, സർവ്വേ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഫാൻ്റിൻ കർണോല്യസ്, കേരള മാരിടൈം ബോർഡ് പോർട്ട് കൺസർവേറ്റർ മുഹമ്മദ് റാഫി, കാസർകോട് തഹസിൽദാർ എൻ. ശ്രീകുമാർ, കാസർകോട് സ്‌പെഷ്യൽവില്ലേജ് ഓഫീസർ ഉമർ ഫാറൂഖ് എന്നിവരും ജില്ലാ കളക്ടറോടൊപ്പമുണ്ടായിരുന്നു.