കോളുകൾ കൂടുതൽ വ്യക്തമാക്കാൻ നോയ്‌സ് ക്യാൻസലേഷൻ ; വാട്‌സ്ആപ്പിൽ പുത്തൻ ഫീച്ചർ വരുന്നു
വാട്‌സ്ആപ്പ് വഴി വോയ്‌സ്, വീഡിയോ കോളുകൾ ചെയ്യുന്നവർക്ക് ഏറെ ആശ്വാസം നൽകുന്ന പുതിയ അപ്‌ഡേറ്റുമായി മെറ്റ എത്തുന്നു. കോളുകൾക്കിടയിൽ ചുറ്റുമുള്ള അനാവശ്യ ശബ്ദങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന ‘നോയ്‌സ് ക്യാൻസലേഷൻ’ ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. നിലവിൽ ആൻഡ്രോയിഡ് ബീറ്റാ പതിപ്പിൽ പരീക്ഷിച്ചുവരുന്ന ഈ സംവിധാനം ഉടൻ തന്നെ എല്ലാ ഉപയോക്താക്കളിലേക്കും എത്തും. ഇതോടെ തിരക്കുള്ള സ്ഥലങ്ങളിൽ നിന്നോ യാത്രയ്ക്കിടയിലോ സംസാരിക്കുമ്പോൾ കേൾക്കുന്ന വാഹനങ്ങളുടെ ഒച്ചയും കാറ്റും മറ്റ് തടസ്സങ്ങളും ഒഴിവാക്കി വ്യക്തമായ സംഭാഷണം സാധ്യമാകും.
ആക്ടീവ് നോയ്‌സ് ക്യാൻസലേഷൻ ഹെഡ്‌സെറ്റുകൾ പ്രവർത്തിക്കുന്നതിന് സമാനമായ സാങ്കേതികവിദ്യയാണ് ഇതിനായി വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. ഒരു കോൾ ആരംഭിക്കുമ്പോൾ തന്നെ ഈ ഫീച്ചർ സ്വയം പ്രവർത്തിച്ചു തുടങ്ങുമെന്നതാണ് പ്രത്യേകത. എങ്കിലും ഉപയോക്താക്കൾക്ക് ആവശ്യമെങ്കിൽ കോളിംഗ് മെനുവിൽ പോയി ഇത് ഓഫ് ചെയ്യാനുള്ള സൗകര്യവും ലഭ്യമായിരിക്കും. സ്മാർട്ട്‌ഫോണുകൾക്ക് പുറമെ വാട്‌സ്ആപ്പ് വെബ് പതിപ്പിലും ഈ മാറ്റം കൊണ്ടുവരാൻ മെറ്റ ലക്ഷ്യമിടുന്നുണ്ട്.
സുരക്ഷയുടെ കാര്യത്തിലും ഈ ഫീച്ചർ വിട്ടുവീഴ്ച ചെയ്യുന്നില്ല. നോയ്‌സ് ഫിൽട്ടർ ചെയ്യുന്ന പ്രക്രിയ ഫോണിനുള്ളിൽ തന്നെ നടക്കുന്നതിനാൽ വാട്‌സ്ആപ്പിന്റെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സുരക്ഷയെ ഇത് ബാധിക്കില്ലെന്ന് കമ്പനി ഉറപ്പുനൽകുന്നു. ഐഫോണുകളിൽ നിലവിലുള്ള ‘വോയ്‌സ് ഐസൊലേഷൻ’ ഫീച്ചറിന് സമാനമായ ഈ സംവിധാനം വരുന്നതോടെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മികച്ച കോളിംഗ് അനുഭവം സ്വന്തമാക്കാം.