16-ൽ താഴെയുള്ളവർ ഇനി സോഷ്യല്‍ മീഡിയ ഉപയോഗിക്കേണ്ട; ഓസ്ട്രേലിയയിൽ പ്രത്യേക ബില്‍ പാസാക്കി 

പതിനാറില്‍ താഴെ പ്രായമുള്ളവര്‍ക്ക് സാമൂഹികമാധ്യമ ഉപയോഗം വിലക്കുന്ന നിര്‍ണായകബില്‍ വ്യാഴാഴ്ച ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ്  പാസാക്കി. ഭരണ-പ്രതിപക്ഷ പിന്തുണയോടെയാണ് ഇരുസഭകളിലും ബില്‍ പാസായത്.
 

മെല്‍ബണ്‍: പതിനാറില്‍ താഴെ പ്രായമുള്ളവര്‍ക്ക് സാമൂഹികമാധ്യമ ഉപയോഗം വിലക്കുന്ന നിര്‍ണായകബില്‍ വ്യാഴാഴ്ച ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ്  പാസാക്കി. ഭരണ-പ്രതിപക്ഷ പിന്തുണയോടെയാണ് ഇരുസഭകളിലും ബില്‍ പാസായത്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇതിനു മുന്‍കൈയെടുക്കുന്ന ആദ്യരാജ്യമാകും ഓസ്‌ട്രേലിയ.

കുട്ടികള്‍ സാമൂഹികമാധ്യമങ്ങളില്‍ അക്കൗണ്ട് തുടങ്ങാതിരിക്കാന്‍ കമ്പനികള്‍ നടപടിയെടുക്കണമെന്ന് ബില്‍ വ്യവസ്ഥചെയ്യുന്നു. ഇത് നടപ്പാക്കാന്‍ സാമൂഹികമാധ്യമ കമ്പനികള്‍ക്ക് ഒരുവര്‍ഷത്തോളം സമയമനുവദിക്കും. അതുകഴിഞ്ഞേ നിരോധനം പ്രാബല്യത്തില്‍വരൂ. കുട്ടികള്‍ അക്കൗണ്ട് തുറക്കുന്നത് തടയാത്ത കമ്പനികള്‍ അഞ്ചുകോടി ഓസ്‌ട്രേലിയന്‍ ഡോളര്‍ (274 കോടിരൂപ) പിഴയൊടുക്കേണ്ടിവരും. എന്നാല്‍, കൗമാരക്കാര്‍ വിരസതയകറ്റാനും പഠനപ്രവര്‍ത്തനങ്ങള്‍ക്കും ആശ്രയിക്കുന്ന യൂട്യൂബ്, വാട്‌സാപ്പ് പോലുള്ളവയ്ക്ക് നിയമത്തിന്റെ കാര്‍ക്കശ്യത്തില്‍നിന്ന് ഇളവുകിട്ടാന്‍ ഇടയുണ്ട്.

2021 മുതല്‍ ചൈന കുട്ടികളുടെ സാമൂഹികമാധ്യമ ഉപയോഗത്തിന് പരിധിവെച്ചിട്ടുണ്ട്. ദിവസം 40 മിനിറ്റില്‍ കൂടുതല്‍ ഇവയില്‍ ചെലവിടാന്‍ പതിനാലില്‍ താഴെ പ്രായമുള്ളവരെ അനുവദിക്കുന്നില്ല. കുട്ടികളുടെ ഓണ്‍ലൈന്‍ ഗെയിമിങ് സമയത്തിനും ചൈന പരിധിയേര്‍പ്പെടുത്തിയിട്ടുണ്ട്.