ഇടുക്കി വികസന പാക്കേജ്: പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം
ഇടുക്കി വികസന പാക്കേജ് പ്രകാരം നടപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഇടുക്കി പാക്കേജ് അവലോകന യോഗത്തിൽ തീരുമാനം.
ഇടുക്കി :ഇടുക്കി വികസന പാക്കേജ് പ്രകാരം നടപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഇടുക്കി പാക്കേജ് അവലോകന യോഗത്തിൽ തീരുമാനം. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡീൻ കുര്യാക്കോസ് എം.പി., ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്, എംഎൽഎമാരായ റോയ് കെ. പൗലോസ്, സിറിയക് തോമസ്, സേനാപതി വേണു, എഫ്. രാജ തുടങ്ങിയവർ പങ്കെടുത്തു. വികസന പദ്ധതികൾ തയാറാക്കുമ്പോൾ ജനപ്രതിനിധികളുമായി ചർച്ച നടത്തണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. ഇടുക്കി ജില്ലയുടെ സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിട്ടാണ് സർക്കാർ ഇടുക്കി വികസന പാക്കേജ് നടപ്പാക്കുന്നത്. ജില്ലയുടെ സവിശേഷ ഭൂപ്രകൃതിയും കാലാവസ്ഥയും പ്രയോജനപ്പെടുത്തി സുസ്ഥിര വികസനം ഉറപ്പാക്കുകയാണ് ലക്ഷ്യം. 2021 ലാണ് പാക്കേജ് സംബന്ധിച്ച നിർദേശങ്ങൾ രൂപീകരിച്ചത്. ഓരോ വർഷവും 75 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തുന്നത്. 2026-27 സാമ്പത്തിക വർഷം 80 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പദ്ധതികൾ തയാറാക്കുന്നതിലും നടപ്പാക്കുന്നതിലും ഉദ്യോഗസ്ഥർ കാര്യക്ഷമതയോടെ ഇടപെടണമെന്ന് യോഗം നിർദേശിച്ചു. ഇടുക്കി പാക്കേജ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്‌പെഷ്യൽ ഓഫീസറെ നിയമിക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. സ്‌പെഷ്യൽ ഓഫീസറായി പ്രവർത്തിക്കേണ്ട ജില്ലാ വികസന കമ്മീഷണർ നിലവിൽ ജില്ലയിൽ ഇല്ലാത്ത സാഹചര്യത്തിലാണിത്. വിവിധ നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ ഡ്രോയിംഗും ഡിസൈനും ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നത് സംബന്ധിച്ച് സർക്കാർ തലത്തിൽ അറിയിക്കും.
2022 മുതൽ 2026 വരെ ആകെ 65 പ്രവൃത്തികളാണ് ജില്ലാതല സമിതി ശുപാർശ ചെയ്തത്. ഇതിൽ 31 പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചത്. ആകെ 14,60,12,792 (14.60 കോടി) രൂപയാണ് ഇതുവരെ ചെലവഴിച്ചത്. 2022-23, 2023-24, 2024-25, 2025-26 വർഷങ്ങളിൽ ഭരണാനുമതി ലഭിച്ച വികസന പ്രവർത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി.
2022-23 വർഷത്തിൽ ആറ് പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചത്. രാജാക്കാട്, മൂന്നാർ, ബൈസൺവാലി, വെള്ളിയാമറ്റം എന്നിവിടങ്ങളിൽ നടപ്പാക്കുന്ന മാതൃകാ നീർത്തട വികസന പദ്ധതികളുടെ നിർമ്മാണം പൂർത്തിയായി. രണ്ട് കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. വണ്ടിപ്പെരിയാർ കനാൽ പുനരുദ്ധാരണവും വെള്ളപ്പൊക്ക നിയന്ത്രണ പ്രവൃത്തികളും നടപ്പാക്കുന്നതിന് പ്രദേശത്തെ താമസക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ യോഗത്തിൽ അറിയിച്ചു. ഇടുക്കി ഗവ. എൻജിനീയറിംഗ് കോളേജ് മൾട്ടിപ്പർപ്പസ് ജിം ആന്റ് അമിനിറ്റി സെന്റർ നിർമ്മാണവുമായി ബന്ധപ്പെട്ട് സംരക്ഷണ ഭിത്തിയുടെ നിർമ്മാണം പുരോഗിക്കുകയാണ്. ഏലപ്പാറയിലെ ചെമ്മണ്ണ് ഗവൺമെന്റ് ഹൈസ്‌കൂളിന്റെ പശ്ചാത്തല സൗകര്യ വികസനം, ഇടുക്കി ഡാം റിസർവോയറിൽ ടൂറിസ്റ്റ് ബോട്ടിംഗ് സൗകര്യം ഏർപ്പെടുത്തൽ എന്നീ പദ്ധതികൾ പൂർത്തിയാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ യോഗം നിർദേശിച്ചു. ഇടുക്കി ടൂറിസം മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനും ടൂറിസം ബ്രാൻഡിംഗുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരുടെ യോഗം ചേർന്ന് മാസ്റ്റർ പ്ലാനിന്റെ കരട് അവതരിപ്പിക്കാൻ നിർദേശം നൽകി.
2023-24 ൽ 9 പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചത്. വന്യജീവി സംഘർഷ മേഖലകളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതിപൂർത്തിയായി. പിന്നാക്ക/പ്ലാന്റേഷൻ മേഖലകളിൽ 10 മാതൃകാ അങ്കണവാടികൾ നിർമ്മിക്കുന്ന പദ്ധതിയൽ ഇടമലക്കുടിയിൽ അഞ്ച് അങ്കണവാടികളുടെ നിർമ്മാണത്തിന് കരാറായി. ഇവിടെ റോഡ് പണി നടക്കുന്ന സാഹചര്യത്തിൽ നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. സമഗ്ര ക്ഷീര വികസനം ലക്ഷ്യമിട്ട് ക്ഷീര സഹകരണ സംഘങ്ങൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്ന പദ്ധതിയിൽ 39 സംഘങ്ങളിൽ നിർമ്മാണം പൂർത്തിയായി. മറയൂർ ശർക്കര ക്ലസ്റ്റർ പദ്ധതിയിൽ പട്ടികവർഗ വികസന വകുപ്പുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. നരകക്കുഴി പാലം നിർമ്മാണം പൂർത്തിയായി. നൂലംപാറ പാലം നിർമ്മാണം അവസാനഘട്ടത്തിലാണ്. പുല്ലാട്ടുപടി പാലം നിർമ്മാണം പുനർ ടെൻഡർ ഘട്ടത്തിലാണ്. ഉടുമ്പൻചോല ഗവൺമെന്റ് ആയുർവേദ മെഡിക്കൽ കോളേജ് വികസനം, വന്യജീവി സംഘർഷ മേഖലകളിലെ സോളാർ ഫെൻസിംഗ്, കട്ടപ്പന ഗവൺമെന്റ് കോളേജിലെ ആധുനിക ലബോറട്ടറികളുടെ നിർമ്മാണം എന്നീ പദ്ധതികളും പുരോഗമിക്കുകയാണ്.
2024-25 വർഷം മൂന്ന് പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചത്. നെടുങ്കണ്ടം ഗവൺമെന്റ് പോളിടെക്‌നിക് കോളേജ് സ്റ്റാഫ് ക്വാർട്ടേഴ്‌സ് നിർമ്മാണം, വെസ്റ്റ് കോടിക്കുളം ഗവൺമെന്റ് എച്ച് എസ് എസ് കെട്ടിട നിർമ്മാണം, വഞ്ചിവയൽ-വള്ളക്കടവ് ഗവൺമെന്റ് ട്രൈബൽ ഹൈസ്‌കൂളിന് പുതിയ കെട്ടിടം നിർമ്മാണം എന്നീ പദ്ധതികളാണ് നടപ്പാക്കുന്നത്.
2025-26 വർഷം 13 പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചത്. ഇടുക്കി മെഡിക്കൽ കോളേജ് കാത്ത് ലാബ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കൽ ജോലികൾ പുരോഗമിക്കുകയാണ്. പതിനാറാംകണ്ടം പ്രകാശ് റോഡ് നിർമ്മാണം, പെരിയാറിന് കുറുകെ ചെക്ക് ഡാം കം ബ്രിഡ്ജ് നിർമ്മാണം, തങ്കമണി-ഇരുക്കുട്ടി - പാണ്ടിപ്പാറ റോഡ് നിർമ്മാണം എന്നീ പദ്ധതികൾ പുരോഗമിക്കുന്നു. ചെറുതോണി ടൗൺ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പുതിയ പദ്ധതി നിർദേശം സമർപ്പിക്കും. അടിമാലി താലൂക്ക് ആശുപത്രിയിൽ കാത്ത് ലാബ് മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അടിമാലി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നിർമ്മാണം, അണക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പുതിയ കെട്ടിട നിർമ്മാണം, കൊരങ്ങാട്ടി മന്നാംകണ്ടം ഗവൺമെന്റ് ഹൈസ്‌കൂളിന് പുതിയ കെട്ടിടം നിർമ്മാണം, പെരിങ്ങാശേരി ജിടിഎച്ച്എസ്എസിൽ പെൺകുട്ടികൾക്കായി പ്രീ മെട്രിക് ഹോസ്റ്റൽ കെട്ടിടം നിർമ്മാണം, അടിമാലി താലൂക്ക് ആശുപത്രിയിൽ ബഹുനില മന്ദിരം നിർമ്മാണം, ഇടുക്കി നഴ്‌സിംഗ് കോളേജ് പുതിയ ഹോസ്റ്റൽ ബ്ലോക്ക് നിർമ്മാണം എന്നീ പദ്ധതികളാണ് നടപ്പാക്കുന്നത്. ഏലം കൃഷിനാശത്തിന് ധനസഹായം നൽകുന്നതിനായുള്ള പാക്കേജ് വേഗത്തിൽ നടപ്പാക്കാനും നിർദേശം നൽകി.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സബ് കളക്ടർമാരായ വി.എം. ആര്യ, അനൂപ് ഗാർഗ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ജ്യോതിമോൾ, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.