ടൂറിസത്തിൽ എഐയേക്കാൾ മേൽക്കൈ മനുഷ്യന്: കെ.ടി.എം സെമിനാറിൽ ഐടി വിദഗ്ധർ

വിനോദസഞ്ചാര മേഖലയിൽ നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് - എ.ഐ) വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ടെങ്കിലും, സഞ്ചാരികളുടെ മനമറിഞ്ഞുള്ള യാത്രാനുഭവങ്ങൾ നൽകാൻ മനുഷ്യസാന്നിധ്യം കൂടിയേ തീരൂ എന്ന് കേരള ട്രാവൽ മാർട്ട് (കെ.ടി.എം 2026) സംഘടിപ്പിച്ച

 

കൊച്ചി: വിനോദസഞ്ചാര മേഖലയിൽ നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് - എ.ഐ) വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ടെങ്കിലും, സഞ്ചാരികളുടെ മനമറിഞ്ഞുള്ള യാത്രാനുഭവങ്ങൾ നൽകാൻ മനുഷ്യസാന്നിധ്യം കൂടിയേ തീരൂ എന്ന് കേരള ട്രാവൽ മാർട്ട് (കെ.ടി.എം 2026) സംഘടിപ്പിച്ച സെമിനാറിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു. വെല്ലിംഗ്ടൺ ഐലൻഡിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററുകളിൽ നടക്കുന്ന കെ.ടി.എമ്മിന്റെ ഭാഗമായി നടന്ന 'വിനോദസഞ്ചാര വ്യവസായത്തിൽ എ.ഐയുടെ പ്രയോഗവും സ്വാധീനവും' എന്ന വിഷയത്തിലുള്ള പാനൽ ചർച്ചയിലാണ് സാങ്കേതിക വിദഗ്ധർ ഈ നിരീക്ഷണം പങ്കുവെച്ചത്.

വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്താനും ടിക്കറ്റ് ബുക്കിങ്, നിരക്കുകളുടെ താരതമ്യം, യാത്രാപരിപാടി തയ്യാറാക്കൽ എന്നിവയ്ക്ക് എ.ഐ സഹായിക്കുമെങ്കിലും യാത്രകളെ ഹൃദ്യമാക്കുന്നത് മനുഷ്യ ഇടപെടലുകളാണെന്ന് ഡിജിറ്റൽ സർവകലാശാലാ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് വ്യക്തമാക്കി. എ.ഐ നൽകുന്ന വിവരങ്ങളിൽ കൃത്യതക്കുറവുണ്ടാകാൻ സാധ്യതയുള്ളതിനാൽ നിരക്കുകൾ, വിസ, മറ്റ് യാത്രാനിയമങ്ങൾ തുടങ്ങിയവ സ്വയം പരിശോധിച്ച് ഉറപ്പുവരുത്തണം. നാടിന്റെ തനത് അറിവുകളും, നേരിട്ട് മാത്രം മനസിലാക്കാൻ കഴിയുന്ന യാത്രാനുഭവങ്ങളും നൽകാൻ എഐ ഏജന്റുകൾക്കല്ല മറിച്ച് ടൂർ ഏജന്റുമാർക്കേ സാധിക്കൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത് ഡിജിറ്റൽ വ്യക്തിഗത ഡാറ്റാ സംരക്ഷണ നിയമം (ഡി.പി.ഡി.പി.എ) നടപ്പിലാകുന്ന പശ്ചാത്തലത്തിൽ, ഉപഭോക്താക്കളുടെ വിവരങ്ങൾ കൈകാര്യം ചെയ്യാൻ എ.ഐ ഉപയോഗിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ഡോ. സജി ഗോപിനാഥ് ഓർമ്മിപ്പിച്ചു. വ്യക്തിഗത വിവരങ്ങൾ പുറത്തുപോകാത്ത വിധത്തിൽ സുരക്ഷിതമാക്കിയില്ലെങ്കിൽ 30 കോടി മുതൽ 250 കോടി രൂപ വരെ പിഴ ഈടാക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. പ്രദേശത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും ആധികാരികമായ യാത്രാപരിപാടികളും ഒരുക്കുന്നതിലൂടെ ടൂർ ഓപ്പറേറ്റർമാർക്കും, സഞ്ചാരിയുടെ വിശ്വാസ്യത നേടിക്കൊണ്ട് ഹോട്ടലുകൾക്കും ഹോംസ്റ്റേകൾക്കും എ.ഐയെ മറികടക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.    

അരനൂറ്റാണ്ടിൽ കണ്ട മറ്റ് സാങ്കേതിക മുന്നേറ്റങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസെന്നും മനുഷ്യന്റെ ബുദ്ധിശക്തിയെത്തന്നെ അത് വെല്ലുവിളിക്കുന്നുണ്ടെന്നും ഐ.ബി.എസ് സോഫ്റ്റ് വെയർ വൈസ് പ്രസിഡന്റ് കനു അരവിന്ദ് ചൂണ്ടിക്കാട്ടി. ദിനംപ്രതി വികസിച്ചുകൊണ്ടിരിക്കുന്ന എ.ഐയുടെ സാധ്യതകൾ കൊണ്ട് ഭയപ്പെടേണ്ടതില്ല. എഐ സാങ്കേതിക ചെലവുകൾ ഗണ്യമായി കുറഞ്ഞുവരികയാണ്. ബിസിനസ്സ് മാറ്റങ്ങൾക്കൊപ്പം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ജീവനക്കാർക്ക് നൈപുണ്യ പരിശീലനം നൽകിയാൽ എ.ഐയെ മികച്ച അവസരമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

മോഡറേറ്റർ പാരഡൈസ് ഹോളിഡെയ്‌സ് ഡയറക്ടർ രതീഷ് ആർ. നാഥ്, മുൻ കെ.ടി.എം പ്രസിഡന്റും സെമിനാർ കമ്മിറ്റി ചെയർമാനുമായ റിയാസ് അഹമ്മദ് തുടങ്ങിയവരും സംസാരിച്ചു.