ഫ്രീവിസക്കാരെ പുറത്ത് വിട്ടാൽ തടവും ലക്ഷം റിയാൽ പിഴയും ; സ്പോൺസർമാർക്ക് മുന്നറിയിപ്പുമായി സൗദി അറേബ്യ
വിദേശ തൊഴിലാളികളെ മറ്റു ജോലികൾക്കായി അവരുടെ സ്വന്തം നിയന്ത്രണത്തിൽ പുറത്ത് വിടുന്ന സ്പോൺസർമാർക്ക് മുന്നറിയിപ്പുമായി സഊദി അറേബ്യ. ജോലികൾ കണ്ടെത്താനോ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യാനോ സ്വന്തം തൊഴിലാളികളെ അനുവദിക്കുന്ന തൊഴിലുടമകൾക്കെതിരെ കടുത്ത ശിക്ഷാ നടപടികളാണ് ഏർപ്പെടുത്തുകയെന്ന് സഊദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഇത്തരം നിയമലംഘനം നടത്തുന്നവർക്ക് ആറു മാസം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയും ലഭിക്കും.
കൂടാതെ, അഞ്ചു വർഷത്തേക്ക് പുതിയ റിക്രൂട്ട്മെന്റുകൾ നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ പ്രവാസികളും തൊഴിലുടമകളും കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. നിയമലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ '911' എന്ന നമ്പറിലും, രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിൽ '999' എന്ന നമ്പറിലും ബന്ധപ്പെട്ട് അധികൃതരെ അറിയിക്കേണ്ടതാണ്.