ഐഫോണുകളില്‍ 'സ്ലോ ചാർജർ' അലേർട്ട്; എങ്ങനെ പരിഹരിക്കാം

നിങ്ങളുടെ ഐഫോൺ പുതിയ iOS 26-ലേക്ക് അപ്‌ഡേറ്റ് ചെയ്‌ത ശേഷം ചാർജ് ചെയ്യുമ്പോൾ നിങ്ങളുടെ ലോക്ക് സ്‌ക്രീനിൽ ഒരു പുതിയ സന്ദേശം നിങ്ങൾ ശ്രദ്ധിച്ചിരിക്കാം
 

നിങ്ങളുടെ ഐഫോൺ പുതിയ iOS 26-ലേക്ക് അപ്‌ഡേറ്റ് ചെയ്‌ത ശേഷം ചാർജ് ചെയ്യുമ്പോൾ നിങ്ങളുടെ ലോക്ക് സ്‌ക്രീനിൽ ഒരു പുതിയ സന്ദേശം നിങ്ങൾ ശ്രദ്ധിച്ചിരിക്കാം. 80 ശതമാനം വരെ ചാർജ് ചെയ്യാൻ എത്ര സമയമെടുക്കുമെന്ന് ഫോൺ ഇപ്പോൾ നിങ്ങളോട് പറയും. പക്ഷേ നിങ്ങൾ ഒരു പഴയ ചാർജർ ഉപയോഗിക്കുകയാണെങ്കിൽ, ഐഫോൺ 'സ്ലോ ചാർജർ' എന്നൊരു മുന്നറിയിപ്പാണ് നൽകുന്നത്. ഈ അലേർട്ട് കാണുമ്പോൾ നിങ്ങളുടെ ഫോണോ ചാർജറോ കേടായതാണോ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എങ്കിൽ വിഷമിക്കേണ്ട, നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ ഇവിടെ ഉണ്ട്.
എന്താണ് 'സ്ലോ ചാർജർ' അലേർട്ട്?

ചാർജിംഗ് വേഗതയെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കുന്നതിനായി ആപ്പിൾ ഐഒഎസ് 26-ൽ പുതിയ ഫീച്ചർ ചേർത്തിരിക്കുന്നു. നിങ്ങൾ ഉപയോഗിക്കുന്ന പവർ ബ്രിക്ക് (അഡാപ്റ്റർ) അല്ലെങ്കിൽ കേബിള്‍ എത്രത്തോളം വേഗതയിലാണ് ഐഫോണ്‍ ചാര്‍ജ് ചെയ്യുന്നത് എന്ന് മനസിലാക്കാന്‍ ഇതുവഴി കഴിയും.

ഈ അലേർട്ട് കാണുന്നത് എന്തുകൊണ്ടാണ്?

ഈ ചാർജർ പഴയ ഐഫോൺ നന്നായി ചാർജ് ചെയ്‌തിരുന്നുവെന്നും ഇപ്പോൾ എന്താണ് സംഭവിച്ചതെന്നും പലരും ചിന്തിച്ചേക്കാം. നിങ്ങളുടെ പുതിയ ഐഫോണിന്‍റെ വലിയ ബാറ്ററി കാരണമാണ് ഇത് സംഭവിക്കുന്നത്. ഐഫോൺ 17 പോലുള്ള പുതിയ മോഡലുകൾക്ക് അഞ്ച് വർഷം മുമ്പുള്ള മോഡലുകളേക്കാൾ വളരെ വലിയ ബാറ്ററികൾ ആണുള്ളത്. നിങ്ങൾ ഫോൺ അടുത്തിടെ അപ്‌ഗ്രേഡ് ചെയ്‌തിട്ടുണ്ടെങ്കിലും ഇപ്പോഴും നിങ്ങളുടെ പഴയ യുഎസ്‍ബി-എ ചാർജർ (ചതുരാകൃതിയിലുള്ള പോർട്ട് ഉള്ളത്) തന്നെ ആയിരിക്കും ഉപയോഗിക്കുന്നുണ്ടാകുക. ആ ചാർജർ നിങ്ങളുടെ പുതിയ യുഎസ്‍ബി-സി ഐഫോണിന് 5 അല്ലെങ്കിൽ 7.5 വാട്ട് മാത്രമേ ചാർജ് ചെയ്യൂ. ഈ വേഗതയിൽ ഐഫോൺ 17 പൂർണ്ണമായി ചാർജ് ചെയ്യാൻ മൂന്ന് മണിക്കൂറോ അതിൽ കൂടുതലോ സമയം എടുത്തേക്കാം. അതുകൊണ്ടാണ് ചാർജർ 'സ്ലോ' ആണെന്ന് ഐഫോൺ നിങ്ങളോട് പറയുന്നത്. Qi വയർലെസ് ചാർജിംഗ് ഉപയോഗിക്കുമ്പോഴും ഈ 'സ്ലോ ചാർജർ' അലേർട്ട് ദൃശ്യമായേക്കാം, പ്രത്യേകിച്ചും നിങ്ങൾ 10 വാട്ടിൽ താഴെയുള്ള പഴയ ക്യുഐ ചാർജർ ഉപയോഗിക്കുകയാണെങ്കിൽ.

ഇത് ഫോണിന് അപകടകരമാണോ?

'സ്ലോ ചാർജർ' എന്ന അലേർട്ട് കാണുന്നതുകൊണ്ട് നിങ്ങളുടെ ഫോൺ അപകടത്തിലാണെന്ന് അർഥമില്ല. സ്ലോ ചാർജർ ഉപയോഗിക്കുന്നത് നിങ്ങളുടെ ഫോണിന് സുരക്ഷാ അപകടമോ കേടുപാടുകളോ ഉണ്ടാക്കുന്നില്ലെന്ന് ആപ്പിൾ വ്യക്തമാക്കുന്നു. നൈറ്റ് ചാർജ്ജിംഗിൽ ഇതൊരു പ്രശ്‍നമേയല്ല.
ഐഫോണുകളില്‍ 'സ്ലോ ചാർജർ' അലേർട്ട് എങ്ങനെ ഒഴിവാക്കാം?

പകൽ സമയത്ത് നിങ്ങളുടെ ഫോൺ ചാർജ് ചെയ്യേണ്ടി വരികയും വേഗത കൂടിയ ചാർജ് വേണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഒരാളാണെങ്കിൽ, ഈ 'സ്ലോ ചാർജർ' അലേർട്ട് ഒഴിവാക്കാനുള്ള വഴികൾ ഇതാ:

കേബിൾ ഉപയോഗിച്ച് വേഗത്തിൽ ചാർജ് ചെയ്യാൻ, 30 വാട്ട്‌സോ അതിൽ കൂടുതലോ റേറ്റുചെയ്‌ത ഒരു പുതിയ ചാർജിംഗ് ബ്രിക്കും ഒരു യുഎസ്‍ബി-സി കേബിളും വാങ്ങുക. ശരിയായ ആക്‌സസറികൾ ഉണ്ടെങ്കിൽ, ഐഫോൺ ഫാസ്റ്റ് ചാർജിംഗ് വേഗത 20-30 വാട്ട്‌സ് എന്ന സ്ഥിരമായ നിരക്കിൽ എത്തും. ഈ വേഗതയിൽ, അര മണിക്കൂറിനുള്ളിൽ പൂജ്യത്തിൽ നിന്ന് 50 ശതമാനം വരെ ചാർജ് ചെയ്യാൻ നിങ്ങൾക്ക് സാധിക്കും. ഏറ്റവും പുതിയ ഐഫോണുകൾക്ക്, വേഗതയിലും വൈദ്യുതി ഉപഭോഗത്തിലും കാര്യക്ഷമമായ പുതിയ പവർ അഡാപ്റ്റർ ആപ്പിൾ ശുപാർശ ചെയ്യുന്നു.

വേഗതയേറിയ വയർലെസ് ചാർജിംഗ് വേണമെങ്കിൽ, ഔദ്യോഗിക മാഗ്‍സേഫ് ആക്‌സസറികളോ Qi2-സർട്ടിഫൈഡ് ഡിവൈസുകളോ വാങ്ങുക. ഏറ്റവും പുതിയ ഐഫോണുകൾ 25 വാട്ട് വരെ വയർലെസ് ചാർജിംഗ് വേഗതയെ പിന്തുണയ്ക്കുന്നു. ഉദാഹരണത്തിന്, ബെൽക്കിന്‍റെ മാഗ്സേഫ് ചാർജറിന് നിങ്ങളുടെ ഐഫോൺ 25 വാട്ടിൽ ചാർജ് ചെയ്യാൻ കഴിയും. കൂടാതെ എയർപോഡുകൾക്കായി ഒരു സ്ലോട്ട് വാഗ്‌ദാനം ചെയ്യുന്നു. 15 വാട്ടിൽ ഐഫോൺ ചാർജ് ചെയ്യുന്ന ലളിതമായ വയർലെസ് ചാർജിംഗ് പാഡാണ് താങ്ങാനാവുന്ന മറ്റൊരു ഓപ്ഷൻ.