ഗ്ലോബൽ ട്രാവൽ മാർക്കറ്റ്-2026 ജൂൺ 3 ന് മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും

ദക്ഷിണേന്ത്യയിലെ പ്രശസ്ത ട്രാവൽ-ട്രേഡ് എക്സ്പോയായ ഗ്ലോബൽ ട്രാവൽ മാർക്കറ്റിൻറെ (ജിടിഎം-2026) രണ്ടാം പതിപ്പ് ജൂൺ 3 ന് മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും

 

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ പ്രശസ്ത ട്രാവൽ-ട്രേഡ് എക്സ്പോയായ ഗ്ലോബൽ ട്രാവൽ മാർക്കറ്റിൻറെ (ജിടിഎം-2026) രണ്ടാം പതിപ്പ് ജൂൺ 3 ന് മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി ആയിരത്തിലധികം ടൂർ ഓപ്പറേറർമാർ ജിടിഎമ്മിൽ പങ്കെടുക്കും.

ജൂൺ 3 മുതൽ 5 വരെ തിരുവനന്തപുരത്തെ വിവിധ വേദികളിലായിട്ടാണ് പരിപാടി നടക്കുകയെന്ന് ജിടിഎം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേറ്റതിനു ശേഷം ടൂറിസം മേഖലയിലെ പ്രമുഖരും പങ്കാളികളും ഉദ്യോഗസ്ഥരും ഒത്തുചേരുന്ന ആദ്യത്തെ സമ്മേളനമാണിത്.

കോവളം ഉദയസമുദ്ര ഹോട്ടലിൽ വൈകിട്ട് 6 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ എം. വിൻസെൻറ് എംഎൽഎ അധ്യക്ഷത വഹിക്കും. ശ്രീലങ്കൻ ടൂറിസം സഹമന്ത്രി പ്രൊഫ. റുവാൻ രണസിംഗെ, ആന്ധ്രാപ്രദേശ് ടൂറിസം സാംസ്കാരിക മന്ത്രി കന്ദുല ദുർഗേഷ് എന്നിവരാണ് വിശിഷ്ടാതിഥികൾ. കേന്ദ്ര ടൂറിസം അഡീഷണൽ സെക്രട്ടറിയും ഡയറക്ടർ ജനറലുമായ സുമൻ ബില്ല മുഖ്യപ്രഭാഷണം നടത്തും.

സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്കെഎച്ച്എഫ്), ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ടിസിസിഐ), തവസ് വെഞ്ച്വേഴ്സ്, മെട്രോ മാർട്ട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കേരള ടൂറിസത്തിൻറെയും ഇന്ത്യ ടൂറിസത്തിൻറെയും സഹകരണത്തോടെയാണ് ജിടിഎം-2026 സംഘടിപ്പിക്കുന്നത്.

ഗ്ലോബൽ ട്രാവൽ മാർട്ട് എക്സ്പോ 2026 ജൂൺ നാലിന് രാവിലെ 10 ന് അമരവിള ഗോൾഡൻ പാലസ് ഇൻറർനാഷണൽ കൺവെൻഷൻ സെൻററിൽ ആരംഭിക്കും. ടൂറിസം സാംസ്കാരിക മന്ത്രി പിസി വിഷ്ണുനാഥ്, ആരോഗ്യ ദേവസ്വം മന്ത്രി കെ മുരളീധരൻ, ആന്ധ്രാപ്രദേശ് ടൂറിസം സാംസ്കാരിക മന്ത്രി കന്ദുല ദുർഗേഷ്, എംഎൽഎമാരായ എൻ ശക്തൻ, സികെ ഹരീന്ദ്രൻ, ആന്ധ്രാപ്രദേശ് സ്പെഷ്യൽ ചീഫ് സെക്രട്ടറി അജയ് ജെയ്ൻ, കേന്ദ്ര ടൂറിസം അഡീഷണൽ സെക്രട്ടറിയും ഡയറക്ടർ ജനറലുമായ സുമൻ ബില്ല, ഇന്ത്യ ടൂറിസം സൗത്ത് റീജണൽ ഡയറക്ടർ വെങ്കടേശൻ ദത്താത്രേയ, സംസ്ഥാന ടൂറിസം സെക്രട്ടറി ബിജു കെ, ടൂറിസം ഡയറക്ടർ അഞ്ജന എം എന്നിവർ എക്സ്പോ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥികളാകും.

ജിടിഎം മെട്രോ എക്സ്പെഡിഷൻ അവാർഡ് നൈറ്റ് വൈകുന്നേരം 6 ന് കോവളം ലീല ഹോട്ടലിൽ നടക്കും. കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; തമിഴ്നാട് ടൂറിസം മന്ത്രി തിരു എസ് രാജേഷ് കുമാർ, ആന്ധ്രാപ്രദേശ് ടൂറിസം സാംസ്കാരിക മന്ത്രി കന്ദുല ദുർഗേഷ് എന്നിവർ മുഖ്യാതിഥികളാകും. ശശി തരൂർ എംപി, വി മുരളീധരൻ എംഎൽഎ, മേയർ വിവി രാജേഷ് എന്നിവരും പങ്കെടുക്കും.

ജൂൺ 5 ന് വൈകുന്നേരം 6 ന് കോവളം വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ നടക്കുന്ന ജിടിഎം 2026 ൻറെ സമാപന സമ്മേളനം ഗതാഗത മന്ത്രി സിപി ജോൺ ഉദ്ഘാടനം ചെയ്യും.

1000-ത്തിലധികം വിദേശ-അഭ്യന്തര ബയേഴ്സും 300 ലധികം കോർപ്പറേറ്റ് ബയേഴ്സും 200 ലധികം സ്റ്റാളുകളും ജിടിഎമ്മിൽ ഉണ്ടായിരിക്കും. ഇന്ത്യയിലെയും വിദേശത്തെയും ട്രാവൽ-ടൂറിസം മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന ജിടിഎം എക്സിബിറ്റേഴ്സിനും ബയേഴ്സിനും പുതിയ ബിസിനസ് പങ്കാളിത്തം ഉറപ്പിക്കാൻ അവസരമൊരുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

ദക്ഷിണ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടി യോജിപ്പിച്ചുകൊണ്ടുള്ള വ്യത്യസ്ത ടൂറിസം സർക്യൂട്ടുകൾ ജിടിഎമ്മിൽ അവതരിപ്പിക്കും. ആയുർവേദ ചികിത്സ ടൂർ ഓപ്പറേറർമാർക്ക് പരിചയപ്പെടുത്താനുള്ള പദ്ധതി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എക്സിബിറ്റേഴ്സിന് വലിയ അവസരങ്ങളാണ് ജിടിഎം നൽകുന്നത്. ബിസിനസിൽ പുതിയ ഉൾക്കാഴ്ചകൾ ഉണ്ടാക്കുന്നതിനും വിശാലമായ നെറ്റ് വർക്കിംഗ് അവസരങ്ങൾ നേടുന്നതിനും വ്യവസായ പ്രമുഖരുമായും കോർപ്പറേറ്റുകളുമായുള്ള സഹകരണത്തിനും വഴിയൊരുക്കും.

ഹോട്ടലുകൾ, റിസോർട്ടുകൾ, ടൂറിസം സംഘടനകൾ, എയർലൈനുകൾ, ട്രാവൽ ഏജൻറുമാർ, ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ടെക് ഇന്നൊവേറ്റർമാർ തുടങ്ങിയവരുടെ സ്റ്റാളുകളും ട്രാവൽ-ടൂറിസം മേഖലയിലെ ആഭ്യന്തര, അന്തർദേശീയ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദർശനവും എക്സ്പോയിൽ ഉണ്ടായിരിക്കും.

ട്രാവൻകൂർ എക്സ്പീരിയൻസ് സോൺ ജിടിഎം-2026 ലെ പ്രധാന ആകർഷണമാണ്. ഹോട്ടലുകൾ, റെസ്റ്റോറൻറുകൾ, കഫേകൾ, കാറ്ററിംഗ് വ്യവസായം എന്നിവയ്ക്കായുള്ള ഉൽപ്പന്നങ്ങളും പരിഹാരങ്ങളും പ്രദർശിപ്പിക്കുന്നതിനായി ജിടിഎമ്മിൽ ഹൊറെക പവലിയൻ ഒരുക്കും. ബിസിനസ് നെറ്റ് വർക്കിംഗിനും സോഴ്സിംഗിനുമുള്ള കേന്ദ്രീകൃത പ്ലാറ്റ് ഫോമായി ഈ പവലിയൻ പ്രവർത്തിക്കും.

ജൂൺ 5 ന് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.gtmt.in, 9995139933, ഇമെയിൽ: info@gtmt.in.

എസ്കെഎച്ച്എഫ് പ്രസിഡൻറ് എം.ആർ നാരായണൻ, ടിസിസിഐ പ്രസിഡൻറ് എസ്.എൻ രഘുചന്ദ്രൻ നായർ, സികെടിഐ പ്രസിഡൻറ് ഇഎം നജീബ്, എസ്കെഎച്ച്എഫ് വൈസ് പ്രസിഡൻറ് ശിശുപാലൻ, എസ്കെഎച്ച്എഫ് രക്ഷാധികാരി പങ്കജ് സേനൻ, എസ്കെഎച്ച്എഫ് സെക്രട്ടറി പ്രസാദ് മഞ്ഞളി, ജിടിഎം സിഇഒ സിജി നായർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.