ഈ ബീച്ച് നിങ്ങൾ കണ്ടിട്ടുണ്ടോ ? കുടുംബസഞ്ചാരികളുടെ സ്വർഗ്ഗം!
വടക്കൻ കേരളം മനോഹരമായ ബീച്ചുകളുടെ നാടാണ്. അതിൽ പ്രത്യേക ശ്രദ്ധ നേടുന്ന ഒന്നാണ് കാസർഗോഡിലെ കൻവതീർഥ ബീച്ച്. കിലോമീറ്ററുകൾ നീളുന്ന ശുചിയായ കടപ്പുറം, സുരക്ഷിതമായി കടലിൽ കുളിക്കാനും നീന്താനും അനുയോജ്യമായ സൗകര്യങ്ങൾ എന്നിവ ഈ സ്ഥലത്തെ കുടുംബസഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമാക്കുന്നു. കേരള–കർണാടക അതിർത്തിക്ക് സമീപമുള്ളതിനാൽ, ഇവിടെ എത്തുന്നവരിൽ കൂടുതലും കർണാടക സ്വദേശികളാണ്.

കടലിന് നടുവിൽ വിശാലമായ തിരകളൊഴിഞ്ഞ ഒരു വലിയ കുളം പോലെയാണെന്നതാണ് കൻവതീർഥയുടെ പ്രധാന പ്രത്യേകത. ഈ മേഖലയിൽ കടലിലുള്ള പവിഴപ്പുറ്റുകളാണ് ഇങ്ങനെയൊരു ശാന്തമായ കടലിനെ സമ്മാനിച്ചിരിക്കുന്നത്. കടൽ ശാന്തമാണെന്നതുകൊണ്ടുതന്നെ വലിയ അപകട സാധ്യതകളൊന്നുമില്ലാതെ വിശാലമായി കുളിക്കാനും ഇവിടെ സാധിക്കും. ബീച്ചിന്റേയും കടലിന്റേയും മനോഹാരിതയും കാറ്റാടി കാടുകളുമെല്ലാം ചേർന്ന് ഇവിടുത്ത സായാഹ്നങ്ങളെ അതീവസുന്ദരമാക്കുന്നു.
മഞ്ചേശ്വരത്തു നിന്നും നാലു കിലോമീറ്ററിൽ താഴെ മാത്രം ദൂരമേയുള്ളൂ കൻവതീർഥ ബീച്ചിലേക്ക്. കേരളത്തിലെ അടുത്തുള്ള വിമാനത്താവളം കരിപ്പൂരാണ്. ഇവിടേക്ക് 234 കിലോമീറ്ററുണ്ട്. എന്നാൽ അയൽ സംസ്ഥാനമായ കർണാടകയിലെ മംഗളൂരു വിമാനത്താവളം 27 കിലോമീറ്റർ മാത്രം അകലെയാണ്. മുപ്പത് കിലോമീറ്റർ ദൂരത്തുള്ള കാസർകോട് റെയിൽവേസ്‌റ്റേഷനാണ് ഏറ്റവും അടുത്തുള്ളത്.
പൊതുവേ സമ ശീതോഷ്ണ കാലാവസ്ഥയാണെങ്കിലും മാർച്ച് മുതൽ മെയ് വരെയുള്ള വേനലിൽ ചൂട് 36 ഡിഗ്രി വരെയൊക്കെ എത്താറുണ്ട്. എങ്കിലും വേനലവധിക്കാലത്ത് വൈകുന്നേരങ്ങളിലാണ് കൻവതീർഥയിലേക്ക് തിരക്ക് കൂടാറ്. ജൂൺ മുതൽ സെപ്തംബർ വരെയുള്ള മൺസൂൺ കാലത്ത് വലിയ തോതിൽ മഴ ലഭിക്കാറുണ്ട്. ഡിസംബർ മുതൽ ഫെബ്രുവരി വരെ നീളുന്നതാണ് മഞ്ഞുകാലം. ഈ സമയത്ത് 20 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴാറുണ്ട്. ഈ ബീച്ച് സന്ദർശിക്കാൻ കാലാവസ്ഥയുടെ കാര്യത്തിൽ ഏറ്റവും അനുയോജ്യമായ മാസങ്ങൾ ഒക്ടോബർ മുതൽ മാർച്ച് വരെയാണ്.
വേനൽകാലത്താണ് കൻവതീർഥ ബീച്ചിലേക്ക് യാത്ര തിരിക്കുന്നതെങ്കിൽ ഒരു കാര്യം മനസിൽ വേണം. തെയ്യത്തിന്റെ നാടു കൂടിയാണ് കേരളത്തിന്റെ വടക്കേയറ്റത്തെ ഈ പ്രദേശങ്ങൾ. അതുകൊണ്ടുതന്നെ ഏതെങ്കിലും തെയ്യം പ്രദേശത്ത് നടക്കുന്നുണ്ടോ എന്ന് അന്വേഷിച്ചറിയാൻ ശ്രമിക്കുക. പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രമായ ബേക്കൽ കോട്ട ഇവിടെ നിന്നും 16 കിലോമീറ്റർ മാത്രം ദൂരെയാണ്. തെയ്യവും ബേക്കൽ കോട്ടയുമെല്ലാം കൻവതീർഥ ബീച്ചിലേക്കുള്ള യാത്രയിലെ അധിക സാധ്യതകളാണ്.