ഭൂകമ്പത്തിൽ തകർന്ന് വെനസ്വേലയ്ക്ക് അടിയന്തര സഹായവുമായി സ്റ്റാർലിങ്ക്
ഭൂകമ്പത്തെ തുടർന്ന് ഗുരുതര പ്രതിസന്ധി നേരിടുന്ന വെനസ്വേലയിലേക്ക് അടിയന്തര സഹായവുമായി സ്റ്റാർലിങ്ക് രംഗത്തെത്തി. എലോൺ മസ്‌കിന്റെ ഉപഗ്രഹ അധിഷ്ഠിത ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക്, ഇരട്ട ഭൂകമ്പത്തെ തുടർന്ന് ആശയവിനിമയ സംവിധാനം തകരാറിലായ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഒരു മാസത്തേക്ക് സൗജന്യ ഇന്റർനെറ്റ് സേവനം നൽകുമെന്ന് പ്രഖ്യാപിച്ചു.
ഭൂകമ്പത്തെ തുടർന്ന് ഗുരുതര പ്രതിസന്ധി നേരിടുന്ന വെനസ്വേലയിലേക്ക് അടിയന്തര സഹായവുമായി സ്റ്റാർലിങ്ക് രംഗത്തെത്തി. എലോൺ മസ്‌കിന്റെ ഉപഗ്രഹ അധിഷ്ഠിത ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക്, ഇരട്ട ഭൂകമ്പത്തെ തുടർന്ന് ആശയവിനിമയ സംവിധാനം തകരാറിലായ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഒരു മാസത്തേക്ക് സൗജന്യ ഇന്റർനെറ്റ് സേവനം നൽകുമെന്ന് പ്രഖ്യാപിച്ചു.
ദുരന്തബാധിത മേഖലകളിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി എത്രയും വേഗം പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ കൂടുതൽ സ്റ്റാർലിങ്ക് ടെർമിനലുകൾ വിന്യസിക്കുന്ന നടപടികൾ ആരംഭിച്ചതായും കമ്പനി അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കും ജനങ്ങളുടെ ആശയവിനിമയത്തിനും ഈ സേവനം വലിയ സഹായമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജൂലൈ 25 വരെയുള്ള കാലയളവിലാണ് സ്റ്റാർലിങ്ക് ഈ സൗജന്യ സേവനം വാഗ്ദാനം ചെയ്തിരിക്കുന്നത്. നിലവിലുള്ള സജീവ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് കമ്പനി ഇതിനോടകം തന്നെ ക്രെഡിറ്റുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. മുൻപ് സേവനം റദ്ദാക്കിയ ഉപഭോക്താക്കൾക്കും അക്കൗണ്ട് വീണ്ടും സജീവമാക്കാനും കണക്റ്റുചെയ്യാനും ഈ ആനുകൂല്യം ലഭ്യമാകും. ദുരന്തബാധിത പ്രദേശങ്ങളിലെ പുതിയ ഉപഭോക്താക്കൾ സ്റ്റാർലിങ്ക് വാങ്ങിയ ശേഷം കമ്പനിയുടെ സപ്പോർട്ട് ടീമുമായി ബന്ധപ്പെട്ടാൽ ജൂലൈ 25 വരെ സൗജന്യ സേവനം ആസ്വദിക്കാമെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് വെനിസ്വേലയുടെ കരീബിയൻ തീരത്തിന് സമീപം 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടായത്. തലസ്ഥാനമായ കാരക്കാസിന് സമീപമുള്ള പ്രദേശങ്ങളിൽ ഈ ഇരട്ട ഭൂകമ്പങ്ങൾ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് വരുത്തിവെച്ചത്. ദുരന്തത്തിൽ ഇതുവരെ കുറഞ്ഞത് 235 പേർ മരണപ്പെട്ടതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. തകർന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ രക്ഷാപ്രവർത്തകർ ഇപ്പോഴും ഊർജ്ജിതമായി തുടരുകയാണ്.
വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായതോടെ രാജ്യത്ത് വലിയൊരു മാനുഷിക പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. അടിയന്തര സഹായങ്ങളും രക്ഷാപ്രവർത്തകരെയും എത്തിക്കാനുള്ള പ്രധാന പ്രവേശന കവാടങ്ങളിലൊന്നായ ലാ ഗ്വൈറയിലെ അന്താരാഷ്ട്ര വിമാനത്താവളം തകർന്നതിനെ തുടർന്ന് അടച്ചുപൂട്ടേണ്ടി വന്നു. ഇത് ദുരിതാശ്വാസ പ്രവർത്തനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വെനിസ്വേലയ്ക്ക് പുറമെ അയൽരാജ്യങ്ങളായ കൊളംബിയയിലും ബ്രസീലിന്റെ ചില ഭാഗങ്ങളിലും ഈ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരം ഒരു പ്രതിസന്ധി ഘട്ടത്തിലാണ് സ്റ്റാർലിങ്കിന്റെ തടസ്സമില്ലാത്ത ഉപഗ്രഹ ആശയവിനിമയ സംവിധാനം രാജ്യത്തിന് വലിയ താങ്ങാവുന്നത്.