പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

 ലോകത്തെ ഏറ്റവും ജനപ്രിയ സന്ദേശവിനിമയ ആപ്പായ വാട്‌സ്ആപ്പിൽ ഉപയോക്താക്കളുടെ സുരക്ഷ മുൻനിർത്തി പുതിയ ഫീച്ചറുകൾ വരുന്നു. സൈബർ തട്ടിപ്പുകളും സ്പാം സന്ദേശങ്ങളും തടയുന്നതിനായി, അപരിചിത നമ്പറുകളിൽ നിന്നുള്ള സന്ദേശങ്ങളെക്കുറിച്ച് ഉപയോക്താക്കൾക്ക് മുൻകൂട്ടി ജാഗ്രതാ നിർദ്ദേശം നൽകുന്ന പ്രത്യേക സുരക്ഷാ സംവിധാനമാണ് വാട്‌സ്ആപ്പ് ഒരുക്കുന്നത്. പ്രമുഖ ഫീച്ചർ ട്രാക്കറായ ‘വാബീറ്റ ഇൻഫോ’ ആണ് ഈ വിവരം പുറത്തുവിട്ടത്.

നിലവിൽ ഫോണിൽ സേവ് ചെയ്യാത്ത നമ്പറുകളിൽ നിന്ന് മെസേജ് വരുമ്പോൾ സാധാരണ ചാറ്റ് വിൻഡോയാണ് തുറക്കാറുള്ളത്. എന്നാൽ പുതിയ അപ്‌ഡേറ്റ് പ്രകാരം സേവ് ചെയ്യാത്ത നമ്പറിൽ നിന്ന് സന്ദേശം ലഭിച്ചാൽ, ആ ചാറ്റ് ബോക്സ് തുറക്കുന്നതിന് മുൻപ് തന്നെ വാട്‌സ്ആപ്പ് ഒരു പ്രത്യേക മുന്നറിയിപ്പ് സ്ക്രീൻ കാണിക്കും. സന്ദേശം അയച്ച നമ്പർ ഏത് രാജ്യത്ത് രജിസ്റ്റർ ചെയ്തതാണെന്ന വിവരം, അയച്ചയാളുമായി നമ്മൾ ഏതെങ്കിലും കോമൺ ഗ്രൂപ്പുകളിൽ ഉണ്ടോ എന്ന വിവരം എന്നിവ ഇതിലൂടെ മുൻകൂട്ടി അറിയാം. തട്ടിപ്പുകാർ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, പാസ്‌വേഡുകൾ എന്നിവ കൈക്കലാക്കാനോ പണം അയയ്ക്കാൻ പ്രേരിപ്പിക്കാനോ ശ്രമിച്ചേക്കാം എന്ന സുരക്ഷാ മുന്നറിയിപ്പും ഇതോടൊപ്പം സ്ക്രീനിൽ തെളിയും. ഈ മുന്നറിയിപ്പ് പരിശോധിച്ച ശേഷം ഉപയോക്താവിന് ആ ചാറ്റ് തുടരണോ അതോ അവിടെവെച്ച് തന്നെ ബ്ലോക്ക് ചെയ്യണോ എന്ന് തീരുമാനിക്കാം. ഉപയോക്താവ് എടുക്കുന്ന തീരുമാനം സന്ദേശം അയച്ച വ്യക്തി അറിയുകയുമില്ല.

സമീപകാലത്തായി പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്തും, ക്രിപ്റ്റോ-ഓഹരി നിക്ഷേപങ്ങളുടെ പേരിലും ബാങ്കിംഗ് വ്യാജ സന്ദേശങ്ങൾ വഴിയും വാട്‌സ്ആപ്പിലൂടെ വൻതോതിൽ സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നുണ്ട്. അന്താരാഷ്ട്ര നമ്പറുകളിൽ നിന്നാണ് ഇത്തരം വ്യാജ സന്ദേശങ്ങൾ പലർക്കും വരുന്നത്. പുതിയ സുരക്ഷാ ഫീച്ചർ വരുന്നതോടെ ഇത്തരം കെണികളിൽ ഉപയോക്താക്കൾ ചെന്ന് വീഴുന്നത് ഒരു പരിധി വരെ തടയാനാകുമെന്നാണ് സാങ്കേതിക വിദഗ്ധരുടെ വിലയിരുത്തൽ. സുരക്ഷാ ഫീച്ചറിന് പുറമെ മറ്റ് ചില കിടിലൻ അപ്‌ഡേറ്റുകളും മെറ്റ വാട്‌സ്ആപ്പിൽ പരീക്ഷിക്കുന്നുണ്ട്. ഫോണിന്റെ ഹോം സ്ക്രീനിൽ നിന്ന് തന്നെ നേരിട്ട് വോയ്‌സ് നോട്ടുകൾ റെക്കോർഡ് ചെയ്ത് അയക്കാൻ സാധിക്കുന്ന വിഡ്ജറ്റ്. നിലവിൽ ചിത്രങ്ങൾക്കും വീഡിയോകൾക്കും മാത്രമുള്ള ‘വ്യൂ വൺസ്’ ഫീച്ചർ ഐഫോൺ ഉപയോക്താക്കൾക്കായി ടെക്സ്റ്റ് സന്ദേശങ്ങളിലും ഉടൻ ലഭ്യമാക്കും.